ഓമനിച്ച് വളര്‍ത്തുന്ന പട്ടികള്‍ക്കോ പൂച്ചകള്‍ക്കോ മറ്റു ജീവികള്‍ക്കോ എന്തെങ്കിലും അപകടം സംഭവിച്ചാല്‍ ദുഖിക്കാത്ത മനുഷ്യരില്ല. അവയെ രക്ഷപ്പെടുത്താനും സഹായിക്കാനും എന്തെങ്കിലും ചെയ്യുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇവിടെ താന്‍ ഓമനിച്ച് വളര്‍ത്തിയ മീനിനെ സഹായിച്ചിരിക്കുകയാണ് ഒരു ജന്തുസ്‌നേഹി.
സാധാരണ നിലയില്‍ അക്വേറിയത്തില്‍ വളര്‍ത്തുന്ന മീനുകള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അവ പിടഞ്ഞു ചാകുന്നത് കാണാമെന്നല്ലാതെ ആശുപത്രിയില്‍ കൊണ്ടുപോകാനോ സ്വയം ചികിത്സിക്കാനോ നമുക്ക് കഴിയാറില്ല. വെള്ളത്തില്‍ കിടക്കുന്ന അവയുടെ ജീവന്‍ ആ വെള്ളത്തില്‍ തന്നെ അവസാനിക്കും.
എന്നാല്‍, ഇതില്‍ നിന്നും അല്‍പ്പം മാറി ചിന്തിച്ചിരിക്കുകയാണ് ഒരു ദക്ഷിണകൊറിയക്കാരന്‍. അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച തന്റെ ഗോള്‍ഡ് ഫിഷിന് ‘വാട്ടര്‍ വീല്‍ചെയര്‍’ നിര്‍മ്മിച്ച് നല്‍കിയിരിക്കുകയാണ് ഇദ്ദേഹം.
മൂത്രസഞ്ചി രോഗം പിടിപെട്ട തന്റെ ഗോള്‍ഡ് ഫിഷിന് പൊന്തിക്കിടക്കാന്‍ കഴിയുന്ന തരത്തിലുള്ള വീല്‍ചെയറാണ് ഇദ്ദേഹം നിര്‍മ്മിച്ച് നല്‍കിയിരിക്കുന്നത്. പ്ലാസ്റ്റിക്കില്‍ നിര്‍മ്മിച്ച വീല്‍ച്ചെയറുകള്‍ കൊണ്ട് രോഗം വന്ന മീനുകള്‍ മലര്‍ന്ന് പൊന്തി വരുന്നത് ഒഴിവാക്കാന്‍ കഴിയും.