വാനാക്രൈ റാൻസംവെയറിന്‍റെ മൂന്നാം പതിപ്പു പുറത്തിറങ്ങിയതായി സൂചന; കില്ലര്‍ സ്വിച്ച് സംവിധാനം ഉപയോഗിച്ച് നിര്‍വീര്യമാക്കാനാവില്ല; മുമ്പുള്ളതിനെ അപേക്ഷിച്ച് അതിവിനാശകരം

വാഷിങ്ടൺ: വാനാക്രൈ റാൻസംവെയർ പ്രോഗ്രാമിന്‍റെ മൂന്നാം പതിപ്പ് പുറത്തിറങ്ങിയതായി സൂചന. പലയിടത്തു നിന്നാകാം വിവിധ പതിപ്പുകൾ ഉത്ഭവിച്ചതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പുതിയ പതിപ്പുകൾക്ക് പ്രോഗ്രാമുകൾ നിർവീര്യമാക്കാനുള്ള പ്രത്യേക സംവിധാനം ഇല്ലെന്നും ഐടി മേഖലയിലെ വിദഗ്ധര്‍ വിലയിരുത്തുന്നു. പാലക്കാട് ഡിആർഎം ഓഫിസിലെ കംപ്യൂട്ടറുകളിലും ഇന്നലെ വാനാക്രൈ റാൻസംവെയർ കണ്ടെത്തിയിരുന്നു. ഇത് വാനാക്രൈ രണ്ടാം പതിപ്പായിരുന്നെന്നാണ് വിലയിരുത്തപ്പെടുന്നത്.

പുതിയ വൈറസ് പുറത്തിറങ്ങിയ പശ്ചാത്തലത്തില്‍ ഉത്തരകൊറിയയുടെ നേരെയുള്ള സംശയം ബലപ്പെടുകയായണ്. ഉത്തര കൊറിയയുടെ സൈബര്‍ പണിപ്പുരയാണു ബ്യൂറോ 121. സൈബര്‍ യുദ്ധം തന്നെ നടത്താന്‍ ശേഷിയുള്ള ഏജന്‍സി. 1998ല്‍ ആരംഭിച്ചു. നിയന്ത്രണം പട്ടാളത്തിന്. രാജ്യത്തെ ഏറ്റവും മികവേറിയ കംപ്യൂട്ടര്‍ വിദഗ്ധരുടെ സേവനം. 1800 പേരുണ്ടെന്ന് അനൗദ്യോഗിക കണക്കുകള്‍. പലരും അഞ്ചുവര്‍ഷം കഠിനമായ പരിശീലനം നേടിയവര്‍. ചിലര്‍ രാജ്യത്തിനു വെളിയില്‍ പ്രവര്‍ത്തിക്കുന്നു. ദക്ഷിണ കൊറിയ, ജപ്പാന്‍, യുഎസ് എന്നിവയാണു ബ്യൂറോ 121ന്റെ പ്രധാന ലക്ഷ്യം. 2015ല്‍ സോണി പിക്‌ചേഴ്‌സ് ഹാക്ക് ചെയ്ത സംഭവത്തില്‍ ആരോപണം നേരിട്ടെങ്കിലും ഉത്തര കൊറിയ നിഷേധിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സോണിയുടെ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യുന്നതിനു മുമ്പുതന്നെ ദക്ഷിണകൊറിയയിലെ 30,000 കംപ്യൂട്ടറുകളെ വൈറസ് ബാധിച്ചിരുന്നു. ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ വെബ്‌സൈറ്റ്, ബാങ്കുകള്‍, ടെലിവിഷന്‍ ചാനലുകള്‍ എന്നിവ ഇരയായി. ഇതൊക്കെ സംശയത്തിന്റെ മുന ഉത്തരകൊറിയയ്ക്കു നേരെ നീളാന്‍ കാരണമായി. 2009 മുതല്‍ ലോകമെമ്പാടും നടക്കുന്ന പല സൈബര്‍ ആക്രമണങ്ങള്‍ക്കും പിന്നില്‍ ഉത്തര കൊറിയയാണെന്നാണ് അമേരിക്ക കരുതുന്നത്. ചൈനയില്‍ വരെ ബ്യൂറോ 121നു രഹസ്യ കേന്ദ്രങ്ങളുണ്ടെന്നാണു സൂചന. ദക്ഷിണ കൊറിയയില്‍ ജിപിഎസ് സംവിധാനം തടസ്സപ്പെട്ടതുമായി ബന്ധപ്പെട്ട് ഏപ്രിലില്‍ ഉത്തര കൊറിയയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

റാന്‍സംവെയറായ വാനാക്രൈയില്‍ ഉപയോഗിച്ചിരിക്കുന്ന പ്രോഗ്രാം കോഡുകള്‍ സൃഷ്ടിച്ചിരിക്കുന്നത് ഉത്തരകൊറിയയിലെ ലസാറസ് എന്ന ഹാക്കിംഗ് സംഘമാണെന്നാണ് പരക്കെയുള്ള വിശ്വസം. ഇവര്‍ അറിയപ്പെടുന്നതു തന്നെ മാല്‍വെയറുകളുടെ ഫാക്ടറിയെന്നാണ്. ഇവര്‍ക്കു സര്‍ക്കാരിന്റെ പിന്തുണയുണ്ടെന്നാണ് പറയപ്പെടുന്നത്. ലോകമെങ്ങും വ്യാപിച്ചുകിടക്കുന്ന ശൃംഖല. ഒട്ടേറെ ഉപവിഭാഗങ്ങള്‍. പോളണ്ടിലെയും ബംഗ്ലദേശിലെയും ബാങ്കുകളില്‍ മാല്‍വെയറുകള്‍ കടത്തിവിട്ടതോടെ വാര്‍ത്തകളില്‍ ഇടംപിടിച്ചു. ചില രാജ്യങ്ങളില്‍ പ്രവര്‍ത്തനം തടസ്സപ്പെട്ടതോടെ ചെറുരാജ്യങ്ങളിലെ ചെറുബാങ്കുകളായി ലക്ഷ്യം. ഇന്ത്യ, മെക്‌സിക്കോ, ഓസ്‌ട്രേലിയ, റഷ്യ, നോര്‍വേ, നൈജീരിയ, പെറു, പോളണ്ട്.എന്നീ രാജ്യങ്ങളിലാണ് ഇവര്‍ ഏറ്റവുമധികം ആക്രമണം അഴിച്ചുവിട്ടത്.

യുഎസ് സുരക്ഷാ ഏജന്‍സിയായ എന്‍എസ്എയില്‍ നിന്നും വാനാക്രൈ വികസിപ്പിക്കാനാവശ്യമായ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ ഹാക്കിംഗ് സംഘമായ ഷാഡോ ബ്രോക്കേഴ്‌സ് പുതിയ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ്.സ്മാര്‍ട്‌ഫോണ്‍, വെബ് ബ്രൗസറുകള്‍, റൗട്ടറുകള്‍ വിന്‍ഡോസ് 10 ഒഎസ് എന്നിവയിലെ ഗുരുതരമായ സുരക്ഷാ പിഴവുകള്‍, ബാങ്കുകളുടെ സുപ്രധാന വിവരങ്ങള്‍, ആണവ രഹസ്യങ്ങള്‍ എന്നിവ ജൂണ്‍ മുതല്‍ പുറത്തുവിടുമെന്നാണ് ഇവരുടെ ഭീഷണി. പിഴവുകള്‍ പുറത്തുവന്നാല്‍ ദൂരവ്യാപകമായ ആക്രമണങ്ങള്‍ ലോകമെങ്ങുമുണ്ടാകമെന്നു വിലയിരുത്തല്‍. മുമ്പുള്ള പതിപ്പുകളേക്കാള്‍ വിനാശകരമായ വാനാക്രൈ മൂന്നിനെ എങ്ങനെ നേരിടണമെന്നറിയാതെ കുഴങ്ങുകയാണ് വിദഗ്ധര്‍.

Top