കോട്ടയം: അയ്മനം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്‌സും എൻജിഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റുമായ വി പി രജനി ഇന്ന് സർവീസിൽ നിന്നും വിരമിക്കും. 1993-ൽ വയനാട് ജില്ലയിൽ മുള്ളങ്കൊല്ലി പിഎച്ച്‌സിയിൽ ജോലിയിൽ പ്രവേശിച്ച വി പി രജനി ഇടുക്കിയിലും ജോലി ചെയ്തിരുന്നു.
2002-ലെ 32 ദിവസത്തെ ഐതിഹാസിക പണിമുടക്കിലും പങ്കാളിത്ത പെൻഷൻ നടപ്പാക്കുന്നതിനെതിരെ 2013-ലെ 7 ദിവസ പണിമുടക്കിലും നേതൃപരമായ പങ്ക് വഹിച്ചിരുന്നു. ജോലിത്തിരക്കിനിടയിലും ജില്ലയിലൊട്ടാകെ വനിതാ ജീവനക്കാരെ സംഘടിപ്പിക്കുന്നതിലും രജനി ശ്രദ്ധ പുലർത്തിയിരുന്നു.
പ്രളയസമയത്തും കോവിഡ് മഹാമാരിയുടെ കാലത്തും, മാദ്ധ്യമശ്രദ്ധയും ബഹുജനാംഗീകാരവും നേടുന്ന പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കാൻ രജനിക്കു സാധിച്ചു.
പരിവർത്തിത ക്രൈസ്തവ-ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ ചെയർമാൻ പി ജെ വർഗീസ് ആണ് ഭർത്താവ്. ചിന്തു വർഗീസ്, അനന്തു വർഗീസ്, ആര്യ അന്ന വർഗീസ് എന്നിവർ മക്കൾ.