ലണ്ടന്‍: ലോകത്തെ ഞെട്ടിച്ച വാനാക്രൈ വൈറസ് ആക്രമണത്തിന് പിന്നില്‍ ഉത്തരകൊറിയയാണെന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. നേരത്തെ ഉത്തരകൊറിയയിലെ സൈബര്‍ സംഘങ്ങള്‍ ഉപയോഗിച്ച തന്ത്രമാണ് പുതിയ ആക്രമത്തിനുപിന്നിലെന്ന കണ്ടെത്തലുകളാണ് ഉത്തര കൊറിയയെ സംശയത്തിന്റെ മുള്‍ മുനയില്‍ നിര്‍ത്തുന്നത്. ഉത്തര കൊറിയയാണ് വന്‍ സൈബര്‍ ആക്രമണത്തിന് പിന്നിലെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതോടെ അമേരിക്കയുള്‍പ്പെടെയുളള രാജ്യങ്ങളും ആശങ്കയിലാണ്.
അതേ സമയം ഗൂഗിളിലെ ജീവനക്കാരനും ഇന്ത്യന്‍ വംശജനുമായ നീല്‍ മേത്ത തെളിവുകള്‍ പുറത്തു വിട്ടിടുണ്ട്. വാനാക്രൈ വൈറസിന്റെ ഈ പതിപ്പിന് പിന്നില്‍ ഉത്തരകൊറിയന്‍ ഹാക്കര്‍ സംഘമായ ലാസറസ് ഗ്രൂപ്പാണെന്ന് റഷ്യയിലെ സൈബര്‍ സുരക്ഷാ കമ്പനിയായ കാസ്പര്‍സ്‌കൈ ചൂണ്ടിക്കാട്ടുന്നു.
ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനെ പരിഹസിച്ചുള്ള അമേരിക്കന്‍ സിനിമയ്ക്ക് എതിരെ ആക്രമണം നടത്തിയതും ഇതേ സംഘമാണ്. അന്ന് സോണി പിക്ചേഴ്സിന്റെ വെബ്സൈറ്റാണ് സൈബര്‍ ആക്രമണത്തിന് ഇരയായത്. കഴിഞ്ഞ കൊല്ലം ബംഗ്ലാദേശ് സെന്‍ട്രല്‍ ബാങ്ക് ഹാക്കിങ്ങിനു പിന്നിലും ലാസറസായിരുന്നു.
വാനാക്രൈ വൈറസും ഉത്തരകൊറിയ നടത്തുന്ന സൈബര്‍ ആക്രമണ രീതികളും തമ്മില്‍ ഏറെ സാമ്യങ്ങളുണ്ടെന്ന് വിവിധ സാങ്കേതിക വിദഗ്ധരെ ഉദ്ധരിച്ച് പ്രമുഖ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിനു പിന്നില്‍ ഉത്തരകൊറിയന്‍ ടെക് വിദഗ്ധരാണെന്ന് ഇസ്രയേലില്‍ നിന്നുള്ള ഇന്റസര്‍ ലാബ്‌സും ആരോപിക്കുന്നു.