ആലപ്പുഴ: ജില്ലയില്‍ സിപിഎമ്മിനെ നയിക്കുന്ന ജി. സുധാകര പക്ഷത്തിനും ജില്ലാസെക്രട്ടറിക്കുമെതിരെ വിഎസ്- ഐസക്ക് പക്ഷം വീണ്ടും പോരാട്ടം ശക്തമാക്കുന്നു. വിഎസ് പക്ഷത്തെ ചില നേതാക്കള്‍ക്ക് തദ്ദേശതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നല്‍കി ഐസക്ക് പക്ഷത്തെ നിശബ്ദരാക്കുന്നതില്‍ സുധാകരപക്ഷം നേരത്തെ വിജയം കണ്ടിരുന്നു. എന്നാല്‍ വിജയിച്ച തദ്ദേശസ്ഥാപനങ്ങളില്‍ ഔദ്യോഗിക പക്ഷം ഇരുപക്ഷത്തിനും പ്രസിഡന്റ് സ്ഥാനങ്ങള്‍ നല്‍കാതെ ഒതുക്കുന്നതും, പലയിടങ്ങളിലും ഇവരെ വെട്ടിനിരത്താന്‍ സിപിഐക്ക് പ്രസിഡന്റ് സ്ഥാനങ്ങള്‍ ഏകപക്ഷീയമായി നല്‍കുന്നതുമാണ് വിഎസ്- ഐസക്ക് പക്ഷത്തെ വീണ്ടും ഒന്നിച്ചു പോരാടാന്‍ പ്രേരിപ്പിക്കുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ ചൊല്ലി ചെന്നിത്തല, തൃപ്പെരുന്തുറ ലോക്കല്‍കമ്മറ്റി അംഗങ്ങളും പ്രവര്‍ത്തകരും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ നേതൃത്വവുമായി ഏറ്റുമുട്ടാന്‍ തയ്യാറായത് ഉന്നതരുടെ പിന്തുണയുള്ളതു കൊണ്ടാണെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ വിലയിരുത്തല്‍. ജില്ലയിലെമ്പാടും പല ലോക്കല്‍ കമ്മറ്റികളും, ഏരിയാ കമ്മറ്റികളും കേന്ദ്രീകരിച്ച് വിഭാഗീയത വീണ്ടും ആളിക്കത്തുകയാണ്.
ആലപ്പുഴ നഗരസഭയില്‍ ഇടതുപക്ഷത്തിനുണ്ടായ കനത്ത തിരിച്ചടിയുടെ ഉത്തരവാദിത്വം പൂര്‍ണമായും ജി. സുധാകരനാണെന്നാണ് എതിര്‍പക്ഷം കുറ്റപ്പെടുത്തുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രമുഖ ഐസക്ക് പക്ഷക്കാരെ സുധാകരന്റെ നേതൃത്വത്തില്‍ സീറ്റു നല്‍കാതെ ഒതുക്കിയതാണ് തിരിച്ചടിക്ക് കാരണമെന്നാണ് പരാതി.
ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് പ്രസിഡന്റിനെ നിശ്ചയിച്ചതിനെച്ചൊല്ലിയുണ്ടായ അഭിപ്രായഭിന്നതയെത്തുടര്‍ന്ന് മാന്നാര്‍ ഏരിയയിലെ ചെന്നിത്തല, തൃപ്പെരുന്തുറ ലോക്കല്‍ കമ്മറ്റികളിലെ ഒരാളൊഴികെ മുഴുവന്‍ പേരും രാജിവയ്ക്കുകയായിരുന്നു. ഇവിടുത്തെ 21 ബ്രാഞ്ചുസെക്രട്ടറിമാരും പാര്‍ട്ടി ചുമതല ഒഴിഞ്ഞു. ജില്ലാ സെക്രട്ടറി സജി ചെറിയാനെതിരെ ഇവര്‍ സംസ്ഥാന, കേന്ദ്ര നേതൃത്വത്തിന് പരാതി അയയ്ക്കുകയും ചെയ്തു. നേരത്തെ തൃപ്പെരുന്തുറ പഞ്ചായത്ത് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കമ്മറ്റിയുടെ വിപ്പ് ലോക്കല്‍ കമ്മറ്റി ലംഘിച്ചിരുന്നു. ജില്ലാ സെക്രട്ടറി സജി ചെറിയാനെതിരെ കടുത്ത ആരോപണങ്ങളാണ് രാജിവച്ചവര്‍ ഉന്നയിച്ചിട്ടുള്ളത്.
സിപിഐയ്ക്ക് മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദവി നല്‍കിയതിനെ ചൊല്ലി സിപിഎം അമ്പനാകുളങ്ങര ലോക്കല്‍ കമ്മറ്റിയിലെ 13 അംഗങ്ങളില്‍ ഒരാളൊഴികെ 12 പേരും രാജിവെച്ചു. ഇവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിജ്ഞാനോദയം ബ്രാഞ്ച് കമ്മറ്റിയിലെ മുഴുവന്‍ പേരും ഏരിയാകമ്മറ്റിക്ക് രാജിക്കത്ത് നല്‍കി. രണ്ടുസീറ്റുമാത്രമുള്ള സിപിഐക്ക് പ്രസിഡന്റ് പദവി നല്‍കിയതാണ് വിവാദമായത്. മണ്ണഞ്ചേരി പഞ്ചായത്തിന്റെ ഭരണസാരഥ്യം സിപിഐക്ക് നല്‍കിയത് ഐസക് പക്ഷത്തോടുള്ള എതിര്‍പ്പാണെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്.
കുട്ടനാട് രാമങ്കരി പഞ്ചായത്തില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് പാര്‍ട്ടിയിലെ ഭിന്നത. പ്രസിഡന്റ് സ്ഥാനം വനിതാസംവരണമായ പഞ്ചായത്തില്‍ ജില്ലാ കമ്മറ്റി പ്രസിഡന്റ് സ്ഥാനാര്‍ഥിയായി നിശ്ചയിച്ചത് പുതുക്കരിയില്‍ നിന്ന് വിജയിച്ച മഞ്ജു ഫ്രാന്‍സിസിനെയാണ്. വൈസ് പ്രസിഡന്റായി ഊരുക്കരിയില്‍ നിന്ന് വിജയിച്ച മുതിര്‍ന്ന നേതാവായ ടി.നളിനിയെയും. എന്നാല്‍, ലോക്കല്‍ കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും പാര്‍ട്ടി അംഗത്വമില്ലാത്ത പുതുമുഖത്തെ പ്രസിഡന്റാക്കാനുള്ള തീരുമാനത്തെ എതിര്‍ത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് വിജയിച്ച അഞ്ച് പഞ്ചായത്തംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഒരു വിഭാഗം പ്രവര്‍ത്തകര്‍ ലോക്കല്‍ കമ്മറ്റിയില്‍ രാജിഭീഷണി മുഴക്കിയെങ്കിലും നേതൃത്വം ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.
പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്തില്‍ പ്രസിഡന്റ്, വൈസ്പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐയുടെയും അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്തിലും ആലപ്പുഴ നഗരസഭയിലും പിഡിപിയുടെയും പിന്തുണ പാര്‍ട്ടി തേടിയതും സുധാകരപക്ഷത്തിനെതിരെയുള്ള ശക്തമായ ആയുധമാക്കാനാണ് മറുപക്ഷത്തിന്റെ തീരുമാനം. അതിനിടെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഓരോ മേഖലയിലും പാര്‍ട്ടിക്കുണ്ടായ പരാജയങ്ങള്‍ സംബന്ധിച്ചും പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ വോട്ടുകള്‍ ചോര്‍ന്നതു സംബന്ധിച്ചും അന്വേഷണം നടത്താന്‍ സിപിഎം ഏരിയ കമ്മറ്റികളെ ചുമതലപ്പെടുത്തി.
കഴിഞ്ഞദിവസം ചേര്‍ന്ന ജില്ല സെക്രട്ടറിയേറ്റ് യോഗമാണ് അന്വേഷണത്തിനു ഏരിയ കമ്മറ്റികളെ ചുമതലപ്പെടുത്തിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം വേണമെന്നായിരുന്നു ജില്ലാ നേതൃത്വത്തിന്റെ ആവശ്യമെങ്കിലും സംസ്ഥാന നേതൃത്വം അത് അംഗീകരിച്ചില്ല. തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് അന്വേഷണ കമ്മീഷന്‍ വേണമെന്ന ജില്ലാ നേതൃത്വത്തിന്റെ നിലപാട് സംസ്ഥാന നേതൃത്വം അംഗീകരിക്കാതിരുന്നത് ജില്ലാ നേതൃത്വത്തിന് തിരിച്ചടിയായി.