തിരുവനന്തപുരം: മുഖ്യമന്ത്രി തന്നെ ആഭ്യന്തരം കൈകാര്യം ചെയ്യണമെന്നില്ലെന്ന് ഭരണപരിഷ്‌ക്കാര കമ്മീഷന്‍ അംഗം വിഎസ് അച്യുതാനന്ദന്‍. കേരളത്തില്‍ മുഖ്യമന്ത്രി തന്നെയാണ് ആഭ്യന്തരവകുപ്പും ഇപ്പോള്‍ കെകാര്യം ചെയ്യുന്നത്.
അങ്ങനെ വേണമെന്ന് നിര്‍ബന്ധമില്ല. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അങ്ങനെ ആയിരുന്നില്ലല്ലോ. പൊലീസിന്റെ മേല്‍ മുഖ്യമന്ത്രിക്ക് നിയന്ത്രണം നഷ്ടപ്പെട്ടു എന്ന് താന്‍ കരുതുന്നില്ല. പൊലീസിനെ നിഷ്‌ക്രിയമാക്കാനോ അനാവശ്യനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനോ ഈ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല.
എന്നാല്‍ ചില ഒറ്റപ്പെട്ട സംഭവങ്ങളുണ്ടായിട്ടുണ്ട് എന്ന് സമ്മതിക്കുകയും ചെയ്യുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ ചിലപ്പോള്‍ താന്‍ തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുമുണ്ടല്ലോ എന്നും വിഎസ് വ്യക്തമാക്കുന്നു. മാതൃഭൂമി ആഴ്ച്ചപതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് വിഎസ് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ വിഎസിന്റെ ഈ അഭിപ്രായം സിപിഎമ്മില്‍ പുതിയ വിവാദങ്ങള്‍ക്കിടയാക്കുമെന്ന് രാഷ്ട്രീയ നിരീക്ഷികര്‍ ചൂണ്ടികാട്ടുന്നു. ആഭ്യന്തര വകുപ്പ് പരാജയമാണെന്ന ആരോപണങ്ങള്‍ക്കിടയിലാണ് വിഎസിന്റെ ഈ പ്രസ്താവന.
സര്‍ക്കാരിന് രാഷ്ട്രീയ ഇച്ഛാശക്തിയോടെ പൊലീസിന് മേല്‍ നിയന്ത്രണം കൊണ്ടുവരാന്‍ കഴിയണമെന്നും അദ്ദേഹം മാതൃഭൂമി ആഴ്ചപതിപ്പിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കുന്നു..പോലീസിനെ ഇടംവലം തിരിയാന്‍ അനുവദിക്കാതെ ഉപയോഗപ്പെടുത്തുന്ന ഭരണകൂടങ്ങളുണ്ട്. എന്നാല്‍ ഒരു ജനാധിപത്യ സംവിധാനത്തില്‍ സ്വതന്ത്ര്യമായും നീതിപൂര്‍വമായും പ്രവര്‍ത്തിക്കാനുളള സ്വാതന്ത്ര്യം പൊലീസിന് നല്‍കുന്നതാണ് ശരി. അതിനര്‍ത്ഥം അനിയന്ത്രിതമായ അധികാര പ്രയോഗത്തിന് പൊലീസിനെ കയറൂരി വിടണമെന്നല്ല. ഇവിടെയാണ് സര്‍ക്കാരിന് രാഷ്ട്രീയ ഇച്ഛാശക്തിയോടെ പൊലീസിന് മേല്‍ നിയന്ത്രണം കൊണ്ടുവരാന്‍ കഴിയേണ്ടത്.
സ്ത്രീകള്‍ക്കുവേണ്ടി പ്രത്യേക വകുപ്പ് തന്നെ വേണമെന്ന് തീരുമാനിച്ച ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരത്തിലുണ്ട് എന്നതുകൊണ്ട് മാത്രം അതിക്രമങ്ങള്‍ കുറയില്ല എന്നാണ് അടുത്തിടെ ഉണ്ടായ ചില സംഭവങ്ങള്‍ സൂചിപ്പിക്കുന്നതെന്നും വിഎസ് അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.