![](https://dailyindianherald.com/wp-content/uploads/2016/06/pinarayi-vijayan-photo-12.jpg)
തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദന് സര്‍ക്കാരില്‍ എന്ത് പദവി നല്‍കുമെന്ന കാര്യത്തെക്കുറിച്ച് ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മദ്യനയം രൂപീകരിക്കുന്നതിലേക്ക് ഇടതു സര്‍ക്കാര്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ്. നയം രൂപീകരിച്ച ശേഷം അക്കാര്യം അറിയിക്കും. 1,54,057 കോടി രൂപയാണ് സംസ്ഥാനത്തിന്റെ മൊത്തം കടം. 1,970 കോടി രൂപ പെന്‍ഷന്‍ ഇനത്തിലും കൊടുത്തുതീര്‍ക്കാനുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തിക നില ഭദ്രമല്ലെന്നും പ്രതിസന്ധി മറികടക്കാന്‍ ഭാവനാ പൂര്‍ണമായ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാഷ്ട്രീയ പകപോക്കലിന് എല്‍ഡിഎഫ് സര്‍ക്കാര്‍ കേസുകളെ ഉപയോഗിക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. കേസുകളുടെ കാര്യത്തില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും അല്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ്ബിടി ബാങ്ക് നിലനില്‍ക്കണമെന്ന് കേരളത്തിന്റെ പൊതുസമൂഹം ആഗ്രഹിക്കുന്നതുപോലെ തന്നെയാണ് സര്‍ക്കാരും ആഗ്രഹിക്കുന്നത്. കേരള ബാങ്ക് പദ്ധതിയെ ഗൗരവമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സിപിഎമ്മുകാര്‍ ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണെന്ന ആരോപണം മുഖ്യമന്ത്രി തള്ളി. ആര്‍എസ്എസാണ് നുണപ്രചരണം നടത്തുന്നത്. അവര്‍ നുണപ്രചരണത്തിന് ബഹുമിടുക്കരാണെന്നും വര്‍ഗീയ കലാപങ്ങള്‍ക്ക് വേണ്ടിയാണ് അവര്‍ നുണപ്രചരണം നടത്തുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
എന്‍ഡോസള്‍ഫാന്‍ ദുരിധബാധിതര്‍ക്ക് എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കും. വിലക്കയറ്റം നേരിടാന്‍ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്‌ടെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.