കൂടുതല്‍ വാര്‍ഡുകള്‍ മലപ്പുറത്ത്; കുറവ് വയനാട്ടില്‍; തദ്ദേശ ചിത്രം തെളിയുന്നു

തിരുവനന്തപുരം: വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ ഉള്ള ജില്ലയെന്ന പദവി മലപ്പുറം ജില്ലക്ക്. ഏറ്റവും കുറവ് വാര്‍ഡുകള്‍ വയനാട്ടിലുമാണ്. നവംബറില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിലെ 94 ഗ്രാമപഞ്ചായത്തുകള്‍ മലപ്പുറത്താണ്. മൊത്തം 1778 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളാണ് ഇവിടെയുള്ളത്. വയനാട്ടില്‍ 23 ഗ്രാമപഞ്ചായത്തുകളിലായി മൊത്തം 413 വാര്‍ഡുകളില്‍ ജനവിധി തേടും.

പാലക്കാട് ജില്ലയാണ് 88 ഗ്രാമപഞ്ചായത്തുകളില്‍ 1490 വാര്‍ഡുകളുമായി രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനം തൃശൂര്‍ ജില്ലക്കാണ്. എണ്‍പത്തിയാറ് ജില്ലകളിലായി 1465 വാര്‍ഡുകളാണ് തൃശൂര്‍ ജില്ലക്കുള്ളത്. 2010ല്‍ നടന്ന തദ്ദേശഭരണ പൊതുതിരഞ്ഞെടുപ്പില്‍ ആകെ 978 ഗ്രാമപഞ്ചായത്തുകളിലായി 16680 വാര്‍ഡുകളാണ് ഉണ്ടായിരുന്നത്. അന്നും ഏറ്റവും കൂടുതല്‍ വാര്‍ഡുകള്‍ ഉള്ള ജില്ലയെന്ന പദവി മലപ്പുറത്തായിരുന്നു. 100 പഞ്ചായത്തുകളിലായി 1902 വാര്‍ഡുകളായിരുന്നു ഉണ്ടായിരുന്നത്. 25 പഞ്ചായത്തുകളിലായി 459 വാര്‍ഡുകള്‍ ഉണ്ടായിരുന്ന വയനാട് ജില്ലയില്‍ തന്നെയായിരുന്നു ഏറ്റവും കുറവ് വാര്‍ഡുകള്‍ ഉണ്ടായിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top