എല്‍.ഡി.എഫ് പക്ഷ കേരളം വി.എസ്. അച്യുതാനന്ദന്റെ തിരിച്ചുവരവ് കാത്തിരിക്കുകയാണ്. അതുണ്ടാകുമോ? ഉണ്ടായാല്‍തന്നെ മുഖ്യമന്ത്രിയായിട്ടാകുമോ പ്രതിപക്ഷനേതാവായിട്ടാകുമോ അദ്ദേഹം പുനരവതരിക്കുക? അതോ മൂന്നാമതൊരു പുതിയ രൂപത്തിലാകുമോ?
അഞ്ചു കൊല്ലംമുമ്പ് അച്യുതാനന്ദന്റെ രൂപം പാര്‍ട്ടിയുടെ മേല്‍ക്കൂര തകര്‍ത്ത് വളരാന്‍ തുടങ്ങിയപ്പോള്‍ അതിനെ ഒതുക്കിനിര്‍ത്താന്‍ സി.പി.എം സംസ്ഥാനനേതൃത്വവും കേന്ദ്രനേതൃത്വവും വെവ്വേറെയും കൂട്ടായും ശ്രമിക്കുകയുണ്ടായി. പാര്‍ട്ടി നിയോഗിച്ച മന്ത്രവാദികള്‍ക്ക് ആള്‍ദൈവത്തെ ആവാഹിച്ച് കുടത്തിലടയ്ക്കാന്‍ കഴിഞ്ഞില്ല. പക്ഷേ, അദ്ദേഹം തങ്ങള്‍ക്ക് ഹിതകരമല്ലാത്ത കാര്യങ്ങള്‍ ചെയ്യുന്നത് തടയാന്‍ പാര്‍ട്ടിനേതൃത്വത്തിനായി.
വി.എസിന് തടയിടാനുള്ള ശ്രമം പതിനഞ്ചു കൊല്ലം മുമ്പേ തുടങ്ങിയതാണ്. എല്‍.ഡി.എഫിന് പ്രതീക്ഷിച്ച വിജയമുണ്ടായ 1996ലെ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ പരാജയപ്പെടുത്തിക്കൊണ്ടാണ് സ്വന്തം സഖാക്കള്‍ അദ്ദേഹം മുഖ്യമന്ത്രിയാകില്ലെന്ന് ഉറപ്പുവരുത്തിയത്. കൂടുതല്‍ ഭദ്രമായ മണ്ഡലത്തിലേക്ക് മാറി 2001ല്‍ വീണ്ടും നിയമസഭയിലെത്തിയപ്പോള്‍ ഭൂരിപക്ഷം യു.ഡി.എഫിനായതുകൊണ്ട് അദ്ദേഹത്തിന് പ്രതിപക്ഷനേതാവാകാനേ കഴിഞ്ഞുള്ളൂ. ആ സ്ഥാനത്തിരുന്നുകൊണ്ട് ജനകീയപ്രശ്‌നങ്ങളില്‍ നടത്തിയ ഇടപെടലുകള്‍ പാര്‍ട്ടിക്കകത്തും പുറത്തുമുള്ള ആര്‍ക്കും അദ്ദേഹത്തെ തടയാനാവാത്ത സാഹചര്യം സൃഷ്ടിച്ചു.
മുഖ്യമന്ത്രിപദം നിഷേധിക്കാനാവാതെ വന്നപ്പോള്‍ നിയന്ത്രിച്ചുനിര്‍ത്താനായി ശ്രമം. നേതൃത്വം അദ്ദേഹത്തിന് താല്‍പര്യമില്ലാതിരുന്നവരെക്കൊണ്ട് മന്ത്രിസഭ നിറച്ചു. പ്രധാന വകുപ്പുകള്‍ അവര്‍ക്ക് നല്‍കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ആഭ്യന്തര വകുപ്പ് കിട്ടില്ലെന്നായപ്പോള്‍ വി.എസ് വിജിലന്‍സ് വകുപ്പിനായി പിടിച്ചുനോക്കി. അത് കേന്ദ്രനേതൃത്വം തടഞ്ഞു. അങ്ങനെ അഴിമതിക്കാരെയും പെണ്‍വാണിഭക്കാരെയും കൈയാമംവെച്ച് നടത്തിക്കുമെന്ന് പ്രഖ്യാപിച്ച വി.എസ് പാര്‍ട്ടി ഇട്ട കൈയാമവുമായി ഭരണംതുടങ്ങി.
വിശ്വസ്തരായ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ചില പദ്ധതികള്‍ നടപ്പാക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചത് സംസ്ഥാന സെക്രട്ടറിയും അദ്ദേഹവുമായി ദ്വന്ദ്വയുദ്ധത്തിന് വഴിയൊരുക്കി. കേന്ദ്ര നേതൃത്വം സമദൂരം പാലിച്ചുകൊണ്ട് രണ്ടു പേരെയും പോളിറ്റ്ബ്യൂറോയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. അതോടെ, ഏറ്റവുമധികം പാര്‍ട്ടി അംഗങ്ങളുള്ള സംസ്ഥാനത്ത് – അന്ന് രാജ്യത്ത് ആകെയുണ്ടായിരുന്ന 9,82,155 അംഗങ്ങളില്‍ 3,36,644 പേര്‍ കേരളത്തിലും 3,21,682 പേര്‍ പശ്ചിമ ബംഗാളിലുമായിരുന്നു- ഒരു പോളിറ്റ്ബ്യൂറോ അംഗമില്ലാത്ത അവസ്ഥയുണ്ടായി. (ആ ഉന്നത സമിതിയില്‍ രണ്ട് മലയാളികള്‍ അവശേഷിച്ചെങ്കിലും അവര്‍ ദേശീയ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നവരായിരുന്നു.) ഏതാനും മാസങ്ങള്‍ക്കുശേഷം സസ്‌പെന്‍ഷനുകള്‍ പിന്‍വലിക്കപ്പെട്ടു. പക്ഷേ, തമ്മിലടി തുടര്‍ന്നു. കേന്ദ്രനേതൃത്വം കേരളത്തില്‍നിന്ന് ഒരാളെ കൂടി പി.ബിയില്‍ എടുത്തു. മുഖ്യമന്ത്രിയെയോ സംസ്ഥാന സെക്രട്ടറിയെയോ മാറ്റിനിര്‍ത്തേണ്ടിവന്നാല്‍ പകരക്കാരനാകാന്‍ കൂടുതല്‍ യോഗ്യന്‍ എന്ന നിലയിലാവണം കേന്ദ്ര കമ്മിറ്റിയില്‍ നേരത്തേ എത്തിയ എം.എ. ബേബിയെയും പാലോളി മുഹമ്മദ്കുട്ടിയെയും ഒഴിവാക്കി കോടിയേരി ബാലകൃഷ്ണന് സ്ഥാനക്കയറ്റം നല്‍കിയത്.
വി.എസിന്റെ നിരവധി അനുയായികള്‍ പുറത്താക്കപ്പെടുകയോ സ്വയം പുറത്തുപോകുകയോ ചെയ്തു. കേന്ദ്രനേതൃത്വം വിഭാഗീയതയില്‍ അവലംബിച്ചിരുന്ന നിഷ്പക്ഷത ഉപേക്ഷിച്ച് സംസ്ഥാന ഘടകത്തിനുമേല്‍ പൂര്‍ണനിയന്ത്രണമുള്ള സെക്രട്ടറിയുടെ പിന്നില്‍ നില്‍പായി. എന്നിട്ടും വി.എസിനെ പിടിച്ചുനിര്‍ത്താനാകാതെ വന്നപ്പോള്‍ അദ്ദേഹത്തെ പോളിറ്റ്ബ്യൂറോയില്‍നിന്ന് പുറത്താക്കി.
തെരഞ്ഞെടുപ്പെത്തിയപ്പോള്‍ ഇടതുമുന്നണിക്ക് പാര്‍ട്ടി കുടത്തിലാക്കാന്‍ ശ്രമിച്ച ആള്‍ദൈവത്തെ ആശ്രയിക്കേണ്ടിവന്നു. അദ്ദേഹത്തെ മുന്നില്‍നിര്‍ത്തി മത്സരിക്കാന്‍ തയാറായി സംസ്ഥാന സെക്രട്ടറിയുടെ അനുചരന്മാര്‍തന്നെ മുന്നോട്ടുവന്നു. അപ്പോഴും അദ്ദേഹത്തെ പി.ബിയില്‍ തിരിച്ചെടുക്കാന്‍ കേന്ദ്രനേതൃത്വം തയാറായില്ല. അങ്ങനെയൊരാവശ്യം സംസ്ഥാനനേതൃത്വം ഉന്നയിച്ചതുമില്ല. ഈ സാഹചര്യത്തില്‍, പാര്‍ട്ടി അവകാശപ്പെടുന്നതുപോലെ, പതിവ് തെറ്റിച്ചുകൊണ്ട് ഭരണത്തുടര്‍ച്ച ഉണ്ടായാല്‍ വി.എസിനെ വീണ്ടും മുഖ്യമന്ത്രിയാക്കാന്‍ കേന്ദ്ര -സംസ്ഥാന നേതൃത്വങ്ങള്‍ തയാറാകുമോ? ഭരണത്തുടര്‍ച്ചകൊണ്ടുദ്ദേശിക്കുന്നത് എല്‍.ഡി.എഫിന്റെ തുടര്‍ച്ചയാണ്, വി.എസിന്റെ തുടര്‍ച്ചയല്ല, എന്ന് സംസ്ഥാന സെക്രട്ടറി ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ, കേന്ദ്രനേതൃത്വത്തില്‍ വി.എസിന് ഇനിയും പ്രതീക്ഷ വെച്ചുപുലര്‍ത്താം. അദ്ദേഹത്തിനെതിരെ പാര്‍ട്ടിതല നടപടികള്‍ എടുത്തതല്ലാതെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റുന്ന കാര്യം കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്ത് ഒരിക്കല്‍പോലും അത് ആലോചിച്ചിരുന്നില്ലെന്ന് ഓര്‍ക്കുക.
വ്യക്തി പാര്‍ട്ടിക്കതീതനല്ലെന്നത് എല്ലാ പാര്‍ട്ടികളും ഉരുവിടുന്ന തത്ത്വമാണ്. ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം അത് അടിസ്ഥാനപരമായ സംഘടനാതത്ത്വമാണ്. പക്ഷേ, വി.എസ്. അച്യുതാനന്ദന്‍ അനുഭവിച്ചതരത്തിലുള്ള പരാധീനത കേരളത്തില്‍ ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിക്കും മുമ്പുണ്ടായിട്ടില്ല. ഒരുപക്ഷേ, അതിന് മറ്റാരേക്കാളും ഉത്തരവാദിത്തം അദ്ദേഹത്തിനുതന്നെയാണുള്ളത്. അദ്ദേഹം പാര്‍ട്ടിയില്‍ ശക്തനും എല്‍.ഡി.എഫിന്റെ കണ്‍വീനറുമായിരുന്നപ്പോഴാണ് മുഖ്യമന്ത്രിക്ക് കടിഞ്ഞാണിടുന്ന സമ്പ്രദായം തുടങ്ങിയത്. ഇ.കെ. നായനാരുടെ രണ്ടാംമന്ത്രിസഭയുടെ കാലത്താണത്. മുഖ്യമന്ത്രിയുടെ ഓഫിസില്‍ കുടിയിരുത്തിയ പി.ശശിയിലൂടെയാണ് അന്ന് പാര്‍ട്ടി നേതൃത്വം അതിന്റെ അജണ്ട നടപ്പാക്കിയത്. നായനാര്‍ക്ക് അതൊരു പ്രശ്‌നമായില്ല. പക്ഷേ, പാര്‍ട്ടിയുടെ അവശേഷിക്കുന്ന ഏക സ്ഥാപക നേതാവായ വി.എസിനെ നോക്കുകുത്തിയാക്കിയിട്ട് പൊളിറ്റിക്കല്‍ സെക്രട്ടറി വഴി കാര്യങ്ങള്‍ സാധിക്കാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ട്, മന്ത്രിസഭായോഗങ്ങള്‍ക്കുമുമ്പ് പാര്‍ട്ടി സെക്രട്ടേറിയറ്റ് മുഖ്യമന്ത്രിക്ക് ഉത്തരവുകള്‍ എഴുതിക്കൊടുക്കുന്ന രീതി നിലവില്‍വന്നു. അത്തരത്തിലുള്ള ഒരു ഭരണത്തുടര്‍ച്ചയാണോ കേരളത്തെ കാത്തിരിക്കുന്നത്?
വോട്ടര്‍മാര്‍ കൈക്കൊണ്ട, ഇപ്പോഴും വെളിപ്പെട്ടിട്ടില്ലാത്ത, തീരുമാനം ആ വിധിയില്‍നിന്ന് സംസ്ഥാനത്തെ രക്ഷിച്ചാലും മറ്റൊരു പ്രശ്‌നം സി. പി.എമ്മിന്റെ മുന്നിലുണ്ടാകും. അത് വി.എസിനെ വീണ്ടും പ്രതിപക്ഷനേതാവാക്കണോ എന്നതാണ്.
വി.എസ്. അച്യുതാനന്ദനെ തീര്‍ച്ചയായും ഒരുത്തിയെ തോല്‍പിച്ച് വീണ്ടും നിയമസഭയിലെത്തിയ ഒരുത്തനായി മാത്രം കാണാനാവില്ല. തെരഞ്ഞെടുപ്പിനുശേഷം ഉപവാസ സമരത്തില്‍ പങ്കെടുത്തുകൊണ്ട് നേരത്തേതന്നെ ഇടപെട്ടിരുന്ന എന്‍ഡോസള്‍ഫാന്‍വിരുദ്ധ പ്രക്ഷോഭത്തിന് പുതുജീവന്‍ നല്‍കുക വഴി അദ്ദേഹം തന്റെ തുടര്‍ന്നുമുള്ള പ്രസക്തി വെളിപ്പെടുത്തിക്കഴിഞ്ഞു. ബഹുജനപ്രക്ഷോഭത്തിന്റെ നേതൃത്വം അദ്ദേഹത്തില്‍ കേന്ദ്രീകൃതമാകുന്നെന്ന തിരിച്ചറിവാണ് സി.പി.എമ്മിനെ ആ വിഷയത്തില്‍ അനാവശ്യമായ ഒരു ഹര്‍ത്താല്‍ ആഹ്വാനം ചെയ്യാന്‍ പ്രേരിപ്പിച്ചത്. അഴിമതി, പെണ്‍വാണിഭം എന്നീ ഇഷ്ടവിഷയങ്ങളില്‍ വി.എസ് ഇതുവരെ നടത്തിയിട്ടുള്ള ഇടപെടലുകള്‍ പരിശോധിക്കുമ്പോള്‍ അവയൊക്കെയും രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളായിരുന്നെന്ന് കാണാം. ചിലര്‍ പാര്‍ട്ടിക്കകത്തുതന്നെയുള്ള എതിരാളികളാണ്. അദ്ദേഹം പിന്തുടര്‍ന്ന ഉേദ്യാഗസ്ഥന്മാര്‍ പാര്‍ട്ടിയുടെ ഔദേ്യാഗിക നേതൃത്വവുമായി അടുപ്പമുണ്ടെന്ന് കരുതപ്പെടുന്നവരാണ്. എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തിലെ അദ്ദേഹത്തിന്റെ പുതിയ ഇടപെടലിനെയും കേന്ദ്രവിരുദ്ധ സമരത്തിന്റെ ഭാഗമായി കാണാമെങ്കിലും അടിസ്ഥാനപരമായി അത് കേരളം നേരിടുന്ന അതീവ ഗുരുതരമായ മാനുഷിക-പാരിസ്ഥിതിക പ്രശ്‌നത്തിലുള്ള ഗുണപരമായ ഇടപെടലാണ്. അതുകൊണ്ടാണ് പാര്‍ട്ടിക്ക് പുറത്തുള്ളവരെയും ആകര്‍ഷിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞത്. മുഖ്യമന്ത്രിയല്ലെങ്കിലും പ്രതിപക്ഷനേതാവല്ലെങ്കിലും പൊതുരംഗത്ത് വലിയ ദൗത്യങ്ങള്‍ നിര്‍വഹിക്കാനുള്ള കഴിവ് തനിക്കുണ്ടെന്ന് വി.എസ് അതിലൂടെ തെളിയിച്ചിരിക്കുകയാണ്.
കടപ്പാട് : മാധ്യമം