കൊല്ലം: മൈക്രോഫിനാന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട് വി.എസ്. അച്യുതാനന്ദന്‍ വിജിലന്‍സ് കോടതിയില്‍ നല്‍കുന്ന ഹര്‍ജിയെ ഭയക്കുന്നില്ലെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സമത്വ മുന്നേറ്റ യാത്രയ്ക്കിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ വി.എസ്. തെളിയിക്കട്ടെ. കാണുന്ന പച്ചയെല്ലാം കടിക്കുന്ന പശുവിനെപ്പോലെയാണ് വി.എസ്. ഒരു പച്ച കടിച്ചാല്‍ അടുത്തതിലേയ്ക്ക് പോകും-വെള്ളാപ്പള്ളി പറഞ്ഞു.
ഇടതു, വലതു മുന്നണികള്‍ ഏര്‍പ്പെടുത്തിയ വിലക്ക് സമത്വ മുന്നേറ്റ യാത്രയുടെ ശോഭ വര്‍ധിപ്പിച്ചിരിക്കുകയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഇനി എന്നെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ ഈ ശോഭ ഇരട്ടിയാകും. കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരുമില്ലാത്ത മാര്‍ച്ചാണ് ഇപ്പോള്‍ നടക്കുന്നത്. ഇരുവരും അവരുടെ ഭാരവാഹികള്‍ക്ക് മാര്‍ച്ചില്‍ പങ്കെടുക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇന്നലെ വരെ ഞാന്‍ വര്‍ഗീയവാദിയാണെന്ന് ആരും പറഞ്ഞിരുന്നില്ല. സമത്വ മുന്നേറ്റ യാത്ര തുടങ്ങിയപ്പോള്‍ എല്ലാവര്‍ക്കും ഞാന്‍ വര്‍ഗീയവാദിയായി. എന്നാല്‍, സമത്വ മുന്നേറ്റയാത്രയെ വരവേല്‍ക്കാന്‍ പല സ്ഥലങ്ങളിലും കൃസ്ത്യാനികളും മസ്ലിങ്ങളുമുണ്ടായിരുന്നു-വെള്ളാപ്പള്ളി പറഞ്ഞു.
എസ്.എന്‍.ഡി.പി യോഗത്തിന്റെ പുതിയ പാര്‍ട്ടിയുടെ രൂപവത്കരണം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലേയ്ക്ക് ബി.ജെ.പി. നേതാക്കളെ ക്ഷണിച്ചിട്ടില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഇതു സംബന്ധിച്ച് ബി.ജെ.പി. നേതാക്കളുമായി ഒരു കൂടിക്കാഴ്ചയും നടത്തിയിട്ടില്ല. യാത്രയുടെ സമാപനത്തോടെ പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനമുണ്ടാകും. അതിന്റെ രൂപരേഖ ശനിയാഴ്ച കാലത്ത് ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തും-വെള്ളാപ്പള്ളി പറഞ്ഞു.
മൈക്രോഫൈനാന്‍സ് അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നേരിട്ടെത്തി ഹരജി നല്‍കിയത്.മൈക്രോഫൈനാൻസ് അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വി.എസ് നേരത്തേ ആഭ്യന്തരമന്ത്രിക്ക് പരാതി നൽകിയിരുന്നു. വിഷയത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വി.എസ്. വിജിലൻസ് കോടതിയിൽ ഹരജി നൽകിയിരിക്കുന്നത്. ദേശസാൽകൃത ബാങ്കുകളിൽ നാല് ശതമാനം പലിശക്ക് വായ്പയെടുക്കുകയും 15 മുതൽ 20 ശതമാനംവരെ പലിശക്ക് ഈ തുക മൈക്രോഫൈനാൻസ് ഇടപാടുകാർക്ക് മറിച്ചു നൽകുകയുമായിരുന്നു എന്നാണ് പരാതി.
സ്വസമുദായത്തിലെ ദശലക്ഷത്തോളം സ്ത്രീകളെ വഞ്ചിക്കുകയായിരുന്നു വെള്ളാപ്പള്ളിയെന്ന് വി.എസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. 5015 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. വി.എസ് സ്വസമുദായത്തിലെ കുലംകുത്തിയാണെന്ന വെള്ളാപ്പള്ളി നടേശന്‍റെ പ്രസ്താവന പരാമർശിക്കവെ കുലംകുത്തിയാരെന്ന് കേസിൽ വിധി വരുമ്പോൾ വെള്ളാപ്പള്ളിക്ക് മനസ്സിലാകുമെന്നും വി.എസ് പറഞ്ഞു.