തിരുവനന്തപുരം : സോളാര്‍ കേസുമായി ബന്ധപ്പെട്ട് പണം തട്ടിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട ഉമ്മന്‍ചാണ്ടി രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ച് ജനങ്ങളോട് മാപ്പ് പറയണമെന്ന് വിഎസ് അച്യുതാനന്ദന്‍ എംഎല്‍എ ആവശ്യപ്പെട്ടു.
ബംഗളൂരു സെഷന്‍സ് കോടതിയുടെ ഈ ശിക്ഷാവിധി സോളാര്‍ കേസില്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി നടത്തിയ തട്ടിപ്പുകളെപ്പറ്റി എല്‍ഡിഎഫ് ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് തെളിയിക്കുന്നതാണ്. ഇനിയും പല കേസുകളിലും വിധി വരാനിരിക്കുന്നതേയുള്ളു. സോളാര്‍ അന്വേഷണ കമ്മീഷനു മുമ്പാകെ ഉമ്മന്‍ചാണ്ടി നല്‍കിയ മൊഴി മുഴുവന്‍ കള്ളമാണെന്ന എല്‍ഡിഎഫ് ആക്ഷേപവും ഈ കോടതിവിധി ശരിവെച്ചിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ഇനിയും തട്ടാമുട്ടിയും തൊടുന്യായങ്ങളും പറഞ്ഞ് പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നത് ശുദ്ധ അസംബന്ധമാണ്.
സോളാര്‍ തട്ടിപ്പിന്റെ ഓരോ ഘട്ടത്തിലും താനും എല്‍ഡിഎഫും ഉമ്മന്‍ചാണ്ടിക്കെതിരെ ആരോപണങ്ങളും തെളിവുകളും കൊണ്ടുവന്നപ്പോള്‍ അതിനെയൊന്നും അംഗീകരിക്കാതെ തന്റെ മനഃസാക്ഷിയാണ് അത്യുന്നത കോടതി എന്നുപറഞ്ഞാണ് ഉമ്മന്‍ചാണ്ടി രക്ഷപ്പെട്ടുകൊണ്ടിരുന്നത്.
ഇപ്പോഴും ആ മനഃസാക്ഷിയെ പിടിച്ച് തടിതപ്പാനാണോ ഉമ്മന്‍ചാണ്ടിയുടെ ഭാവം എന്നറിയാന്‍ കേരളീയര്‍ക്ക് താല്‍പ്പര്യമുണ്ട്. ഉമ്മന്‍ചാണ്ടിക്കെതിരായ കോടതിവിധി സംബന്ധിച്ച് നിലപാട് വ്യക്തമാക്കാന്‍ കെപിസിസി പ്രസിഡണ്ട് വിഎം സുധീരനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും തയ്യാറാവണമെന്നും വി.എസ് ആവശ്യപ്പെട്ടു.