തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് കേരളത്തില്‍ പ്രധാനമത്സരമെന്നും എല്‍ഡിഎഫ് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെന്നുമുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന വിവാദമായി.അതിനിടെ ബി.ജെ.പിയെ മുഖ്യ എതിരാളിയായി പ്രഖ്യാപിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ രംഗത്തുവന്നു
വഴി മുട്ടിയ ബി.ജെ.പിക്ക് വഴി കാട്ടാന്‍ ഉമ്മന്‍ ചാണ്ടിയെന്ന് വി.എസ് ട്വീറ്റ് ചെയ്തു.
സംസ്ഥാനത്ത് മത്സരം നടക്കുന്നത് ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലാണെന്നും ഇടതുപക്ഷം മൂന്നാം സ്ഥാനത്താണെന്നും മുഖ്യമന്ത്രി പ്രസ്താവിച്ചിരുന്നു. കുട്ടനാട് മണ്ഡലത്തിലെ യു.ഡി.എഫ് കണ്‍വന്‍ഷനിലാണ് മുഖ്യമന്ത്രി ബി.ജെ.പിയെ പിന്തുണച്ച് പ്രസ്താവന നടത്തിയത്.പ്രസംഗം വിവാദമായതോടെ തന്റെ പ്രസംഗം മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി രംഗതത്ത് വന്നിരുന്നു.
കേരളത്തില്‍ മൂന്നാംശക്തിയായി ബിജെപി മാറിയെന്നും നിയമസഭയില്‍ സ്വാധീനശക്തിയാകുമെന്നും പ്രധാനമന്ത്രി അവകാശപ്പെടുമ്പോഴാണ് ബിജെപിക്ക് ഒന്നോ രണ്ടോ സ്ഥാനം കല്‍പ്പിച്ചുള്ള ഉമ്മന്‍ചാണ്ടിയുടെ പ്രസംഗം. ബിജെപി ശക്തമായി മത്സരരംഗത്തുള്ള എല്ലായിടത്തും കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് മത്സരമെന്നും സിപിഐ എം മൂന്നാംസ്ഥാനത്താണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഇതോടെ കാവിചേരിയുമായി ഉമ്മന്‍ചാണ്ടി രൂപപ്പെടുത്തിയ വോട്ടുകച്ചവടം തുറന്നുകാട്ടി സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും എല്‍ഡിഎഫ് നേതാക്കളും രംഗത്തെത്തി. നില്‍ക്കക്കള്ളിയില്ലാതെ ഉമ്മന്‍ചാണ്ടിയെ തള്ളിപ്പറയാന്‍ എ കെ ആന്റണിയും വി എം സുധീരനും നിര്‍ബന്ധിതരായി. യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചനും ഇത് തള്ളി. എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് പ്രധാന മത്സരമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ആര്‍എസ്എസ് പ്രീണന പ്രസ്താവനയ്ക്കെതിരെ ശക്തമായ വിമര്‍ശം വന്നതോടെ തന്റെ പ്രസംഗത്തിലെ ഒരു ഭാഗം അടര്‍ത്തിമാറ്റി വിവാദം ഉണ്ടാക്കുകയാണെന്ന് ഫെയ്സ്ബുക്കില്‍ കുറിച്ച് തടിയൂരാന്‍ ഉമ്മന്‍ചാണ്ടി നോക്കിയെങ്കിലും ചാനലുകളില്‍ പ്രസംഗം ആവര്‍ത്തിച്ചതോടെ അത് പാളി.
സ്ഥാനാര്‍ഥിനിര്‍ണയവേളയില്‍ കളങ്കിതര്‍ക്ക് ടിക്കറ്റ് കിട്ടുന്നില്ലെങ്കില്‍ സ്വന്തംപാര്‍ടിയുണ്ടാക്കി ബിജെപിയുമായി ചേര്‍ന്ന് മത്സരിക്കുമെന്ന് ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനെ ഭീഷണിപ്പെടുത്തിയത് കുട്ടനാട് പ്രസംഗവുമായി ചേര്‍ത്തു വായിക്കണം. കേരളത്തിലെ ബിജെപി ശക്തിയെപ്പറ്റിയുള്ള മോഡിയുടെ പൊള്ളയായ അവകാശവാദത്തിന് ഉമ്മന്‍ചാണ്ടി ശക്തിപകര്‍ന്നത് ആര്‍എസ്എസിനെ പ്രീണിപ്പിക്കാനാണ്.
യുഡിഎഫിന് തുടര്‍ഭരണം ഉണ്ടാകില്ലെന്ന് മറ്റാരേക്കാള്‍ ബോധ്യമുള്ളത് ഉമ്മന്‍ചാണ്ടിക്കാണ്. സംസ്ഥാന പൊലീസ് ഇന്റലിജന്‍സിന്റെയും വിവിധ വോട്ടുപഠന ഏജന്‍സികളുടെയും റിപ്പോര്‍ട്ടുകളില്‍ തെളിയുന്നത് യുഡിഎഫ് വലിയ വ്യത്യാസത്തില്‍ പ്രതിപക്ഷത്താകുമെന്നാണ്. യുഡിഎഫ് തോറ്റാല്‍ പ്രതിപക്ഷനേതാവിന്റെ പദവിപോലും ഉമ്മന്‍ചാണ്ടിക്ക് കിട്ടില്ല. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയാന്‍ ഉമ്മന്‍ചാണ്ടിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ബന്ധിക്കും.