തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദനോട് ഫേസ്ബുക്കിലൂടെ ഉമ്മന്‍ചാണ്ടി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയുമായി വി.എസിന്റെ ഫേസ്ബുക് പോസ്റ്റ്. എസ്.എന്‍.സി ലാവലിന്‍ കേസ്, ധര്‍മടത്ത് പിണറായിക്ക് വേണ്ടി നടത്തിയ പ്രചരണം, ടി.പി. ചന്ദ്രശേഖരന്‍ വധം, ആര്‍.ബാലകൃഷ്ണപ്പിള്ള എന്നിവ സംബന്ധിച്ചായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ചോദ്യങ്ങള്‍. ഇതിനെല്ലാം വി.എസ് അക്കമിട്ട് മറുപടി നല്‍കിയിട്ടുണ്ട്.
ലാവലിന്‍ കേസിലെ കോടതി വിധി താന്‍ അംഗീകരിക്കുന്നു. ആ കോടതി വിധിക്കെതിരെ മറ്റൊരു മേല്‍ കോടതി വിധി വരുന്നത് വരെ തന്റെ നിലപാടിലും മാറ്റമില്ലെന്ന് വി.എസ് പറയുന്നു. തന്റെ പാര്‍ട്ടിയുടെയും മുന്നണിയുടെയും സീനിയര്‍ നേതാവാണ് പിണറായി വിജയന്‍. ധര്‍മടത്ത് അദ്ദേഹത്തെ പ്രസംഗിച്ച് തോല്‍പിക്കാന്‍ വേറെ ആളെ അന്വേഷിക്കണമെന്നും വി.എസ് പറയുന്നുണ്ട്.
ടി.പി. ചന്ദ്രശേഖരന്‍ വധത്തിലും തന്റെ നിലപാടുകള്‍ക്ക് മാറ്റമില്ല. അത് ആര് നടത്തിയാലും അവരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരേണ്ടതുണ്ട്. എന്നാല്‍ ആര്‍.എം.പി.യെ ഉപയോഗിച്ച് യു.ഡി.എഫ്. നടത്തുന്ന രാഷ്ട്രീയ കച്ചവടത്തിന് അരുനില്‍ക്കാന്‍ തന്നെ കിട്ടില്ല. ഭരണത്തില്‍ ഇരുന്ന് അഴിമതി നടത്തിയ നിരവധി പേര്‍ക്കെതിരെ താന്‍ നിയമ പോരാട്ടങ്ങള്‍ നടത്തിയിട്ടുണ്ട്. ഈ കേസുകളില്‍ ജയിലില്‍ അടക്കാന്‍ കഴിഞ്ഞത് ആര്‍ ബാലകൃഷ്ണപിള്ളയെയാണ്. ആര്‍. ബാലകൃഷ്ണപിള്ളയുടെ പാര്‍ട്ടി ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ അംഗമല്ലെന്നും വി.എസ് മറുപടി നല്‍കുന്നു.