![](https://dailyindianherald.com/wp-content/uploads/2016/10/VS-93.png)
കേരളത്തിലെ ഏറ്റവും ജനകീയനായ നേതാവ് വി.എസ്.അച്യുതാനന്ദന് ഡയ്ലി ഇന്ത്യന്‍ ഹെറാള്‍ഡ് ടീമിന്റെ പിറന്നാള്‍ ആശംസകള്‍
തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും ജനകീയനായ നേതാവ് വി.എസ്. അച്യുതാനന്ദന് നാളെ തൊണ്ണൂറ്റിമൂന്നാം പിറന്നാള്‍. 1923 ഒക്‌ടോബര്‍ 20നാണ് വി.എസിന്റെ ജനനം.ആലപ്പുഴ ടൗണ്‍ഹാളില്‍ പുന്നപ്ര-വയലാര്‍ സമരത്തിന്റെ 75-ാം വാര്‍ഷികാചരണച്ചടങ്ങില്‍ ഇന്ന് ഇരു കമ്യൂണിസ്‌റ്റ് പാര്‍ട്ടികളുടെയും ജനറല്‍ സെക്രട്ടറിമാരായ സീതാറാം യെച്ചൂരിയോടും എസ്. സുധാകര്‍ റെഡ്‌ഡിയോടുമൊപ്പം മുഖ്യപ്രഭാഷണം നടത്തിയശേഷമാണ് വി.എസ്. പിറന്നാളാഘോഷിക്കാന്‍ തലസ്‌ഥാനത്തെത്തുന്നത്. പിറന്നാള്‍ദിനത്തില്‍ നിയമസഭാസമ്മേളനത്തില്‍ പങ്കെടുക്കുന്ന വി.എസിന്റെ വീട്ടില്‍ പിറന്നാള്‍ സ്‌പെഷല്‍ എന്നുപറയാന്‍ പായസംമാത്രമേ ഉണ്ടാവൂ.
പ്രത്യയശാസ്‌ത്രത്തില്‍മാത്രമല്ല, ജീവിതചര്യയിലും ചിട്ട വി.എസിന് നിര്‍ബന്ധമാണ്. സ്വന്തം കാര്യത്തിലാണെങ്കിലും തീരുമാനം കല്ലെപ്പിളര്‍ക്കുമെന്നതില്‍ അനുഭവമുണ്ട്. ചെയിന്‍ സ്‌മോക്കറായിരുന്നു വി.എസ്. ഒരു സിഗററ്റില്‍നിന്ന് അടുത്തത് എന്നതായിരുന്നു രീതി. ആസ്‌ത്‌മ വന്നപ്പോള്‍ ഡോക്‌ടര്‍ നിര്‍ദേശിച്ചു: പുകവലി ഒഴിവാക്കണം. ഡോക്‌ടറുടെ നിര്‍ദേശം കൈയോടെ അംഗീകരിച്ച വി.എസ്. പിന്നീട് പുകവലിച്ചിട്ടേയില്ല. ഈ കാര്‍ക്കശ്യമാണ് ഈ പ്രായത്തിലും ഊര്‍ജസ്വലത കാത്തുസൂക്ഷിക്കാന്‍ ഈ നേതാവിനാകുന്നതിന്റെ കാരണം.
മുമ്പ് രാവിലെ നാലിന് എഴുന്നേറ്റിരുന്ന വി.എസ്. ഇപ്പോള്‍ വീട്ടുകാരുടെ സമ്മര്‍ദത്തിന് വഴങ്ങി അത് അരമണിക്കൂര്‍ വൈകിപ്പിച്ചിട്ടുണ്ട്. മുഖം കഴുകി പല്ലുതേച്ച് ഒരു ഗ്ലാസ് ഇളനീര്‍ കുടിക്കും. പ്രഭാതകര്‍മ്മങ്ങള്‍ക്കുശേഷം നടത്തം. യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിലോ നിയമസഭാമന്ദിരത്തിലോ ആണിത്. അരമണിക്കൂര്‍ നടത്തം കഴിഞ്ഞ് തിരിച്ചെത്തുമ്പോഴും നേരം വെളുത്തുവരുന്നേ ഉണ്ടാവൂ. പത്രപാരായണമാണ് അടുത്തത്. പിന്നീട് കുളി. അതിനുശേഷം അരമണിക്കൂര്‍ യോഗ. പത്ത് ആസനങ്ങള്‍ ചെയ്യും. എന്നിട്ട് പുറത്തുവന്ന് കുറച്ചുനേരം വെയില്‍കായും.
അതു കഴിഞ്ഞാണ് പ്രാതല്‍. ദോശ, ഇഡ്‌ഡലി, അപ്പം, ഇടിയപ്പം എന്നിവയിലേതായാലും മൂന്നെണ്ണത്തില്‍ കൂടുന്ന പ്രശ്‌നമില്ല. കടലക്കറി, സാമ്പാര്‍, ചട്‌നി എന്നിവയിലേതെങ്കിലുമൊക്കെയാണ് കറി. വി.എസിന് ഇഷ്‌ടമില്ലെങ്കിലും ഡോക്‌ടറുടെ നിര്‍ദേശപ്രകാരം മുട്ടയുടെ വെള്ള നല്‍കുന്നുണ്ടെന്ന് ഭാര്യ വസുമതി അച്യുതാനന്ദന്‍ പറഞ്ഞു. അതോടൊപ്പം കാരറ്റ്, ബീറ്റ്‌റൂട്ട്, കോവയ്‌ക്ക, മല്ലിയില, കുരുമുളക്, ജീരകം, ഇന്തുപ്പ് എന്നിവയിട്ട് വേവിച്ചത് അരിച്ചെടുത്ത് നല്‍കുന്ന ജ്യൂസും നല്‍കും. പിന്നീട്, സന്ദര്‍ശകര്‍, ഔദ്യോഗികത്തിരക്കുകള്‍…
ഉച്ചയ്‌ക്ക് ഒരു മണിക്ക് തവിടുകളയാത്ത അരിയുടെ ചോറും പച്ചക്കറികളുമടങ്ങിയതാണ് ഊണ്. അതിനുശേഷം 10 മിനിറ്റ് കഴിഞ്ഞ് കിടക്കും. കൃത്യം മൂന്നുമണിക്ക് എഴുന്നേല്‍ക്കും. അപ്പോള്‍ ഒരു ഗ്ലാസ് പച്ചക്കറി ജ്യൂസ് കുടിക്കും.
വീണ്ടും സന്ദര്‍ശകരെ സ്വീകരിക്കല്‍, പരിപാടികള്‍… വൈകുന്നേരം അരമണിക്കൂര്‍ നടക്കാന്‍ പോകുന്നത് യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിലാണ്. അതുകഴിഞ്ഞ് ഒരു മണിക്കൂറിനുശേഷം മേല്‍കഴുകി അത്താഴം. രണ്ടുമൂന്നുകഷണം പപ്പായ, രണ്ടു ഞാലിപ്പൂവന്‍ പഴം എന്നിവയില്‍ അത് ഒതുങ്ങും. അപ്പോഴേക്കും മകളും രാജീവ്‌ഗാന്ധി ബയോടെക്‌നോളജി സെന്ററിലെ ശാസ്‌ത്രജ്‌ഞയുമായ ഡോ. ആശയും മരുമകന്‍ ഡോ. തങ്കരാജും എത്തിയിട്ടുണ്ടാവും. ജനറല്‍ ആശുപത്രിയിലെ യൂറോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റുകൂടിയായ ഡോ. തങ്കരാജ് രക്‌തസമ്മര്‍ദം ഉള്‍പ്പെടെ പരിശോധിക്കും.
രക്‌തസമ്മര്‍ദത്തിനുള്ള ഗുളിക രാവിലെ പകുതിയും വിറ്റാമിന്റേത് ഒന്നും രാത്രി നാലിലൊന്നും കഴിക്കുന്ന വി.എസിന് മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. രാത്രി ഒമ്പതുമണിയോടെ ജനനായകന്‍ ഉറങ്ങാന്‍ പോവുന്നതോടെ ഒരു ദിവസം പൂര്‍ണമാകുന്നു