നിയമം കൈയ്യിലെടുക്കാനും, അക്രമം നടത്താനും പരസ്യമായി അണികള്‍ക്ക് അഹ്വാനം നല്‍കിയ സഖാവ് കോടിയേരി ബാലകൃഷ്ണനെതിരെ കേസ്സെടുക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.
കോടിയേരി ബാലകൃഷ്ണന്റെ മനപ്പൂര്‍വ്വമായ നിയമലംഘനം നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് സുധീരന്‍ മുഖ്യമന്ത്രിക്കു നല്‍കിയ കത്തില്‍ ചൂണ്ടിക്കാണിച്ചു.
പാര്‍ട്ടി കേന്ദ്രങ്ങളില്‍ അക്രമം നടത്താന്‍ വരുന്നവര്‍ വന്നതുപോലെ തിരിച്ചുപോകില്ല എന്നാണ് കോടിയേരി പറഞ്ഞത്. വയലിലെ പണിക്ക് വരമ്പത്തു കൂലി കിട്ടും. അതുകൊണ്ട് സി.പി.ഐ.എമ്മിനോട് കളിക്കേണ്ടെന്നും കോടിയേരി പറഞ്ഞിരുന്നു. അക്രമം കണ്ടു സ്തംഭിച്ചു നിന്നിട്ടു കാര്യമില്ല പ്രതിരോധിക്കണമെന്നും കോടിയേരി പറഞ്ഞിരുന്നു. ബി.ജെ.പി-ആര്‍.എസ്.എസ് അക്രമങ്ങള്‍ക്കെതിരെ പാര്‍ട്ടി അണികള്‍ ജാഗ്രത പാലിക്കണമെന്നു പറഞ്ഞുകൊണ്ടായിരുന്നു കോടിയേരിയുടെ ഈ ആഹ്വാനം.
പയ്യന്നൂരില്‍ നടന്ന പാര്‍ട്ടി പരിപാടിയിലായിരുന്നു നിയമവ്യവസ്ഥയെ പരസ്യമായി വെല്ലുവിളിച്ച് കോടിയേരിയുടെ പ്രസ്താവന. പയ്യന്നൂരിലെ പാര്‍ട്ടി ഗ്രാമത്തില്‍ അജ്ഞാതസംഘം സിപിഎമ്മുകാരനെ കൊലപ്പെടുത്തിയ സംഭവത്തിന്റെ പേരില്‍ ബിഎംഎസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തുകയും പ്രദേശത്തും തൊട്ടടുത്ത പഞ്ചായത്തുകളിലുമായി നിരവധി ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ വീടുകളും വാഹനങ്ങളും സ്ഥാപനങ്ങളും പൂര്‍ണമായി സിപിഎം അക്രമികള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.
ഈ സ്ഥലത്തുവെച്ചു തന്നെയാണ് വീണ്ടും അക്രമം നടത്താനുള്ള പാര്‍ട്ടി സെക്രട്ടറിയുടെ ആഹ്വാനമുണ്ടായത്.വീടുകള്‍ക്കും കടകള്‍ക്കും നേരെ അക്രമം പാടില്ലെന്ന് പറഞ്ഞ കോടിയേരി നയം പ്രഖ്യാപിച്ചു: ആക്രമിക്കാന്‍ ആരു വരുന്നുവോ അവരോടു കണക്കുതീര്‍ക്കണം. വന്നാല്‍ വന്നതുപോലെ തിരിച്ചുവിടില്ല എന്ന് പാര്‍ട്ടി ഗ്രാമങ്ങള്‍ തീരുമാനിക്കണം. അക്രമം കണ്ട് സ്തംഭിച്ചു നിന്നിട്ടു കാര്യമില്ല. പ്രതിരോധിക്കണം. വയലില്‍ പണിതന്നാല്‍ വരമ്പത്തു കൂലി കിട്ടും. അതുകൊണ്ട് സിപിഎമ്മിനോട് കളിക്കണ്ട, കോടിയേരി പറഞ്ഞു. പാര്‍ട്ടിയിലെ യുവജനങ്ങള്‍ക്ക് കായിക പരിശീലനം നല്‍കണമെന്നും കൂട്ടിച്ചേര്‍ത്തു.
പയ്യന്നൂരില്‍ സിപിഎമ്മുകാരന്‍ കൊല്ലപ്പെട്ട കേസില്‍ ആര്‍എസ്എസ്-ബിജെപി നേതാക്കളെ പെടുത്തണമെന്ന് പ്രസംഗത്തില്‍ കോടിയേരി പോലീസിനോട് നിര്‍ദ്ദേശിച്ചു. പോലീസ് ഉദ്യോഗസ്ഥര്‍ പാര്‍ട്ടി നിര്‍ദ്ദേശമനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന മുന്നറിയിപ്പും കോടിയേരി നല്‍കിയിരിക്കുന്നത്.സി.പി.ഐ.എം പ്രവര്‍ത്തകന്‍ സി.വി ധനരാജിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഗാന്ധി പാര്‍ക്കില്‍ സംഘടിപ്പിച്ച കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കോടിയേരി.