തിരുവനന്തപുരം: വിഴിഞ്ഞം കരാറിന്റെ പേരില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൂടുതല്‍ കുരക്കിലേയ്ക്ക്. കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് പ്രതിരോധത്തിലായ ഉമ്മന്‍ചാണ്ടിക്കെതിരെ കോണ്‍ഗ്രസിലെ തന്നെ മുതിര്‍ന്ന നേതാക്കള്‍ കൂടി രംഗത്തെത്തിയതോടെ ഉമ്മന്‍ ചാണ്ടി കൂടുതല്‍ കുരുക്കില്‍.
മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന് പിന്നാലെ കെപിസിസി വൈസ്പ്രസിഡന്റും ഐ ഗ്രൂപ്പുകാരനുമായ വി ഡി സതീശനും ഉമ്മന്‍ചാണ്ടിക്കെതിരെ രംഗത്തെത്തി.
നാടിന്റെ ശതകോടികളുടെ സമ്പത്ത് കൊള്ളയടിക്കാന്‍ അദാനി ഗ്രൂപ്പിന് കരാര്‍ അവസരമൊരുക്കിയെന്നാണ് സിഎജി റിപ്പോര്‍ട്ടിന്റെ കാതല്‍. കരാര്‍ കാലാവധി ക്രമംവിട്ട് പത്ത് വര്‍ഷം നീട്ടിനല്‍കിയതിലൂടെമാത്രം അദാനി ഗ്രൂപ്പിന് 29,000 കോടി രൂപയിലേറെയാണ് അധികവരുമാനമായി കിട്ടുന്നതെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഇതുള്‍പ്പെടെ കരാറിലെ ക്രമക്കേടുകള്‍ റിപ്പോര്‍ട്ടിലുടനീളം അക്കമിട്ട് നിരത്തുന്നുണ്ട്.
സിഎജി റിപ്പോര്‍ട്ട് അതീവ ഗൌരവതരമാണെന്നാണ് സുധീരന്‍ പ്രതികരിച്ചത്. സുധീരന്റെ അഭിപ്രായം വ്യക്തിപരമെന്നു പറഞ്ഞ് തള്ളിക്കളഞ്ഞ ഉമ്മന്‍ചാണ്ടി, നോട്ടപ്പിശകുകൊണ്ടാണ് റിപ്പോര്‍ട്ടില്‍ പ്രതികൂലപരാമര്‍ശങ്ങള്‍ ഉണ്ടായതെന്നും അവകാശപ്പെട്ടിരുന്നു. ഇതെല്ലാം അസ്ഥാനത്താക്കിയാണ് ഇപ്പോള്‍ വി ഡി സതീശന്റെ രംഗപ്രവേശം. റിപ്പോര്‍ട്ട് പരിശോധിക്കുന്ന നിയമസഭയുടെ പബ്‌ളിക് അക്കൌണ്ട്‌സ് കമ്മിറ്റി അധ്യക്ഷന്‍കൂടിയാണ് സതീശന്‍ എന്നത് വിമര്‍ശനത്തിന്റെ ഗൌരവം വര്‍ധിപ്പിക്കുന്നു.
സിഎജി റിപ്പോര്‍ട്ട് ഗൌരവമേറിയതാണെന്നും ഇത് ചര്‍ച്ച ചെയ്യാന്‍ കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം അടിയന്തരമായി വിളിക്കണമെന്നും ആവശ്യപ്പെട്ടാണ് സതീശന്‍ കെപിസിസി പ്രസിഡന്റ് എം എം ഹസ്സന് കത്ത് നല്‍കിയത്. എന്നാല്‍, കത്ത് നല്‍കി ചര്‍ച്ചചെയ്യേണ്ടത്ര ഗൌരവമുള്ള വിഷയമല്ല എന്നായിരുന്നു ഹസ്സന്റെ പ്രതികരണം. എല്ലാമാസവും ചേരുന്ന രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ സ്വാഭാവികമായും ഇത് ചര്‍ച്ചചെയ്യും. യോഗതീയതി ചൊവ്വാഴ്ച തീരുമാനിക്കുമെന്നും ഹസ്സന്‍ പറഞ്ഞു.
ഏതന്വേഷണവും നേരിടാമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞിട്ടുണ്ടെന്നും കരാറില്‍ ക്രമക്കേട് നടന്നിട്ടില്ലെന്നും സ്ഥാപിക്കാന്‍ ശ്രമിച്ച് ഹസ്സന്‍ ഉമ്മന്‍ചാണ്ടിക്ക് പൂര്‍ണപിന്തുണ നല്‍കുമ്പോള്‍ ഐ ഗ്രൂപ്പ് അതിനോട് യോജിക്കുന്നില്ല. നേരത്തെ സുധീരനെതിരെ യോജിച്ച് നിന്ന എ-ഐ ഗ്രൂപ്പുകള്‍ വീണ്ടും തമ്മിലടി തുടങ്ങുന്നതിന്റെകൂടി സൂചനയാണ് സതീശന്റെയും ഹസ്സന്റെയും പ്രതികരണം. സംഘടനാതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പാര്‍ടിയില്‍ ആധിപത്യം സ്ഥാപിക്കുന്നതിനുള്ള ആയുധമായും ഐ ഗ്രൂപ്പ് വിഴിഞ്ഞം കരാറിലെ ക്രമക്കേടുകളെ ഉപയോഗപ്പെടുത്തും.
അതേസമയം വിഴിഞ്ഞം കരാറിന്റെ മുഴുവന്‍ ഉത്തരവാദിത്തവും തനിക്കാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം കണ്ണൂരില്‍ പറഞ്ഞു.
നടപടിക്രമം പാലിച്ചാണ് കരാറുണ്ടാക്കിയത്. അഞ്ചാമത്തെ തവണയാണ് കരാര്‍ പരിഗണിച്ചത്. അന്നും പരിഗണിച്ചില്ലെങ്കില്‍ വിഴിഞ്ഞം നഷ്ടപ്പെടുമായിരുന്നു. അദാനിയുമായി ചര്‍ച്ചചെയ്താണ് കാര്യങ്ങള്‍ നടത്തിയതെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. അത് ശരിയല്ല. ടെന്‍ഡറായശേഷം നിബന്ധനകളില്‍ വ്യത്യാസം വരുത്തിയിട്ടില്ല. കേന്ദ്ര പ്‌ളാനിങ് കമീഷന്റെ നിബന്ധനകളാണ് വിഴിഞ്ഞം കരാറിന്റെ കാര്യത്തില്‍ പിന്തുടര്‍ന്നതെന്നും ഉമ്മന്‍ചാണ്ടി അവകാശപ്പെട്ടു.