വിവരദോഷിയായ മന്ത്രിയും സി.പി.എമ്മും കേരള സംസ്ഥാനത്തിന്റെയും ദുരന്തമെന്ന് ബൽറാം. മൻമോഹൻ പാവങ്ങളുടെ പടത്തലവൻ;സഖാക്കൾ ഓർക്കണമെന്നും ബൽറാം

തിരുവനന്തപുരം :വിവരദോഷിയായ മന്ത്രിയും സി.പി.എമ്മും കേരള സംസ്ഥാനത്തിന്റെയും ദുരന്തമെന്ന് എ.കെ.ഗോപാലനെതിരെ പരാമർശം നടത്തി വിവാദത്തിൽപ്പെട്ട വി.ടി.ബൽറാം എംഎൽഎ പ്രതികരിച്ചു. മൻമോഹൻ പാവങ്ങളുടെ പടത്തലവനിന്നും അത് സഖാക്കൾ ഓർക്കണമെന്നും ബൽറാം പറയുന്നു . മുൻ‌ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ അവഹേളിച്ച മന്ത്രിയെ സിപിഎമ്മും മുഖ്യമന്ത്രിയും സംരക്ഷിക്കുന്നത് ആ പാർട്ടിയുടെയും സർക്കാരിന്റെയും ജീർണതയാണ് തെളിയിക്കുന്നതെന്ന് ബൽറാം ആരോപിച്ചു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ വിമർശിച്ചതിന്റെയും സ്വന്തം പാർട്ടിയായ കോൺഗ്രസും നേതാക്കളും തള്ളിപ്പറഞ്ഞതിന്റെയും പശ്ചാത്തലത്തിലാണ് ബൽറാം സമൂഹമാധ്യമത്തിൽ കുറിപ്പ് എഴുതിയത്.ലോകത്തേറ്റവും കൂടുതൽ ജനങ്ങളെ ദാരിദ്ര്യത്തിൽനിന്ന് മധ്യവർഗത്തിലേക്കുയർത്തിയ ദീർഘവീക്ഷണമുള്ള ഭരണാധികാരിയാണ്‌ മൻമോഹൻ സിങ്. ആ നിലയ്ക്ക്‌ ആലങ്കാരികമായല്ല, പ്രായോഗികമായി പാവങ്ങളുടെ പടത്തലവനാണ്. ആ മഹദ് ജീവിതത്തിന്റെ യശസ്സിൽ ഒരു നുള്ള് മണ്ണു വീഴ്ത്തുന്നത് ഇന്ത്യയിലെ ഇടത്തരക്കാരുടെയും തൊഴിലാളികളുടെയും കർഷകരുടെയും സാധാരണ ജനങ്ങളുടെയും ഹൃദയത്തിനേൽപ്പിക്കുന്ന പരുക്കാണ്. വിവരദോഷിയായ മന്ത്രിക്ക് അത് പറഞ്ഞു കൊടുക്കാൻ വിവേകമുള്ള നേതൃത്വം സിപിഎമ്മിനും സർക്കാരിനും ഇല്ല എന്നതാണ് ആ പാർട്ടിയുടെയും കേരള സംസ്ഥാനത്തിന്റെയും ദുരന്തമെന്നു ബൽറാം പറയുന്നു

എകെജി– സുശീലാ ഗോപാലൻ ബന്ധത്തെക്കുറിച്ച് കഴിഞ്ഞ ദിവസം രാത്രിയാണ് ബല്‍റാം പോസ്റ്റിട്ടത്. വിവാഹ സമയത്ത് സുശീലയുടെ പ്രായം 22 വയസ്സാണെന്നും 10 വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹമെന്നും എ.കെ.ഗോപാലന്റെ ആത്മകഥ ഉദ്ധരിച്ച് ബൽറാം കുറിച്ചു. അധിക്ഷേപകരമായ മറ്റു പരാമര്‍ശങ്ങളും ഉണ്ടായതോടെ ശക്തമായ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിലൂടെ ബല്‍റാമിനെതിരെ ഉണ്ടായത്.ബൽറാമിന്റെ പരാമർശത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. ബൽറാം വിവരദോഷിയും ധിക്കാരിയുമാണെന്ന് മുഖ്യമന്ത്രി സമൂഹമാധ്യമത്തിൽ കുറിച്ചു. മന്ത്രി എം.എം.മണി, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.സി.ജോർജ്, കെ.മുരളീധരൻ, ഷാനിമോൾ ഉസ്മാൻ തുടങ്ങിയവരും ബൽറാമിന്റെ പരാമർശത്തെ തള്ളിപ്പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വി.ടി.ബൽറാമിന്റെ കുറിപ്പിന്റെ പൂർണരൂപം:

ഡോ. മൻമോഹൻ സിങ്ങിനെ അവഹേളിച്ച മന്ത്രിയെ സിപിഎമ്മും മുഖ്യമന്ത്രിയും സംരക്ഷിക്കുന്നത് ആ പാർട്ടിയുടെയും സർക്കാരിന്റേയും ജീർണത തെളിയിക്കുന്നു. ഇന്ത്യൻ സാമ്പത്തിക വിപ്ലവത്തിന്റെ പതാകയേന്തി നാടിന്റെ വികസനത്തിനു വേണ്ടി പടപൊരുതിയ മഹാനായ മുൻ പ്രധാനമന്ത്രിയെ ഹീനഭാഷയിൽ അധിക്ഷേപിച്ച മന്ത്രിക്ക്‌ ഈ രാജ്യത്തിന്റെ ചരിത്രമോ മൻമോഹൻജിയുടെ ജീവിതമോ അറിയില്ലായിരിക്കാം. വകതിരിവില്ലായ്മയും വിവരക്കേടുമാണത്. ആ വകതിരിവില്ലായ്മയാണോ സിപിഎമ്മിന്റെയും സർക്കാരിന്റേയും മുഖമുദ്ര എന്ന് വിശദീകരിക്കേണ്ടത് ആ പാർട്ടി/ഭരണ നേതൃത്വങ്ങളാണ്.

ഡോ. മൻമോഹൻ സിങ് ഈ നാടിന്റെ വിവേകമാണ്; ജനഹൃദയങ്ങളിൽ സാമ്പത്തിക വിപ്ലവ പോരാളിയാണ്; ലോകത്തേറ്റവും കൂടുതൽ ജനങ്ങളെ ദാരിദ്ര്യത്തിൽനിന്ന് മിഡിൽ ക്ലാസിലേക്കുയർത്തിയ ദീർഘവീക്ഷണമുള്ള ഭരണാധികാരിയാണ്‌. ആ നിലക്ക്‌ ആലങ്കാരികമായല്ല, പ്രായോഗികമായി പാവങ്ങളുടെ പടത്തലവനാണ്. ആ മഹദ് ജീവിതത്തിന്റെ യശസ്സിൽ ഒരു നുള്ള് മണൽ വീഴ്ത്തുന്നത് ഇന്ത്യയിലെ ഇടത്തരക്കാരുടെയും തൊഴിലാളികളുടെയും കർഷകരുടെയും സാധാരണ ജനങ്ങളുടെയും ഹൃദയത്തിനേൽപ്പിക്കുന്ന പരിക്കാണ്. വിവരദോഷിയായ മന്ത്രിയ്ക്ക് അത് പറഞ്ഞു കൊടുക്കാൻ വിവേകമുള്ള നേതൃത്വം സിപിഎമ്മിനും സർക്കാരിനും ഇല്ല എന്നതാണ് ആ പാർട്ടിയുടെയും കേരള സംസ്ഥാനത്തിന്റേയും ദുരന്തം.

ഉയർന്നു വന്നതും സിപിഎമ്മിനെപ്പേടിച്ച്‌ ഉയർന്നുവരാത്തതുമായ പ്രതികരണങ്ങൾ കണ്ടെങ്കിലും അത്തരം ബോധം വരാത്തതിൽ സഹതപിക്കുന്നു. അറിവില്ലായ്മയും ധിക്കാരവും കയ്യേറ്റഭൂമിക്കുവേണ്ടിയുള്ള ആർത്തിയും ഒരു ജനതയുടെ; ജനകോടികളുടെ ഹൃദയ വികാരത്തെ ആക്രമിച്ചു കൊണ്ടാവരുത് എന്ന് ഹർകിഷൻസിങ് സുർജിത്തിനെയും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ചരിത്രത്തെയും മറന്ന നിർഗുണ സഖാക്കൾ ഓർക്കുന്നത് നന്ന്. ഡോ. മൻമോഹൻസിങ്ങിനെയും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തേയും മാത്രമല്ല ഈ നാടിന്റെ ആത്മാഭിമാനത്തെ തന്നെയാണ് മുറിവേൽപ്പിക്കുന്നതെന്നു മനസ്സിലാക്കാനുള്ള ഔചിത്യം സിപിഎമ്മിനും കേരള സർക്കാരിനുമുണ്ടാകട്ടെ എന്നാശംസിക്കുന്നു.

Top