ഐസിസിനെതിരെ സിറിയയില്‍ വ്യോമാക്രമണത്തിന് ഒരുങ്ങി ബ്രിട്ടന്‍:ലണ്ടനില്‍ യുദ്ധവിരുദ്ധ കൂട്ടായ്മ

ലണ്ടന്‍: സിറിയയിലെ ഐസിസ് തീവ്രവാദികള്‍ക്കെതിരെ നടക്കുന്ന വ്യോമാക്രമണത്തില്‍ ബ്രിട്ടനും പങ്കാളിയാകാനുള്ള തീരുമാനത്തിനെതിരെ ലണ്ടനില്‍ പ്രതിഷേധം. ഇതുസംബന്ധിച്ച് പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടക്കുന്ന സമയത്ത് 4000ത്തോളം വരുന്ന പ്രതിഷേധക്കാര്‍ വെസ്റ്റ് മിനിസ്റ്ററിലെ പാര്‍ലമെന്റ് ഹൗസിനു മുന്നില്‍ നിന്നും ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ആസ്ഥാനത്തേക്കും പ്രധാനപ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയുടെ ആസ്ഥാനത്തേക്കും റാലി നടത്തി. സിറിയയില്‍ വ്യോമാക്രമണം നടത്തുന്നതിന് അനുകൂലമായി പാര്‍ലമെന്റില്‍ എം.പിമാര്‍ വോട്ടുചെയ്‌തെന്നറിഞ്ഞതോടെ ശക്തമായ പ്രതിഷേധമാണ് പാര്‍ലമെന്റിനു പുറത്ത് അരങ്ങേറിയത്. ‘ഡേവിഡ് കാമറൂണ്‍, നിങ്ങളെക്കുറിച്ചോര്‍ത്തു ലജ്ജിക്കുന്നു, ‘സിറിയയില്‍ ബോംബിടരുത്’ തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് പാര്‍ലമെന്റിനു സമീപം യുദ്ധവിരുദ്ധ കൂട്ടായ്മ പ്രവര്‍ത്തകര്‍ അണിനിരന്നത്. തങ്ങള്‍ക്ക് ലളിതമായ ഒരു കാര്യം മാത്രമാണു പറയാനുള്ളതെന്നും അത് സിറിയയില്‍ ബോംബ് വര്‍ഷിക്കരുതെന്നുമാണെന്നും ഇവര്‍ ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.syria-uk
2001, 2003, 2011 വര്‍ഷങ്ങളില്‍ ചെയ്തതുപോലെ വീണ്ടും ചെയ്യരുതെന്നും ബ്രിട്ടീഷ് സൈന്യം അഫ്ഗാനിസ്ഥാന്‍, ഇറാഖ്, ലിബിയ എന്നിവിടങ്ങളില്‍ നടത്തിയ ഇടപെടല്‍ അബദ്ധമായിരുന്നെന്നും യുദ്ധവിരുദ്ധ സഖ്യത്തിന്റെ പ്രതിഷേധകൂട്ടായ്മയുടെ നേതാവ് ലിന്‍ഡ്‌സി ജര്‍മ്മന്‍ ഉറക്കെ വിളിച്ചു പറഞ്ഞു. പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പിന്റെ ഫലം വന്നതോടെ വികാരാധീനരായാണ് പല യുദ്ധവിരുദ്ധ പ്രതിഷേധ കൂട്ടായ്മ പ്രവര്‍ത്തകരും പ്രതികരിച്ചത്. പലരും പൊട്ടിക്കരഞ്ഞാണ് വോട്ടെടുപ്പ് ഫലത്തോട് പ്രതികരിച്ചത്. ‘ഞാന്‍ മരവിച്ചുപോയി. ഫലം കേട്ടപ്പോള്‍ ഞെട്ടിപ്പോയി. ‘എന്നാണ് പ്രതിഷേധത്തില്‍ പങ്കെടുത്ത ഫ്രാന്‍സി ലോസ് പ്രതികരിച്ചത്. 397 എം.പിമാരാണ് സിറിയയിലെ വ്യോമാക്രമണത്തെ അനുകൂലിച്ച് വോട്ടു ചെയ്തത്. 223 പേര്‍ ഇതിനെ എതിര്‍ത്തു. ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ വ്യോമാക്രമണത്തെ പരസ്യമായി എതിര്‍ത്തു രംഗത്തുവന്നിട്ടും ലേബര്‍ എം.പിമാരില്‍ 66 പേര്‍ തീരുമാനത്തെ അനുകൂലിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പാരീസില്‍ നടന്നതുപോലുള്ള ആക്രമണം ബ്രിട്ടനില്‍ ഉണ്ടാവാതിരിക്കാന്‍ ഇസിസിനെതിരെ സൈനിക നടപടി അത്യാവശ്യമാണെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ വാദം. എന്നാല്‍ പലരും ഇതിനെ സന്ദേഹത്തോടെയാണ് കാണുന്നത്. സിറിയയില്‍ ആക്രമണം നടത്തിയില്‍ സിറിയക്കാരും കൊല്ലപ്പെടുമെന്നും ഇസിസിനെ തടയാനുള്ള ഒരേയൊരു മാര്‍ഗം അവരുടെ സാമ്പത്തിക വരവ് തടയുക മാത്രമാണമെന്നും പ്രതിഷേധക്കാരിലൊരാളായ ജെന്നി ഐലസ് പറഞ്ഞു.

Top