സ്വന്തം ലേഖകൻ
കോട്ടയം: കുടിവെള്ളം വിൽപ്പനയ്ക്കു എടുക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നു ലോറി ഡ്രൈവർമാർ ചേർന്ന് യുവാവിനെ അടിച്ചുകൊന്നതായി പരാതി. വെള്ളം ലോറിയിൽ ശേഖരിച്ചു വിതരണം ചെയ്യാനെത്തിയ കാണക്കാരി സ്വദേശിയായ ലോറി ഡ്രൈവറെയാണ് ലോറിയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ലോറി ഡ്രൈവർമാർ തമ്മിലുണ്ടായ തർക്കത്തെ തുടർന്നു മർദനമേറ്റതാണ് മരണകാരണമെന്നാരപിച്ചു ബന്ധുക്കൾ രംഗത്ത് എത്തിയത് സംഘർഷത്തിനിടയാക്കി. കാണക്കാരി ചിറ്റക്കാട്കിഴക്കേതിൽ സാബു(40)വിനെയാണ് ഇന്നലെ ലോറിയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 24 നു സാബുവിന്റെ വീടിന്റെ ഗൃഹപ്രവേശം നടക്കാനിരിക്കെയാണ് മരണം സംഭവിച്ചത്.
ഇന്നലെ രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. വെമ്പള്ളിയിൽ വെള്ളം ശേഖരിക്കുന്ന കേന്ദ്രത്തിൽ എത്തിയതായിരുന്ന ടാങ്കർ ലോറി ഡ്രൈവറായ സാബു. അരമണിക്കൂറിനു ശേഷം ലോറിയ്ക്കുള്ളിൽ സാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയതോടെ നാട്ടുകാർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്നു പൊലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്കു മാറ്റി.
ഇതിനിടെ ബന്ധുക്കൾ സാബുവിന്റെ മരണത്തിൽ സംശയം ഉന്നയിച്ച് രംഗത്ത് എത്തുകയായിരുന്നു. വെള്ളം എടുക്കുന്നതിനെച്ചൊല്ലി ടാങ്കർ ലോറി ഡ്രൈവർമാർ തമ്മിൽ തർക്കമുണ്ടായെന്നും തർക്കത്തിനിടെ സാബുവിനു മർദനമേറ്റതായും ബന്ധുക്കൾ ആരോപിക്കുന്നു. മർദനമേറ്റ സാബു സംഭവ സ്ഥലത്തു നിന്നു വാഹനം ഓടിച്ചു പോകുന്നതിനിടെ വെമ്പള്ളി കവലയിൽ എത്തിയതോടെ വാഹനം നിർത്തുകയായിരുന്നു. തുടർന്നു മരണം സംഭവിച്ചതായും ബന്ധുക്കൾആരോപിക്കുന്നു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്കു മാറ്റി. കടുത്തുരുത്തി സിഐ കെ.പി ടോംസണിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.