പാലക്കാട്: ജനരക്ഷായാത്ര ശംഖുമുഖത്തു സമാപിക്കുമ്പോള്‍ സമാപന നഗരിക്കു വീരമൃത്യുവടഞ്ഞ ലഫ്. കേണല്‍ ഇ.കെ.നിരഞ്ജന്റെ പേരു നല്കുമെന്നു കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു. രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച് ജനഹൃദയങ്ങളില്‍ നിലനില്‍ക്കുന്ന നിരഞ്ജന്റെ ഓര്‍മ നിലനിര്‍ത്തുന്നതിനും, പുതിയ തലമുറയ്ക്കു പ്രചോദനമേകുന്നതിനുമായാണ് നിരഞ്ജന്‍ നഗര്‍ എന്നു നാമകരണം ചെയ്യുന്നതെന്നും സുധീരന്‍ പറഞ്ഞു.അക്രമത്തിന്റെ കാര്യത്തില്‍ സിപിഎമ്മും ബിജെപിയും ഒരേ മുന്നണിപ്പോരാളികളാണെന്നും വി.എം.സുധീരന്‍ ആരോപിച്ചു . ജനരക്ഷായാത്രയ്ക്കു പാലക്കാട് സ്റ്റേഡിയം സ്റ്റാന്‍ഡില്‍ നല്കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രണ്ടു കൂട്ടരുടെയും രാഷ്ട്രീയ തത്വങ്ങള്‍ ഒന്നുതന്നെയാണ്. സിപിഎം രാഷ്ട്രീയ എതിരാളികള്‍ക്കെതിരേയും ബിജെപി വര്‍ഗീയപരമായും അക്രമങ്ങള്‍ അഴിച്ചുവിടുന്നു. വര്‍ഗീയ ഫാസിസത്തിന്റെ പിടിയില്‍നിന്നും ജനങ്ങളെ മോചിപ്പിക്കുകയെന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യം. ജനാധിപത്യപരമായി അല്ലാതെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇവിടെ ഇടമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാനുള്ള ദൗത്യമാണ് ജനരക്ഷായാത്ര മുന്നോട്ടുവയ്ക്കുന്നതെന്നും രാജ്യത്ത് അസഹിഷ്ണുത നിലനില്‍ക്കുകയാണെന്നും സുധീരന്‍ പറഞ്ഞു.
എന്തെഴുതണം, എന്തു തീരുമാനങ്ങളെടുക്കണം എന്നു തീരുമാനിക്കുന്നത് ഇപ്പോള്‍ ആര്‍എസ്എസ് ആണ്. ഇതു രാജ്യത്തിനുതന്നെ അപമാനമാണ്. വര്‍ഗീയശക്തികളുടെ ഇടപെടലില്‍നിന്നും രാജ്യത്തെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിനു മാത്രമേ കഴിയുകയുള്ളുവെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു. ജനരക്ഷായാത്രയ്ക്ക് ജില്ലാ അതിര്‍ത്തിയായ കരിങ്കല്ലത്താണിയിലായിരുന്നു ആദ്യ സ്വീകരണം. വാദ്യമേളങ്ങളുടെയും വര്‍ണക്കുടകളുടെയും അകമ്പടിയോടെ ഏറനാട്ടില്‍നിന്നും നെല്ലറയുടെ നാട്ടിലേക്കു ചുവടുവെച്ച യാത്ര പുതിയൊരു ആവേശമാണ് മുന്നോട്ടുവയ്ക്കുന്നത്.
മലപ്പുറം ഡിസിസി പ്രസിഡന്റ് ഇ.മുഹമ്മദ്കുഞ്ഞ് കരിങ്കല്ലത്താണിയില്‍ ജാഥയെ പാലക്കാട് ജില്ലയ്ക്കു കൈമാറി. ഡിസിസി പ്രസിഡന്റ് സി.വി.ബാലചന്ദ്രന്‍, കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി.അനില്‍കുമാര്‍, എംഎല്‍എമാരായ സി.പി.മുഹമ്മദ്, ഷാഫി പറമ്പില്‍, എന്‍.ഷംസുദ്ദീന്‍, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എ.രാമസ്വാമി, കെപിസിസി സെക്രട്ടറിമാരായ വി.കെ. ശ്രീകണ്ഠന്‍, സി.ചന്ദ്രന്‍, ഡിസിസി ഭാരവാഹികള്‍ തുടങ്ങിയവര്‍ യാത്രയെ ജില്ലയിലേക്ക് ആനയിച്ചു.
ജൈവപച്ചക്കറി കൊണ്ടുള്ള മാല കഴുത്തിലണിയിച്ചാണ് സുധീരനെ നെല്ലറയുടെ നാട്ടിലേക്ക് ആനയിച്ചത്. തുടര്‍ന്ന് പത്താന്‍കോട്ടുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ലഫ്. കേണല്‍ ഇ.കെ. നിരഞ്ജന്റെ വീട്ടിലെത്തി സുധീരന്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. നിരഞ്ജന്റെ മാതാപിതാക്കളേയും ഭാര്യയേയും മകളേയും അദ്ദേഹം സമാശ്വസിപ്പിച്ചു.