കേരളം പിടിക്കാൻ സംഘപരിവാറിന്റെ അരലക്ഷം വാട്‌സപ്പ് ഗ്രൂപ്പുകൾ: പ്രചരിപ്പിക്കുന്നത് ശബരിമലയിലെ രാഷ്ട്രീയം; മിഷൻ 20 – 20യുമായി അമിത്ഷായും സംഘവും

സ്വന്തം ലേഖകൻ
കൊച്ചി: അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളം പിടിക്കാൻ അരലക്ഷം വാട്‌സപ്പ് ഗ്രൂപ്പുകളുമായി അമിത്ഷായും സംഘവും. അമിത്ഷാ നേതൃത്വം നൽകുന്ന ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഐടി സെല്ലാണ് അരലക്ഷം വാട്‌സപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ബിജെപി അംഗങ്ങളല്ലാതെ അഞ്ചു ലക്ഷം ആളുകളെ ഈ ഗ്രൂപ്പിൽ ചേർക്കുകയാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
ശബരിമല വിഷയത്തിൽ വർഗീയത ആളിക്കത്തിച്ച് പരമാവധി വോട്ട് സമാഹരിക്കുക എന്നത് തന്നെയാണ് ഇക്കുറി ബിജെപി നേതൃത്വം ലക്ഷ്യമിട്ടിരിക്കുന്നത്. കേരളത്തിൽ വിജയിക്കാനുള്ള മറ്റു തന്ത്രങ്ങളെല്ലാം പരാജയപ്പെട്ട സാഹചര്യത്തിലാണ് ഇപ്പോൾ സർക്കാരിനെതിരെ സോഷ്യൽ മീഡിയയുടെ സഹായത്തോടെ ബിജെപി പുതിയ വർഗീയ പ്രചാരണം തന്നെ ആരംഭിക്കുന്നത്. ശബരിമല വിഷയത്തിൽ പരമാവധി മുതലെടുപ്പ് നടത്തുകയാണ് ലക്ഷ്യമിടുന്നത്.
ഈ ഗ്രൂപ്പിന്റെ അഡമിനുകളായി ആർഎസ്എസ് ബിജെപി സംഘപരിവാർ സംഘടനകൾ എന്നിവയുമായി നേരിട്ട് ബന്ധമുള്ളവരെ ഉൾപ്പെടുത്തരുതെന്ന കർശന നിർദേശം ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇവരല്ലാത്ത സംഘ സംഘടനകളുമായി സൗഹൃദമുള്ളവരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാവും ഈ വാട്‌സപ്പ് ഗ്രൂപ്പുകളുടെയെല്ലാം പ്രവർത്തനങ്ങളും.
പ്രത്യക്ഷത്തിൽ ഇവയ്ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നും ഉണ്ടാകില്ല. പകരം, ഗീതോപദേശവും ഹൈന്ദവ സംസ്‌കാരത്തിന്റെ  പ്രചാരണവുമാവും ഇവർ ലക്ഷ്യമിടുക. ഇതിലൂടെ ശബരിമല വിഷയം കൃത്യമായി ഹിന്ദുക്കളിലേയ്ക്ക് എത്തിക്കുകയാണ് പദ്ധതിയിടുന്നത്. സർക്കാർ വിരുദ്ധ വാർത്തകളോ, രാഷ്ട്രീയം ഉൾക്കൊള്ളുന്ന ട്രോളുകളോ ഈ ഗ്രൂപ്പുകളിൽ ആദ്യം ഉണ്ടാകില്ല. ഹിന്ദു എന്ന ജാതി വിഭാഗം നേരിടുന്ന അവഗണനകളാവും പ്രധാനമായും പറയുക. ഇത്തരത്തിൽ ഹിന്ദുവിന്റെ അവഗണനകൾ സംബന്ധിച്ചുള്ള ചർച്ചകളും ഉണ്ടാകും. നിഷ്പക്ഷരെന്ന പേരിൽ ഇടപെടുന്ന ആളുകളാവും ഈ ഗ്രൂപ്പുകളിൽ ചർച്ച നയിക്കുക ഇത്തരത്തിൽ നയിക്കുന്ന ചർച്ചകൾ ഏറെ നിർണ്ണായകമാണ്. ഈ ചർച്ചകളുടെ അടിസ്ഥാനത്തിലാവും ഗ്രൂപ്പ് അംഗങ്ങളുടെ രാഷ്ട്രീയ ചായ് വുകൾ നിശ്ചയിക്കുക.
പരസ്യമായി രാഷ്ട്രീയം പറയാതെ തങ്ങളുടെ സംഘപരിവാർ രാഷ്ട്രീയം കൃത്യമായി അടയാളപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോൾ ആർഎസ്എസും ബിജെപി നേതൃത്വവും നടത്തുന്നത്.
Top