തിരുവനന്തപുരം. കേരള പോലീസിലെ ഏറ്റവും സുപ്രധാനമായ ഓഫിസ് വിഭാഗമാണ് ടി ബ്രാഞ്ച് പോലീസിലെ രഹസ്യ രേഖകള്‍ കൈകാര്യം ചെയ്യുന്ന മേഖല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ടി ബ്രാഞ്ചും അവിടത്തെ സൂപ്രണ്ട് വി എന്‍ ബീനാ കുമാരിയും വാര്‍ത്തകളിലും വിവാദങ്ങലിലും നിറഞ്ഞു നില്‍ക്കുന്നു. സെന്‍കുമാറിന്റെ തിരിച്ചുവരവോടെയാണ് ബിനാ കുമാരി വാര്‍ത്തയിലിടം പിടിച്ചത്. പുതിയ ഡിജിപിയായി ചുമതലയേറ്റയുടന്‍ ബിനാകുമാരിയെയാണ് സെന്‍കുമാര്‍ ആദ്യം തെറിപ്പിച്ചത്…എന്തായിരുന്നു അതിന് കാരണം….ആരാണ് ബീനാകുമാരി….
ഹെഡ്ക്വാര്‍ട്ടേഴ്സിലെത്തുന്ന രഹസ്യങ്ങളുടെ കാവല്‍ക്കാരി അഥവാ ടി ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ടന്റ്. മിക്കാവാറും രാവിലെ ഏഴിനോ എട്ടിനോ ഓഫീസലെത്തും രാത്രി എഴു മണി കഴിഞ്ഞാലും ചിലപ്പോള്‍ ഓഫീസില്‍ നിന്നിറങ്ങില്ല……കാര്‍ക്കശ്യക്കാരിയാണെങ്കിലും ജീവനക്കാരോടെല്ലാം സൗഹൃദം. എന്നാല്‍ സൗഹൃദം ഉപയോഗിച്ച് ടി ബ്രാഞ്ചിലെ രഹസ്യങ്ങള്‍ എന്തെങ്കിലും കൈക്കലാക്കാമെന്ന് നിങ്ങള്‍ വിചാരിച്ചാല്‍ തെറ്റി…ഒദ്യോഗിക കാര്യങ്ങള്‍ പറയേണ്ടത് പറയേണ്ടിടത്തേ പറയൂ. ലോക്നാഥ് ബെഹ്റ ഡി ജി പി യായപ്പോള്‍ തിരുവനന്തപുരം റൂറല്‍ പൊലീസ് സുപ്രണ്ടന്റ് ആഫീസില്‍ നിന്നും അദ്ദേഹത്തിന്റെ കൂടി പ്രത്യേക താല്പര്യത്തിലാണ് കുമാരി ബീന പൊലീസ് ആസ്ഥാനത്തെ രഹസ്യവിഭാഗത്തില്‍ എത്തുന്നത്.
പ്രത്യേകിച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും മമതയില്ലാത്ത കുമാരി ബീന വെങ്ങാനൂര്‍ പനങ്ങോട് സ്വദേശിയാണ് അച്ഛന്റെ മരണത്തെ തുടര്‍ന്ന് ആശ്രിത നിയമന ഒഴിവിലാണ് പൊലീസ് സേനയില്‍ എത്തുന്നത്. ആംഡ് പൊലീസ് ആസ്ഥാനത്തും റൂറല്‍ പൊലീസിലും ജോലി നോക്കയിട്ടുള്ള ഇവര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മാതൃക തന്നെയാണന്ന് സഹപ്രവര്‍ത്തകരും പറയുന്നു. പൊലീസ് ആസ്ഥനത്ത് മാത്രമല്ല ജോലി ചെയ്ത ഓഫീസുകളിലെല്ലാം അധിക സമയം ജോലി ചെയ്തും കൃത്യനിഷ്ഠ പാലിച്ചും ശ്രദ്ധിച്ചിട്ടുള്ള കുമാരി ബീന സഹപ്രവര്‍ത്തകനെ തന്നെയാണ് തുണയായി സ്വീകരിച്ചത്. ഭര്‍ത്താവ് സുനില്‍ പിന്നീട് പഞ്ചായത്ത് സെക്രട്ടറിയായി നിയമനം കിട്ടി പോയി.
നേരത്തെ പൊലീസ് ആസ്ഥാനത്ത് ടി ബ്രാഞ്ചില്‍ ജോലി നോക്കിയപ്പോള്‍ കിട്ടിയ പേരും ഉന്നത ഉദ്യോഗസ്ഥരുടെ പ്രസംശയും കുമാരി ബീനയുടെ പൊലീസ് ആസ്ഥാനത്തേക്കുള്ള വരവ് എളുപ്പമാക്കുകയായരുന്നു.
ഡിജിപി സെന്‍കുമാറിനെതിരെ സര്‍ക്കാര്‍ ഉപയോഗിച്ച പല ഫയലുകളും പൊലീസ് ആസ്ഥാനത്തെ ടി ബ്രാഞ്ചില്‍ ഉണ്ട്. വിവരാവകാശ നിയമത്തിന് പുറത്തുള്ള ഈ വകുപ്പിലേക്ക് സെന്‍കുമാറിന്റെ താല്‍പര്യക്കാരോ നേരത്തെ നല്‍കിയ വിവരാവകാശ അപേക്ഷ നിരസിച്ചതാണ് അദ്ദേഹത്തിന് കുമാരി ബീനയോടുള്ള നീരസത്തിന് കാരണമെന്നറിയുന്നു. കൂടാതെ മുന്‍ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ വിശ്വസ്ത ആയിരുന്നതും ഇവരോടുള്ള വൈരം കൂട്ടി. ഇതു തന്നെയാണ് കുമാരി ബീനയെ സ്ഥലം മാറ്റി കൊണ്ട് ഉത്തരവിറക്കാന്‍ ഡിജി പി സെന്‍കുമാറിനെ പ്രേരിപ്പിച്ചതെന്നാണ് ഡിജിപി ഓഫീസിലെ ബഹുഭൂരിഭാഗവും പറയുന്നത്.
തുടര്‍ന്ന് എന്‍ ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ട് സിഎസ് സജീവ് ചന്ദ്രനെ സെന്‍കുമാര് നിയമിച്ചെങ്കിലും അദ്ദേഹം സ്ഥാനമേറ്റെടുക്കാന്‍ തയ്യാറായില്ല. കുമാരി ബീനക്ക് ഉദ്യോഗസ്ഥര്‍ക്ക് ഇടയിലുള്ള സ്വീകര്യതയും മതിപ്പും ഒന്നു കൊണ്ടു മാത്രമാണ് ഈ ഉദ്യോസ്ഥന്‍ പിന്‍വാങ്ങിയത് പിന്നീട് കൃത്യ വിലോപത്തിന്റെ പേരില്‍ പൊലീസ് ആസ്ഥനത്ത് നിന്നു തന്നെ മാറ്റപ്പെട്ട പേരൂര്‍ക്കട എസ്എപിയിലെ ജൂനിയര് സൂപ്രണ്ട് സുരേഷ് കൃഷ്ണയെ ടി ബ്രാഞ്ചില്‍ നിയമിച്ചു മുഖം രക്ഷീക്കാന്‍ സെന്‍കുമാര്‍ ശ്രമിച്ചുവെങ്കിലും പ്രശ്നത്തില്‍ മുഖ്യമന്ത്രി ഇടപെട്ടതോടെ കുമാരി ബീനയ്ക്ക് തന്റെ സീറ്റില്‍ നിന്നു മാറേണ്ടി വന്നില്ല. ഈ ഇടപെടലിന് കാരണം ബീനയ്ക്ക് പൊലീസ് ആസ്ഥാനത്തുള്ള സ്വാധീനം തിരിച്ചറിഞ്ഞായിരുന്നു.
ഇതിനിടയില്‍ തന്റെ സ്ഥലം മാറ്റത്തിന് പിന്നില്‍ ഗൂഢാലോചന ആരോപിച്ച് ബീന ആഭ്യന്തര സെക്രട്ടറിക്ക് പരാതി നല്‍കുകയും ചെയ്തു. ഇത് വലിയ വിവാദമാകുകയും പൊലീസ് ആസ്ഥനാത്ത് ഭിന്നത രൂക്ഷമെന്ന രീതിയില്‍ മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിനിടെയാണ് സെന്‍കുമാറിന്റെ ഉത്തരവ് മുഖ്യമന്ത്രി റദ്ദാക്കിയത്.