തിരുവനന്തപുരം :ഹാരിസൺ പ്ലാന്റേഷനും അവരിൽ നിന്നും അനധികൃതമായി ഭൂമി നേടിയെടുത്തവർക്കും നിയമപരമായി അവരുടെ കൈവശമുള്ള ഭൂമിയിൽ യാതൊരു അവകാശവുമില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ രാജമാണിക്യം ഐ.എ.എസ്. കൃത്യമായ ഉത്തരവിലൂടെ ഏറ്റെടുത്ത സർക്കാർ ഭൂമി ഹാരിസൺ പ്ലാന്റേഷന്റേതാണെന്ന നിലയിൽ പുതിയ വിമാനത്താവളത്തിനായി ഏറ്റെടുക്കാനുള്ള മന്ത്രിസഭാ തീരുമാനം ദുരൂഹമാണ്.
ഹാരിസണ് ഒരു തരത്തിലും അവകാശമില്ലാത്ത സർക്കാർ ഭൂമി അവരുടേതാണെന്ന രീതിയിൽ സർക്കാർ വിശേഷിപ്പിച്ചത് വളരെ വിചിത്രമായിരിക്കുന്നു.
ഈ മന്ത്രിസഭാ തീരുമാനത്തോടെ പ്രസ്തുത ഭൂമിയുമായി ബന്ധപ്പെട്ട് സർക്കാരിന് അനുകൂലമായി നേരത്തെയുണ്ടായ ഹൈക്കോടതി വിധിയും മറ്റു കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് സർക്കാർ തന്നെ ഹൈക്കോടതിയിൽ ഫയൽ ചെയ്ത നിലവിലുള്ള കേസുകളും അഫിഡവിറ്റുകളും അട്ടിമറിക്കപ്പെടും.
ഹാരിസൺ, ടാറ്റ തുടങ്ങിയ വൻകിട കയ്യേറ്റക്കാർ നിയമവിരുദ്ധമായും അനധികൃതമായും കൈവശം വച്ചിട്ടുള്ള 5.5 ലക്ഷത്തോളം ഏക്കർ വരുന്ന സർക്കാർ ഭൂമി അവരുടെ അവകാശവാദം അംഗീകരിച്ച് അവർക്ക് തന്നെ ക്രമപ്പെടുത്തിക്കൊടുക്കാനുള്ള ഉന്നതതല ഗൂഢാലോചനയുടെ ഭാഗമാണ് പുതിയ വിമാനത്താവളത്തിന്റെ മറയിലുള്ള ഈ മന്ത്രിസഭാ തീരുമാനം.
രാജമാണിക്യം റിപ്പോർട്ട് തള്ളണമെന്ന നിയമവകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ ഉന്നം ഈ തീരുമാനത്തോടെ കൂടുതൽ വ്യക്തമായിരിക്കുകയാണ്.ഒരു കാലത്ത് പാവങ്ങൾക്കും ഭൂരഹിതർക്കും മണ്ണിന്റെ മക്കൾക്കും ഭൂമി കൊടുക്കാനാണ് തങ്ങൾ നിലക്കൊള്ളുന്നതെന്ന് അവകാശപ്പെട്ടിരുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇപ്പോൾ ഹാരിസൺ, ടാറ്റ തുടങ്ങിയ വൻകിടക്കാരുടെ താൽപര്യ സംരക്ഷണമാണ് ലക്ഷ്യമിടുന്നത്. പുതിയ വിമാനത്താവളം കേവലമൊരു മറ മാത്രമാണ്