കോഴിക്കോട്: ദേശീയ സീനിയര്‍ വോളി ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രമാവര്‍ത്തിച്ചു കേരളാ ടീമുകള്‍. പുരുഷവിഭാഗത്തില്‍ നിലവിലുള്ള ചാമ്പ്യന്‍മാരായ കേരളം കിരീടം നിലനിർത്തിയപ്പോൾ വനിതകൾക്ക് സ്വന്തംമണ്ണിലും ചരിത്രം തിരുത്താനായില്ല. കലാശപ്പോരാട്ടത്തിൽ റെയിൽവേസ് തീര്‍ത്ത ഉരുക്കുപാളത്തിൽത്തട്ടി പത്താം തവണയും അവർക്ക് കിരീടം നഷ്ടമായി.
ഒന്നിനെതിരേ മൂന്നു സെറ്റുകള്‍ക്കു റെയില്‍വേസിനെ അടിയറവു പറയിച്ചാണ് പുരുഷവിഭാഗം കിരീടത്തിൽ കേരളം മുത്തമിട്ടത്. സ്‌കോര്‍: 26-24, 23-25, 19-25, 21-25. 2016-ല്‍ ചെന്നൈയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിന്‍റെ കലാശപ്പോരാട്ടത്തിലും റെയില്‍വേസിനെ പരാജയപ്പെടുത്തിയാണ് കേരളം ചാമ്പ്യന്മാരായത്.
അതേസമയം, വനിതാ വിഭാഗത്തില്‍ തുടര്‍ച്ചയായ പത്താം തവണയും കേരളം ഫൈനലിൽ തോൽവി സമ്മതിച്ചു. ആദ്യസെറ്റ് നഷ്ടമായെങ്കിലും രണ്ടും മൂന്നും സെറ്റ് വിജയിച്ചു കയറിയ വനിതകള്‍ക്ക് പിന്നീടുള്ള രണ്ടു സെറ്റുകളിലും റെയിൽവേക്കു മുന്നിൽ കാലിടറി. സ്‌കോര്‍: 25-21, 28-26, 25-21, 25-18, 15-12. 2007-ല്‍ ജയ്പൂരിലെ ചാമ്പ്യന്‍ഷിപ്പിലായിരുന്നു പെണ്‍പടയുടെ അവസാന ചാമ്പ്യന്‍ഷിപ്പ് നേട്ടം. തിരുവനന്തപുരത്ത് 1973ല്‍ നടന്ന ദേശീയ സീനിയര്‍ വോളിയിലെ കിരീടം മാത്രമാണ് നാട്ടിലെ ചാമ്പ്യന്‍ഷിപ്പുകളിലെ നേട്ടം.
പതിനേഴ് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം കോഴിക്കോടിന്‍റെ മണ്ണില്‍ വിരുന്നെത്തിയ ദേശീയ വോളി ചാമ്പ്യന്‍ഷിപ്പില്‍ ഒരിക്കല്‍പോലും തോല്‍വി അറിയാതെയാണു പുരുഷ ടീം ഫൈനലില്‍ എത്തിയത്. വോളി ചരിത്രത്തിലാദ്യമായി മലയാളിയല്ലാത്ത ഒരാള്‍ നയിച്ച് കിരീടം ചൂടിയതും ഇത്തവണത്തെ ദേശീയ വോളി മത്സരത്തിന്‍റെ സവിശേഷതയാണ്. തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശിയായ ജെറോം വിനീതായിരുന്നു കേരളത്തിന്‍റെ ക്യാപ്റ്റന്‍. ഇതിനു മുമ്പ് കോഴിക്കോട്ട് അരങ്ങേറിയ 2001-ലെ ചാമ്പ്യന്‍ഷിപ്പില്‍ ബിജോ തോമസിന്‍റെ നേതൃത്വത്തില്‍ ഇറങ്ങിയ കേരള പുരുഷ ടീമിനായിരുന്നു കിരീടം. 1997, 2012, 2013, 2016 എന്നീ വര്‍ഷങ്ങളില്‍ ദേശീയ ചാമ്പ്യന്‍ഷിപ്പിൽ പുരുഷടീം കിരീടം അണിഞ്ഞിട്ടുണ്ട്.