ബിജു രമേശിന്‍െറ മകളുടെ വിവാഹനിശ്ചയം: ഉമ്മന്‍ചാണ്ടിയും, ചെന്നിത്തലയും ചടങ്ങില്‍ പങ്കെടുത്തത് ശരിയായില്ലെന്ന് സുധീരന്‍

തിരുവനന്തപുരം : ബിജു രമേശിന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങിനെ ചൊല്ലി കോണ്‍ഗ്രസില്‍ വിവാദം കത്തുന്നു .ഇരുവര്‍ക്കുമെതിരെ തുറന്നടിച്ച് കൊണ്ട് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ രംഗത്തെത്തി. സര്‍ക്കാരിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉയര്‍ത്തിയ വ്യക്തിയാണ് ബിജുരമേശ്. ഇത്തരത്തിലൊരാളുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ നേതാക്കള്‍ ശ്രദ്ധിക്കണമായിരുന്നെന്ന് സുധീരന്‍ പറഞ്ഞു.

കെ.പി.സി.സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴാണ് സുധീരന്‍ നിലപാട് വ്യക്തമാക്കിയത്. ബിജു രമേശിന്‍െറ മകളും മുന്‍മന്ത്രി അടൂര്‍ പ്രകാശിന്‍െറ മകനും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞദിവസമാണ് നടന്നത്.വിവാഹവും വിവാഹനിശ്ചയവും സ്വകാര്യചടങ്ങുകളാണെങ്കിലും ചിലതിലെങ്കിലും ചിലരീതികള്‍ ഉണ്ടാകേണ്ടതുണ്ട്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിനെ ആക്ഷേപിക്കാന്‍ മുന്‍കൈയെടുത്ത ഒരാളുടെ ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തത് തെറ്റായസന്ദേശം നല്‍കുന്നതാണ്. അതിനാല്‍ പാര്‍ട്ടി നേതാക്കള്‍ ചടങ്ങ് ഒഴിവാക്കേണ്ടതായിരുന്നു -സുധീരന്‍ പറഞ്ഞു.വിവാഹ നിശ്ചയചടങ്ങില്‍ നേതാക്കള്‍ പങ്കെടുത്തത് തെറ്റു തന്നെയാണ്. വ്യക്തിപരമായ ചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ നേതാക്കള്‍ ഔചിത്യം കാണിക്കണമായിരുന്നുവെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ട് ദിവസം മുമ്പായിരുന്നു ബിജു രമേശിന്റെ മകള്‍ മേഘയും, മുന്‍ റവന്യൂമന്ത്രിയും കോന്നി എംഎല്‍എയുമായ അടൂര്‍ പ്രകാശിന്റെ മകനുമായ അജയ്കൃഷ്ണനും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. ഭരണ പ്രതിപക്ഷ ഭേദമന്യേ നിരവധി നേതാക്കള്‍ കഴക്കൂട്ടം അല്‍ സാജില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തിരുന്നു. യു.ഡി.എഫ് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ ബിജു രമേശിന്റെ മകളുടെ നിശ്ചയ ചടങ്ങില്‍ ഉമ്മന്‍ചാണ്ടിയും, രമേശ് ചെന്നിത്തലയും എത്തുമോ എന്നതാണ് ഏവരും ഉറ്റു നോക്കിയിരുന്നത്.

എന്നാല്‍ മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് അതിഥികളെല്ലാം പോയ ശേഷമാണ് ഉമ്മന്‍ചാണ്ടിയും, ചെന്നിത്തലയും ചടങ്ങിനെത്തിയത്. ആരും അറിയാതെ പോകുമായിരുന്ന ഈ സന്ദര്‍ശനം പക്ഷേ പുറത്തു വിട്ടത് ബിജു രമേശ് തന്നെയാണ്. ഫേസ്ബുക്കിലൂടെയാണ് ബിജു രമേശ് തന്റെ ക്ഷണം സ്വീകരിച്ച് ഉമ്മന്‍ചാണ്ടിയും, രമേശ് ചെന്നിത്തലയും ചടങ്ങില്‍ പങ്കെടുത്തുവെന്ന വാര്‍ത്ത പുറത്തുവിട്ടത്. ഇത് മനപൂര്‍വ്വമാണെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്.

വാര്‍ത്ത പുറത്തു വന്നതിനെ തുടര്‍ന്ന് കെ.എം മാണി ഉള്‍പ്പടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയരുന്നു. യു.ഡി.എഫിന്റെ തുടര്‍ഭരണമെന്ന സ്വപ്‌നം തകര്‍ത്ത ബിജു രമേശിന്റെ മകളുടെ നിശ്ചയ ചടങ്ങില്‍ പങ്കെടുത്തത് ഏതു ന്യായത്തിന്റെ പേരിലാണെങ്കിലും ശരിയായില്ലെന്ന നിലപാടിലാണ് കെ.എം മാണി. ക്ഷണമുണ്ടായിരുന്നിട്ടും ലീഗ് നേതാക്കളാരും ചടങ്ങില്‍ പങ്കെടുക്കാനെത്തിയില്ല.

കോണ്‍ഗ്രസിനെതിരെ ആരോപണ ശരങ്ങളുന്നയിച്ച ബാറുടമയുടെ മകളുടെ നിശ്ചയ ചടങ്ങില്‍ നേതാക്കള്‍ പങ്കെടുത്തതിനെതിരെ കോണ്‍ഗ്രസിനുള്ളിലും അന്നു തന്നെ മുറുമുറുപ്പ് ആരംഭിച്ചിരുന്നു. ഐ ഗ്രൂപ്പിലെ പ്രമുഖ എം.എല്‍.എയും അതൃപ്തി അറിയിച്ച് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് വി.എം സുധീരന്‍ തന്നെ രംഗത്തെത്തിയത്.

അതേ സമയം സുധീരന്റെ വിമര്‍ശനത്തോട് പ്രതികരിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തയ്യാറായില്ല. തന്റെ മുന്‍ മന്ത്രിസഭയിലെ അംഗം കൂടിയായ അടൂര്‍ പ്രകാശിന്റെ മകന്റെ വിവാഹ നിശ്ചയമായതിനാലാണ് താന്‍ ചടങ്ങില്‍ പങ്കെടുത്തതെന്നാണ് ഉമ്മന്‍ചാണ്ടി നല്‍കുന്ന ഔദ്യോഗിക വിശദീകരണം.

Top