ഭോപ്പാല്‍: വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട് മധ്യപ്രദേശിലെയും ഉത്തര്‍പ്രദേശിലേയും നാല്‍പ്പതോളം കേന്ദ്രങ്ങളില്‍ സിബിഐ റെയ്ഡ്. മധ്യപ്രദേശില്‍ മുന്‍ സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മന്ത്രി ലക്ഷ്മികാന്ത് ശര്‍മയുടേതുള്‍പ്പടെയുള്ള വീടുകള്‍ സിബിഐ റെയ്ഡ് ചെയ്തു. മധ്യപ്രദേശില്‍ ഭോപ്പാല്‍, ഇന്‍ഡോര്‍, ഉജ്ജൈനി, രേവ, ഉത്തര്‍പ്രദേശില്‍ ലക്നൗ, അലഹബാദ് എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്.
അതേസമയം മധ്യപ്രദേശില്‍ വ്യാപം കേസ് അന്വേഷണം നടത്തുന്ന സി ബി ഐ ഉദ്യോഗസ്ഥര്‍ക്ക് നേതൃത്വം നല്‍കാന്‍ അയക്കപ്പെട്ട സിബിഐ ഡിഎസ്പിയെ ട്രെയിനില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു.
വ്യാപം കേസിന്റെ അന്വേഷണം ഏറെ സങ്കീര്‍ണമാവുകയാണ്. അഴിമതിയുമായി ബന്ധപ്പെട്ട് 107 കേസുകളും അസ്വാഭാവിക മരണങ്ങളുമായി ബന്ധപ്പെട്ട് അമ്പതോളം കേസുകളുമാണ് നിലവിലുള്ളത്. കേസില്‍ 2000ത്തോളം പ്രതികളാണുള്ളത്. കേസിലെ പ്രതികളുടെ ബാഹുല്യം അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെ ഏറെ ബാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കാര്യക്ഷമമായ അന്വേഷണത്തിനായി സ്പെഷല്‍ വ്യാപം സ്കാം സോണ്‍ രൂപീകരിക്കണമെന്ന ആവശ്യം സിബിഐ ഉദ്യോഗസ്ഥര്‍ ഉന്നയിച്ചിട്ടുണ്ട്. ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ 496 അംഗങ്ങളുള്ള സ്പെഷല്‍ സോണ്‍ വേണമെന്നാണ് സിബിഐയുടെ ആവശ്യം. ഇത്തരത്തില്‍ സ്പെഷല്‍ സോണ്‍ രൂപീകരിക്കാന്‍ ആവശ്യപ്പെടുന്ന ആദ്യ കേസാണിതെന്ന പ്രത്യേകതയും വ്യാപം കേസിനുണ്ട്.
മധ്യപ്രദേശില്‍ സര്‍ക്കാര്‍ സര്‍വീസുകളിലേക്കുള്ള നിയമനവും വിദ്യാഭ്യാസ പ്രവേശനവും നിര്‍ണയിക്കുന്ന വ്യാവസായിക് പരീക്ഷാ മണ്ഡലുമായി ബന്ധപ്പെട്ട നിയമന, പ്രവേശന കുംഭകോണം രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. അഴിമതിയുമായി ബന്ധപ്പെട്ട് നാല്‍പ്പതിലധം ദൂരൂഹ മരണങ്ങളാണ് സംസ്ഥാനത്തുണ്ടായത്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ഭാര്യ അടക്കമുള്ളവര്‍ക്ക് അഴിമതിയില്‍ പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നു. വ്യാപം കേസ് മധ്യപ്രദേശിലെ ബിജെപി സര്‍ക്കാരിനെ വലിയ വിവാദത്തില്‍ എത്തിച്ചിരുന്നു.