തിരുവനന്തപുരം: ജില്ലയില്‍ പിന്നോക്കം നില്‍ക്കുന്ന അയ്യായിരത്തോളം പെണ്‍കുട്ടികള്‍ക്ക് വോഡഫോണിന്റെ കൈത്താങ്ങ്. കമ്പനിയുടെ ജീവകാരുണ്യ വിഭാഗമായ വോഡഫോണ്‍ ഫൗണ്ടേഷനും സന്നദ്ധസംഘടനയായ മാജിക് ബസ് ഇന്ത്യ ഫൗണ്ടേഷനും ചേര്‍ന്നാണ് സ്ത്രീശാക്തീകരണത്തിന് ഊന്നല്‍ നല്‍കുന്ന ‘കുട്ടിക്കാലത്തില്‍നിന്ന് ജീവിതത്തിലേയ്ക്ക്’ പദ്ധതി ആവിഷ്‌കരിച്ചു നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായുള്ള പ്രത്യേക പ്രചാരണ പരിപാടിയായ ‘പെണ്‍കുട്ടികള്‍ക്ക് ആരോഗ്യകരവും കര്‍മോത്സുകവുമായ ജീവിതം’ ക്യാംപയിന് കോവളത്ത് തുടക്കമായി. ശശി തരൂര്‍ എംപി ക്യാംപയിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
തിരുവനന്തപുരം ജില്ലയിലെ ഗ്രാമീണ, ആദിവാസി, തീരദേശ മേഖലകളിലുള്ള 5000 പെണ്‍കുട്ടികളെയാണ് പദ്ധതിയിലേയ്ക്ക് തെരഞ്ഞെടുത്തിരിക്കന്നത്. ആരോഗ്യം, വിദ്യാഭ്യാസം, പോഷകാഹാരം, വൃത്തി തുടങ്ങിയവയില്‍ അവബോധം സൃഷ്ടിക്കുന്നതാണ് പദ്ധതി. ഇതിനായി പ്രാദേശികമായി സന്നദ്ധപ്രവര്‍ത്തകരെ പരിശീലിപ്പിച്ചെടുത്തിട്ടുണ്ട്. സാമൂഹിക മാറ്റങ്ങള്‍ക്ക് മൊബൈല്‍ സാങ്കേതികതയുടെ സേവനം ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായി പദ്ധതി നിരീക്ഷിക്കാനും ചിട്ടപ്പെടുത്താനും പുതിയ സംവിധാനവും ആവിഷ്‌കരിച്ചിട്ടുണ്ട്.
കളിക്കാനും കായിക വിനോദങ്ങളില്‍ ഏര്‍പ്പെടാനുമുള്ള അവസരം കുട്ടികളുടെ മൗലികാവകാശങ്ങളില്‍പ്പെട്ടതാണെന്ന് വോഡഫോണ്‍ കേരള ബിസിനസ് മേധാവി അഭിജിത്ത് കിഷോര്‍ ചൂണ്ടിക്കാട്ടി. കായിക പരിശീലനം കുട്ടികളുടെ ശാരീരികവും മാനസികവും വൈകാരികവുമായ വളര്‍ച്ചയെ സഹായിക്കുന്നതോടൊപ്പം അവരില്‍ നല്ല കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്തുകയും സൂക്ഷ്മത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. വ്യക്തിവികാസത്തിലൂന്നിയ സാമൂഹിക പുരോഗതിക്ക് സര്‍ക്കാരുമായും സന്നദ്ധസംഘടനകളുമായും ചേര്‍ന്ന് വോഡഫോണ്‍ അതിന്റെ വിഭവങ്ങള്‍ ഉപയോഗപ്പെടുത്തിവരുകയാണ്. പുതിയ ക്യാംപയന്‍ തിരുവനന്തപുരത്തെ ചെറുപ്പക്കാരികള്‍ക്കിടയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അഭിജിത്ത് കിഷോര്‍ പറഞ്ഞു.
ആരോഗ്യത്തോടെയും ആത്മവിശ്വാസത്തോടെയും പെണ്‍കുട്ടികളെ വളര്‍ത്തിയെടുക്കാനുള്ള അവസരമാണ് വോഡഫോണ്‍ ഫൗണ്ടേഷന്‍ തങ്ങള്‍ക്ക് നല്‍കുന്നതെന്ന് മാജിക് ബസ് ഇന്ത്യ ഫൗണ്ടേഷന്‍ സിഇഒ പ്രതിക് കുമാര്‍ പറഞ്ഞു. വോഡഫോണ്‍ ഇക്കാര്യത്തില്‍ നല്‍കുന്ന പിന്തുണ ഏറെ സന്തോഷകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.