യുദ്ധത്തിനെതിരെ നിലപാടെടുത്തതിന്, സിആർപിഎഫ് ജവാന്റെ വിധവയ്ക്ക് സമൂഹമാധ്യമങ്ങളിൽ അധിക്ഷേപ വർഷം. ഈ മാസം പതിനാലിന് പുൽവാമയിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സിആർപിഎഫ് ജവാൻ ബബ്ലു സാന്ദ്രയുടെ ഭാര്യ മിത സാന്ദ്രയ്ക്കാണ് അധിക്ഷേപം നേരിടേണ്ടിവരുന്നത്. യുദ്ധഭൂമിയിലെ ഓരോ മരണവും പട്ടാളക്കാരുടെ കുടുംബത്തിലെ ഒരുപാടുപേരെ ഒറ്റപ്പെടുത്തുന്നുണ്ട്. ഒരു അധ്യാപികയെന്ന നിലയിൽ, ഹിസ്റ്ററി വിദ്യാർഥിയെന്ന നിലയിൽ യുദ്ധത്തിന് ഒരു പരിഹാരവും കൊണ്ടുവരാനാവില്ലെന്ന് എനിക്കറിയാം.
ഒരു ഭാര്യയ്ക്ക് ഭർത്താവിനെ നഷ്ടമാകുന്നു, അമ്മയ്ക്ക് മകനെ നഷ്ടമാകുന്നു, മകൾക്ക് അച്ഛനെ നഷ്ടമാകുന്നു. യുദ്ധം സന്പദ്വ്യവസ്ഥയെ തകർക്കുന്നു- എന്നിങ്ങനെ നടത്തിയ പരാമർശത്തിന്റെ പേരിലാണ് മിതയ്ക്ക് അധിക്ഷേപം നേരിടേണ്ടി വന്നത്. മിത ഭർത്താവിനെ സ്നേഹിക്കുന്നില്ല, മറ്റാരുമായോ ബന്ധമുണ്ട്, ഭർത്താവിന്റെ മരണത്തിൽ പ്രതികാരം ചെയ്യാനുള്ള ഉത്തരവാദിത്തം അവർക്കുണ്ട് എന്നിങ്ങനെ പോകുന്നു സമൂഹമാധ്യമങ്ങളിലെ “ദേശസ്നേഹി’കളുടെ ആക്ഷേപങ്ങൾ.
എതിർപ്പുകൾ കനത്തതോടെ നിലപാട് വിശദീകരിച്ച് മിത രംഗത്തെത്തി. യുദ്ധത്തെക്കുറിച്ച് താൻ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നെന്നും അഭിപ്രായം പ്രകടിപ്പിക്കാൻ ആളുകൾക്ക് അവകാശമുണ്ടെന്നും മിത പറഞ്ഞു. തീവ്രവാദികളെ ഇല്ലാതാക്കാൻ വ്യോമസേന നടത്തിയ ആക്രമണത്തെ പിന്തുണച്ച മിത, താനെതിർത്തത് യുദ്ധത്തെയാണെന്നും തീവ്രവാദത്തിന്റെ ക്രൂരതയുടെ ഇരയാണ് തന്റെ ഭർത്താവെന്നും കൂട്ടിച്ചേർത്തു.