
തിരുവനന്തപുരം: ഭരണ പരിഷ്കാര കമ്മീഷന് ആയി വിഎസ് അച്യുതാനന്ദന് നിയമിതനായതിന് ശേഷം സര്‍ക്കാരില്‍ നിന്നും കടുത്ത അവഗണനയാണ് അദ്ദേഹം നേരിടുന്നത്. ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ് കമ്മീഷന് ശമ്പളവും ഓഫീസും ഒക്കെ അനുവദിച്ച് കിട്ടിയത്. ഇപ്പോള്‍ ഭരണപരിഷ്കാര കമ്മിഷന്റെ ആവശ്യങ്ങളോടു മുഖം തിരിക്കുകയാണ് സര്‍ക്കാര്‍.
കഴിഞ്ഞ ഓഗസ്റ്റ് 18നാണ് കമ്മിഷന് ചെയര്‍മാനായി വിഎസിനെയും അംഗങ്ങളായി മുന്‍ ചീഫ് സെക്രട്ടറിമാരായ സി.പി.നായരെയും നീല ഗംഗാധരനെയും നിയമിച്ച് ഉത്തരവ് ഇറങ്ങിയത്. ഏറെ വിവാദങ്ങള്‍ക്കുശേഷം കഴിഞ്ഞമാസം വിഎസിനു ശമ്പളം അനുവദിച്ചു. സി.പി.നായര്‍ക്കും നീല ഗംഗാധനും ഇതുവരെ ശമ്പളം ലഭിച്ചിട്ടില്ല. വിഎസിന്റെ 11 പേഴ്സണല്‍ സ്റ്റാഫില്‍ ഒന്‍പതു പേര്‍ക്കാണു ശമ്പളം ലഭിക്കുന്നത്. സര്‍ക്കാരില്‍ സര്‍വീസില്‍ നിന്നു വിരമിച്ചശേഷം പേഴ്സണല്‍ സ്റ്റാഫില്‍ എത്തിയ രണ്ടുപേര്‍ക്കു ശമ്പളം അനുവദിച്ചുള്ള ഉത്തരവ് എപ്പോള്‍ ഇറങ്ങുമെന്നു നിശ്ചയമില്ല.
കമ്മിഷന് അംഗങ്ങള്‍ക്കു ജീവനക്കാരെ നിയമിക്കുന്നതിനുള്ള ഫയലും സെക്രട്ടേറിയറ്റില്‍ ചുറ്റിക്കറങ്ങുന്നതേയുള്ളൂ. ഇക്കാര്യങ്ങളില്‍ ഉടന്‍ തീരുമാനം വേണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനു വിഎസ് നിരന്തരം കത്തുകള്‍ അയയ്ക്കുന്നുണ്ട്. മറുപടിയുമില്ല, നടപടിയുമില്ല. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്മെന്റ് (ഐഎംജി) സമുച്ചയത്തിലെ പഴയ കെട്ടിടമാണ് കമ്മിഷന്റെ ഓഫിസിന് അനുവദിച്ചിരിക്കുന്നത്.
ഒരു ചെറിയ മുറി അറ്റകുറ്റപ്പണി നടത്തി കമ്മിഷനു നല്കി. ഇവിടെ അഞ്ചു പേര്‍ക്ക് ഇരിക്കാം. മറ്റുള്ളവര്‍ എന്നും വിഎസിന്റെ ഔദ്യോഗിക വസതിയായ കവടിയാര്‍ ഹൗസിലേക്കു പോകും. ഐഎംജിയില്‍ സി.പി.നായര്‍ക്കും നീല ഗംഗാധരനുമുള്ള മുറികള്‍ പെയിന്റ് അടിച്ചുവെങ്കിലും മറ്റ് ഒരുക്കങ്ങള്‍ നടത്തിയിട്ടില്ല. പഴയ ലക്ചര്‍ ഹാള്‍ വിഎസിന്റെ ഓഫിസിനായി നീക്കിവച്ചിട്ടുണ്ടെങ്കിലും അറ്റകുറ്റപ്പണി വൈകുന്നു.
ഓഫീസ് സജജ്മാകാത്തതിനാല് കമ്മിഷന്റെ യോഗങ്ങളെല്ലാം കവടിയാര്‍ ഹൗസിലാണ്. മെമ്പര്‍ സെക്രട്ടറി ഷീല തോമസിന്റെ നേതൃത്വത്തില്‍ 12 ജീവനക്കാര്‍ സെക്രട്ടേറിയറ്റിലെ ഓഫിസില്‍ ഉണ്ട്. കമ്മിഷനു നിര്‍ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാന്‍ അതതു വകുപ്പുകള്‍ പ്രത്യേക സംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ടു വിഎസ് കത്തുകള്‍ അയച്ചെങ്കിലും വകുപ്പുകള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.