കണ്ണൂര്‍: മദ്യശാലകള്‍ അനുവദിക്കാന്‍ പഞ്ചായത്തുകളുടെ അധികാരം എടുത്ത് കളഞ്ഞതിനെതിരെ മുന്‍ കെ.പി.സി.സി പ്രസിഡന്റ് വിഎം സുധീരന്‍. മദ്യശാലകള്‍ അനുവദിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളുടെ നോണ്‍ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കേറ്റ്(എന്‍.ഒ.സി) വേണ്ടെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വി.എം.സുധീരന്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവത്തിന് കത്ത് നല്‍കി.
തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി ആവശ്യമില്ലെന്ന ഓര്‍ഡിനന്‍സില്‍ ഒപ്പു വയ്ക്കരുതെന്ന് അദ്ദേഹം ഗവര്‍ണറോട് ആവശ്യപ്പെട്ടു. മദ്യശാലകള്‍ക്ക് അനുമതി നല്‍കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങളുടെ സമ്മതപത്രം (എന്‍.ഒ.സി) ആവശ്യമാണെന്ന വ്യവസ്ഥ എടുത്തു കളയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
എക്‌സൈസ് വകുപ്പിന്റെ ലൈസന്‍സിന്റെ മാത്രം അടിസ്ഥാനത്തില്‍ പുതിയ മദ്യശാലകള്‍ തുറക്കാനും നിലവിലുള്ളവ മാറ്റിസ്ഥാപിക്കാനുമായി പഞ്ചായത്തിരാജ് നഗരപാലിക ആക്ട് ഭേദഗതി ചെയ്തുകൊണ്ട് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.
സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തു വന്നിരുന്നു.