തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖ പദ്ധതി കരാര്‍ ഒപ്പുവെക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ തലസ്ഥാനത്തെത്തിയ അദാനി ഗ്രൂപ്പ് തലവന്‍ ഗൗതം അദാനി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്ചുതാനന്ദന്‍, ബിജെപി നേതാക്കള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. വിഴിഞ്ഞം കന്റോണ്‍മെന്റ് ഹൗസിലെത്തിയാണ് അദാനി വിഎസിനെ കണ്ടത്. അദാനിക്കൊപ്പം ദല്ലാള്‍ നന്ദകുമാറും കൂടിക്കാഴ്ചയില്‍ പങ്കെടുക്കാനായി കന്റോണ്‍മെന്റ് ഹൗസിലെത്തിയിരുന്നു. അദാനി തന്റെ സുഹൃത്തായത് കൊണ്ടാണ് കൂടിക്കാഴ്ചയ്ക്ക് കൂടെ ഉണ്ടായിരുന്നതെന്ന് ദല്ലാള്‍ നന്ദകുമാര്‍ പറഞ്ഞു.
തുടര്‍ന്ന് മാധ്യമങ്ങളെ കണ്ട വിഎസ് വൈകിട്ട് നടക്കുന്ന ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിക്കുക തന്നെ ചെയ്യുമെന്നും, കരാറിലെ വ്യവസ്ഥകള്‍ സുതാര്യമല്ലെന്ന കാര്യം അദാനിയെ അറിയിച്ചെന്നും പറഞ്ഞു. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ അവസ്ഥയാകും വിഴിഞ്ഞത്തിനും ഉണ്ടാവുകയെന്നും പദ്ധതിയുടെ കരാര്‍ വ്യവസ്ഥകള്‍ അദാനിക്ക് വേണ്ടി മാറ്റിയെഴുതി ഗവണ്‍മെന്റ് വിഴിഞ്ഞം പദ്ധതി അദാനിക്ക് തീറെഴുതി കൊടുത്തിരിക്കുകയാണെന്നുമാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണങ്ങള്‍.
രാവിലെ പതിനൊന്നരയോടെ സെക്രട്ടറിയേറ്റില്‍ വച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയില്‍ വിഴിഞ്ഞം തുറമുഖ പദ്ധതി നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും, നവംബര്‍ ഒന്നിനു തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും അദാനി വ്യക്തമാക്കി. അതേസമയം ആശങ്കകള്‍ പരിഹരിക്കാന്‍ ബുധനാഴ്ച വീണ്ടും യോഗം വിളിക്കുമെന്നും വിഴിഞ്ഞം പദ്ധതിക്ക് പണമൊരു തടസമല്ലെന്നും മുഖ്യമന്ത്രിയും മാധ്യമങ്ങളോട് പറഞ്ഞു.
വൈകിട്ട് തിരുവനന്തപുരം ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വച്ചാണ് വിഴിഞ്ഞം തുറമുഖ പദ്ധതി നടത്തിപ്പ് കരാര്‍ സംസ്ഥാന സര്‍ക്കാര്‍ അദാനി ഗ്രൂപ്പുമായി ഒപ്പുവെക്കുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ പ്രധാന വികസനമെന്ന് അവകാശപ്പെടുന്ന പദ്ധതിയുടെ ആദ്യഘട്ടമാണ് ഇന്നത്തെ കണ്‍സഷന്‍ കരാര്‍ ഒപ്പുവെക്കല്‍. പദ്ധതിക്കായി അദാനി ഗ്രൂപ്പ് രൂപികരിച്ച പ്രത്യേക കമ്പനിയായ അദാനി വിഴിഞ്ഞം പോര്‍ട്‌സ് ലിമിറ്റഡ് എന്ന കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറും, അദാനി ഗ്രൂപ്പ് ഡയറക്റ്റര്‍മാരിലൊരാളുമായ സന്തോഷ് കുമാര്‍ മഹാപത്രയും, തുറമുഖ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസുമാണ് കരാറില്‍ ഒപ്പുവെക്കുക. 60 വര്‍ഷത്തേക്ക് തുറമുഖ നിര്‍മാണവും നടത്തിപ്പും അദാനി ഗ്രൂപ്പിന് കൈമാറുന്നതാണ് കരാറിലെ ഉടമ്പടി.