തിരുവനന്തപുരം:അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നില്‍ നിന്നു നയിക്കുന്നതും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ്സ് ഉയര്‍ത്തിക്കാട്ടുന്നതും വി.എം സുധീരന്‍ ? അഭ്യുഹങ്ങള്‍ പരക്കുമ്പോള്‍ ആ സാധ്യതകള്‍ തള്ളിക്കളയാതെ കോണ്‍ഗ്രെസ്സ് ഹൈകാമാന്റും കഴിഞ്ഞ 2 ദിവസമായി നടന്ന കെ.പി.സി.യോഗത്തില്‍ പ്രധാന ഗ്രൂപ്പ് നേതാക്കളായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയെയും വിറപ്പിച്ച് വീണ്ടും വി.എം സുധീരന്‍ രംഗത്തു വന്നിരുന്നു. പാര്‍ട്ടി പുനസംഘടന പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞുമതിയെന്ന ഇരുവരുടെയും ആവശ്യം സുധീരന്‍ തള്ളി.ഗ്രൂപ്പുമാനേജര്‍മാരുടെ കളികള്‍ക്കൊത്ത് സംഘടനയെ വിട്ടു നല്‍കാനാവില്ലെന്നു വ്യക്തമാക്കിയ സുധീരന്‍ പുനസംഘടന നിശ്ചയിച്ച പ്രകാരം നടത്തണമെന്ന നിര്‍ദ്ദേശമാണ് നല്‍കിയത്. ഗ്രൂപ്പു നേതാക്കള്‍ക്ക് ഇത് അതൃപ്തിക്ക് ഇടയാക്കുന്നുണ്ടെങ്കിലും സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവേശത്തോടെയാണ് സുധീരന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നത്.
അരുവിക്കരയില്‍ ഗ്രൂപ്പ് മാനേജര്‍മാരുടെ തീരുമാനം തള്ളി ശബരീനാഥിനെ സ്ഥാനാര്‍ത്ഥിയാക്കിയത് താനാണെന്നും സുധീരന്‍ യോഗത്തില്‍ തുറന്നടിച്ചത് ചെന്നിത്തല അടക്കമുള്ളവരെ ചൊടിപ്പിച്ചിരുന്നു. സര്‍ക്കാര്‍ ഭരണത്തിലും ശക്തമായാണ് കെ.പി.സി.സി നേതൃത്വം ഇടപെടുന്നത്.
തലസ്ഥാനത്തില്ലാതെ ചുറ്റിക്കറങ്ങുന്ന മന്ത്രിമാര്‍ക്കു തടയിടാന്‍ ആഴ്ചയില്‍ നാലു ദിവസം കോണ്‍ഗ്രസ് മന്ത്രിമാര്‍ തിരുവനന്തപുരത്തുണ്ടാകണമെന്ന കെ.പി.സി.സി നിര്‍ദ്ദേശത്തിന് വലിയ പ്രതികരണമാണ് ലഭിച്ചത്. കെ.പി.സി.സി നിര്‍ദ്ദേശം അവഗണിക്കുന്ന മന്ത്രിമാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു.
അരുവിക്കര ഉപതെരഞ്ഞെടുപ്പ് വിജയത്തോടെ കേരളത്തില്‍ യു.ഡി.എഫിന് ഭരണത്തുടര്‍ച്ചക്കുള്ള സാധ്യത തെളിഞ്ഞതിനാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ പൂര്‍ണ്ണ പിന്തുണ സുധീരനുണ്ട്. സുധീരനെ കെ.പി.സി.സി പ്രസിഡന്റാക്കരുതെന്ന് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഒന്നിച്ച് ആവശ്യപ്പെട്ടിട്ടും അതു തള്ളിയാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി സുധീരനെ പ്രസിഡന്റാക്കിയത്.
അതേയമം ഭരണതുടര്‍ച്ച ഉറപ്പു വരുത്താന്‍ ഹൈക്കമാന്റ് പിന്തുണയോടെ സുധീരന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന ഭീതിയിലാണ് സംസ്ഥാന ഗ്രൂപ്പ് നേതൃത്വം. ഇത്തരമൊരു സാഹചര്യം വന്നാല്‍ എ,ഐ ഗ്രൂപ്പുകളില്‍ നിന്ന് നേതാക്കളുടേയും പ്രവര്‍ത്തകരുടേയും ഒഴുക്ക് സുധീരപക്ഷത്തേക്ക് ഉണ്ടാകുമെന്ന ആശങ്കയും ഗ്രൂപ്പ് ‘മാനേജര്‍മാര്‍ക്കുണ്ട്’ .