
മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കുന്നതിന്റെ ഭാഗമായി പാപ്പാത്തിച്ചോലയിലെ കുരിശു പൊളിച്ചത് അധാര്‍മ്മികമെന്ന യുഡിഎഫ് നിലപാട് തള്ളി കോണ്‍ഗ്രസ് എംഎല്‍എ വിടി ബലറാം രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് ബല്‍റാം തന്റെ നിലപാട് വ്യക്തമാക്കിയത്. കയ്യേറ്റം ഒഴിപ്പിക്കുന്ന കാര്യത്തില്‍ പരിഗണിക്കേണ്ടത് ധാര്‍മ്മികതയോ വൈകാരികതയോ അല്ല, നിയമപരതയാണെന്നാണ് വിടി ബലറാം പറയുന്നത്. കുരിശു പൊളിച്ചത് അധാര്‍മ്മികമായ നടപടിയാണെന്ന യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്റെ വാക്കുകളെ തള്ളിയുമാണ് ബല്‍റാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
കയ്യേറ്റമൊഴിപ്പിക്കുന്ന കാര്യത്തില്‍ പരിഗണിക്കേണ്ടത് ധാര്‍മ്മികതയോ വൈകാരികതയോ അല്ല, നിയമപരതയാണ്. പൊതുമുതല്‍ കയ്യേറുന്നതാണ് അധാര്‍മ്മികത, അതിന് മതചിഹ്നങ്ങളെ മറയാക്കുന്നതാണ് അതിനേക്കാള്‍ വലിയ അധാര്‍മ്മികത. അതൊഴിപ്പിച്ചെടുത്ത് പൊതുമുതല്‍ സംരക്ഷിക്കുക എന്നതാണ് ഭരണകൂടത്തിന്റെയും രാഷ്ട്രീയ സംവിധാനങ്ങളുടേയും ധാര്‍മ്മികത. വഴിയില്‍ കിടക്കുന്ന കുരിശെടുത്ത് തോളത്ത് വെക്കാതിരിക്കാനുള്ള വിവേകം എല്ലാവരും കാണിക്കണം.