തിരുവനന്തപുരം:വിദേശ വനിതകളെ വിവാഹ വാഗ്ദാനം നല്‍കി കബളിപ്പിച്ച് പണവും ആഭരണങ്ങളും തട്ടിയ വിവേക് നാഥിനെതിരെ കൂടുകള്‍ വിദേശികള്‍ പരാതിയുമായി രംഗത്ത്.
പ്ലസ് ടൂ വരെ മാത്രമാണ് പഠിച്ചതെങ്കിലും സ്പാനിഷും ഡച്ചും റഷ്യനും ഇംഗ്ലീഷുമെല്ലാം അനായാസമായി കൈകാര്യം ചെയ്യുന്ന വ്യക്തിയാണ് വിവേകെന്നും കോവളം പൊലീസ് പറയുന്നു. ഈ കഴിവാണ് വിദേശ വനിതകളെ തന്റെ വരുതിയിലാക്കാന്‍ ഇയാള്‍ ഉപയോഗിച്ചത്.
കോവളം ആവാടുതുറ സൈലന്റ് വാലി എന്ന ഹോം സ്റ്റേ നടത്തുന്ന വിവേക് നിരവധി വിദേശ വനിതകളുമായി പ്രണയത്തിലായിരുന്നു. വിവേകുമായി പ്രണയത്തിലായ വിദേശി വനിതകളില്‍ ഡോക്ടറും കോളേജ് പ്രൊഫസറും വരെ ഉള്‍പ്പെട്ടതായി കോവളം പൊലീസ് പറയുന്നു.
കോവളം സന്ദര്‍ശിച്ച വിദേശികളുടെ ഫേസ്ബുക്ക് കൂട്ടായ്മയില്‍ അംഗങ്ങളായ പലരും തങ്ങളുടെ കാമുകനാണ് വിവേക് എന്ന രീതിയില്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തതോടെയാണ് വിദേശവനിതകള്‍ കാര്യത്തിന്റെ യാഥാര്‍ഥ്യം മനസ്സിലാക്കിയത്.ഹോം സ്റ്റേ നടത്തിയിരുന്ന വിവേക് ഒരു മികച്ച കുക്ക് ആയിരുന്നുവെന്നും വിദേശികള്‍ക്ക് ഫ്രഷ് മത്സ്യമുള്‍പ്പടെ സ്വാദിഷ്ടമായി പാചകം ചെയ്ത് നല്‍കിയാണ് വിവേക് ഇവരുമായി അടുക്കുന്നത എന്നും പൊലീസ് പറയുന്നു.
ആദ്യം പ്രണയാഭ്യര്‍ഥന നടത്തുകയും പിന്നീട് ഇവര്‍ വലയില്‍ വീണു എന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്യുന്നതെന്നും കോവളം പൊലീസ് പറയുന്നത്. 26കാരനായ വിലവേകിന്റെ വലയില്‍ വീണത് മുഴുവന്‍ 35ന് മുകളില്‍ പ്രായമുള്ള വനിതകളെയാണ്. റഷ്യന്‍ സ്വദേശിനിയായ ഡോക്ടര്‍ 48 കാരിയാണെന്നും പൊലീസ് പറയുന്നു.
അഞ്ചു വിദേശ വനിതകളില്‍നിന്നായി 14 ലക്ഷം രൂപയും 90,000 രൂപയുടെ ആഭരണങ്ങളും തട്ടിയെടുത്തെന്ന പരാതിയിലാണ് ഇയാളെ കവിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.തട്ടിപ്പിനിരയായ യുവതികള്‍ ചേര്‍ന്നു വാട്‌സ് ആപ്പ് ഗ്രൂപ്പ് ആരംഭിച്ചു ചര്‍ച്ച നടത്തിയശേഷം പരാതി കമ്മിഷണര്‍ക്ക് ഇ-മെയില്‍ ചെയ്യുകയായിരുന്നു.കോവളം സന്ദര്‍ശിച്ച വിദേശികളുടെ കൂട്ടായ്മയില്‍ വിവേകിന്റെ കാമുകി ആരെന്നതിനെ ചൊല്ലി തര്‍ക്കമുണ്ടായതിന് ശേഷമാണ് ഇവര്‍ വാട്‌സാപ് കൂട്ടായ്മ രൂപീകരിച്ചത്.
കോവളം ആവാടുതുറ ഭാഗത്തു ഹോം സ്റ്റേ നടത്തുകയായിരുന്ന ഇയാള്‍ ഇവിടെ താമസത്തിനെത്തുന്ന വിദേശ യുവതികളുമായി ചങ്ങാത്തത്തിലാവുകയും തുടര്‍ന്നു വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നു പറഞ്ഞു വിശ്വസിപ്പിച്ചുമാണു തട്ടിപ്പു നടത്തിവന്നതെന്നു പൊലീസ് പറഞ്ഞു. ഇത്തരത്തില്‍ ഹോളണ്ടുകാരായ രണ്ടു യുവതികളില്‍നിന്നു 11 ലക്ഷം രൂപയും 90,000/ രൂപയുടെ സ്വര്‍ണാഭരണങ്ങളും റഷ്യക്കാരായ മൂന്നുപേരില്‍ നിന്നു മൂന്നു ലക്ഷം രൂപയും ഇയാള്‍ തട്ടിയെടുത്തതായി കോവളം എസ്‌ഐ അജയകുമാര്‍ പറഞ്ഞു.
വിദേശ വനിതകളില്‍ നിന്നും തട്ടിയെടുത്ത പണം ഉപയോഗിച്ച് വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ കറങ്ങി നടക്കുന്നതായിരുന്നു വിവേകിന്റെ ഹോബി. ഊട്ടി, മൂന്നാര്‍, കൊടൈക്കനാല്‍, ഋഷികേശ്, ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കറങ്ങി നടക്കുകയായിരുന്നു. ഇപ്പോള്‍ പരാതിയുമായി വന്നിരിക്കുന്ന അഞ്ച് പേരെയും വിവിധ സ്ഥലങ്ങളില്‍ കൊണ്ട് പോയതായും ശാരീരികമായി ഉപയോഗിച്ചതായും വിവേക് മൊഴി നല്‍കിയതായും പൊലീസ് പറയുന്നു.
തങ്ങളില്‍ നിന്നും കാശ് തട്ടിപ്പറിച്ചതില്‍ പ്രശ്‌നമില്ലെന്നും എന്നാല്‍ ഒരേ സമയം നിരവധി സ്ത്രീകളെ പറ്റിച്ചതാണ് അമര്‍ഷമെന്നാണ് വനിതകള്‍ നല്‍കിയ മൊഴി.ഇനി ഒരു സ്ത്രീയേയും വിവേക് പറ്റിക്കരുതെന്നും അതുകൊണ്ട് മാത്രമാണ് പരാതി നല്‍കിയതെന്നും വനിതകള്‍ പറയുന്നു.പ്രതിയെ ഇന്നലെ നെയ്യാറ്റിന്‍കര സ്‌പെഷ്യല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു. ഐപിസി സെക്ഷന്‍ 420, 406, 417 എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.