![](https://dailyindianherald.com/wp-content/uploads/2015/12/cpm-fl-2.jpg)
തിരുവനന്തപുരം: പിണറായി വിജയനെതിരെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു പാര്‍ട്ടിക്കു വിധേയനായ വിഎസ് അച്യുതാനന്ദന് വീണ്ടും പോളിറ്റ് ബ്യൂറോയിലേയ്ക്കു തിരികെ എത്തുന്നതായി റിപ്പോര്‍ട്ട്. സിപിഎമ്മിന്റെ പ്ലീനം പൂര്‍ത്തിയാകുന്നതോടെ പാര്‍ട്ടി തിരുത്തല്‍ നടപടികള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് വിഎസ് വീണ്ടും പാര്‍ട്ടിയുടെ ഉന്നതാധികാര സമിതിയായ പോളിറ്റ് ബ്യൂറോയിലേയ്ക്കു തിരികെ എത്തുന്നത്.
രണ്ടു വര്‍ഷം മുന്‍പ് പാര്‍ട്ടി വിരുദ്ധനായി ചിത്രീകരിക്കപ്പെട്ട വിഎസ് അച്യുതാനന്ദനെ വിഭാഗീയത പ്രവണത ആരോപിച്ചാണ് പാര്‍ട്ടി പോളിറ്റ്ബ്യൂറോയില്‍ നിന്നും പുറത്താക്കിയത്. എന്നാല്‍, നിലവില്‍ സിപിഎമ്മിലുണ്ടായ വിഭാഗീയതയ്ക്കു കേന്ദ്ര കമ്മിറ്റി ഇടപെട്ട് ചെറിയ ശമനം വരുത്തിയതോടെയാണ് പാര്‍ട്ടി വീണ്ടും സജീവമായിരിക്കുന്നത്. സിപിഎമ്മിന്റെ പ്ലീനം കഴിയുന്നതോടെ പൂര്‍ണമായും വിഎസ് പാര്‍ട്ടിക്കു വിധേയനായെന്നാണ് റിപ്പോര്‍ട്ടുകള്‍.
സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് നയിക്കുന്ന നവകേരള യാത്രയില്‍ 11 പോയിന്റുകളില്‍ വിഎസ് പ്രസംഗിക്കണമെന്നാണ് പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം. ഇത് പൂര്‍ണമായും അനുസരിച്ചാണ് സിപിഎം പോളിറ്റ് ബ്യൂറോയിലേയ്ക്കു വിഎസ് വീണ്ടും എത്തുമെന്ന ധാരണമായാണ് വന്നിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് വിഎസിനെ പോളിറ്റ് ബ്യൂറോയില്‍ തിരികെ എടുത്ത് പാര്‍ട്ടി ഒറ്റക്കെട്ടാണെന്ന സന്ദേശം ജനങ്ങളിലേയ്ക്കു എത്തിക്കുന്നതിനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. ഇതിലൂടെ സിപിഎമ്മിനു ശക്തമായ അധികാരത്തില്‍ തിരികെ എത്താന്‍ സാധിക്കുമെന്നാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വം പ്രതീക്ഷിക്കുന്നത്.