തിരുവനന്തപുരം: തനിക്ക് പദവി മാത്രമേ നല്‍കിയുള്ളൂ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ലഭിച്ചിട്ടില്ലെന്ന് അച്യുതാനന്ദന്‍. പരാതി നല്‍കിയിട്ടും പരിഹാരമായില്ലെന്നും മുന്‍മുഖ്യന്‍. കാബിനറ്റ് പദവിയോടെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായി നിയമിച്ചെങ്കിലും മുന്‍മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ശമ്പളമോ മറ്റു ആനുകൂല്യങ്ങളോ നല്‍കിയിട്ടില്ലെന്നും സിപിഐമ്മിനോടും സര്‍ക്കാരിനോടും രേഖാമൂലവും അല്ലാതെയും പരാതികള്‍ നല്‍കിയെങ്കിലും ഇതുവരെ പരിഹാരമായില്ലെന്നും റിപ്പോര്‍ട്ട്. വിഎസ്സിനുള്ള ശമ്പളവും ബത്തകളും സംബന്ധിച്ച് വ്യക്തതയുള്ള ഉത്തരവ് ഇറങ്ങാത്തതാണ് പ്രശ്നം.
കഴിഞ്ഞ ഓഗസ്റ്റില്‍ ഭരണ പരിഷ്‌കാര മകമ്മീഷന്‍ ചെയര്‍മാനായി നിയമിക്കുമ്പോള്‍ വിഎസിന് മന്ത്രിയുടെ എല്ലാ അനുകൂല്യങ്ങളും സൗകര്യങ്ങളും നല്‍കുമെന്നാണ് വ്യക്തമാക്കിയിരുന്നത്. ഇതില്‍ ഔദ്യോഗിക വസതിയും വാഹനവും ലഭിച്ചു. കാബിനറ്റ് പദവി കിട്ടിയതോടെ അതുവരെ ലഭിച്ചിരുന്ന എംഎല്‍എക്കുള്ള ശമ്പളവും ആനുകൂല്യങ്ങളും നിര്‍ത്തലാക്കുകയും ചെയ്തു.
പൊതുഭരണ വകുപ്പാണ് മന്ത്രി പദവിക്ക് അനുസരിച്ചുള്ള സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കേണ്ടത്. വിഎസ് കമ്മീഷന്‍ അധ്യക്ഷനാണ് എന്നതിനാല്‍ ആ പദവി ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പുമായി ബന്ധപ്പെട്ടതുമാണ്. എന്നാല്‍ ഇരുവകുപ്പുകളും വിഎസ്സുമായി ബന്ധപ്പെട്ട ഫയല്‍ പരസ്പരം തട്ടിക്കളിക്കുകയാണ്.
അഞ്ച് മാസമായി വിഎസ്സിന്റെ കൂടെയുള്ള സ്റ്റാഫിനും ശമ്പളം ലഭിച്ചിട്ടില്ല. ഇവരുടെ ശമ്പള സ്‌കെയില്‍ നിശ്ചയിച്ച് ഇതുവരെ ഉത്തരവ് ഇറങ്ങിയിട്ടില്ല. മന്ത്രിമാരുടെ പഴ്സനല്‍ സ്റ്റാഫിന്റെ ആനുകൂല്യങ്ങളാണോ അതോ കമ്മീഷന്‍ അധ്യക്ഷന്റെ പഴ്സനല്‍ സ്റ്റാഫിനുള്ളത് മതിയോ എന്നതിലാണ് തര്‍ക്കം.