
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വിഎസ് അച്യുതാനന്ദനെ പോളിറ്റ് ബ്യൂറോയിലേയ്ക്കു തിരികെയെടുക്കാൻ സിപിഎം കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു. പിണറായി വിജയൻ മുഖ്യമന്ത്രിയാകുന്ന കേരളത്തിലെ ഇടതു സർക്കാരിനെ നയിക്കാൻ ഇടതു മുന്നണിയുടെ ഉപദേഷ്ടകനായി വിഎസ് തുടരുമെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ കാബിനറ്റ് പദവിയുള്ള ഉപദേഷ്ടാവിന്റെ റോളാണ് ഇക്കുറി പിണറായി വിജയൻ വിഎസ് അച്യുതാനന്ദനു വച്ചു നീട്ടിയിരിക്കുന്നത്. അടുത്ത ദിവസം ചേരുന്ന കേന്ദ്രകമ്മിറ്റി യോഗം വിഎസിന്റെ പേര് പിബിയിലേയ്ക്കു നിർദേശിക്കും. തുടർന്നു അടുത്ത ദിവസം തന്നെ ഇതു സംബന്ധിച്ചു കേന്ദ്ര ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെ പ്രഖ്യാപിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. കേരളത്തിൽ അധികാരത്തിലെത്തുന്ന ഇടതു മുന്നണി സർക്കാരിനെ പ്രതിസന്ധിയാക്കുന്ന നീക്കങ്ങളൊന്നും ഉണ്ടാകരുതെന്ന കർശന നിർദേശം വിഎസിനു സീതാറാം യെച്യൂരി നൽകിയിട്ടുമുണ്ട്. മുൻപുണ്ടായിരുന്ന രീതിയിൽ പ്രശ്നങ്ങളുണ്ടായാൽ ഇതെല്ലാം തനിക്കെതിരെയ ആയുധമായി സംസ്ഥാന നേതൃത്വം പ്രയോഗിക്കുമെന്നും വിഎസ് തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുമുണ്ട്.
ഈ സാഹചര്യത്തിൽ വിഎസ് നേരിട്ട് ഇനി സംസ്ഥാന സർക്കാരും പിണറായി വിജയനുമായി ഏറ്റുമുണ്ടാനുണ്ടാവില്ല. പാർട്ടി നേതൃത്വത്തിൽ നിന്നു സ്വയം മാറി നിന്ന് വിഎസ് മുതിർന്ന നേതാവായി നിന്ന് പാർട്ടിക്കു വിധേയനാകുമെന്ന സൂചനയാണ് ലഭിക്കുന്നത്.