കല്‍പ്പറ്റ: ഫാദര്‍ റോബിന്‍ അറസ്റ്റിലായ പീഡന കേസില്‍ കുട്ടിയെ ഒളിപ്പിക്കാന്‍ കന്യാസ്ത്രീകള്‍ നടത്തിയ നീക്കത്തെ കുറിച്ച് പോലീസിന് കൃത്യമായ വിവരം ലഭിച്ചു. രാത്രിയിലാണ് കന്യാസ്ത്രി വണ്ടി ഓടിച്ച് ചോരക്കുഞ്ഞിനെ ദത്ത് കേന്ദ്രത്തില്‍ എത്തിച്ചത്. കൂടെയുണ്ടായിരുന്നത് സംഭവത്തില്‍ പ്രതിയായ സിസ്റ്റര്‍ ലിസ് മരിയയുടെ മാതാവ് തങ്കമ്മയാണെന്നും പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി.
മഠത്തില്‍ നിന്നും രാത്രി പുറത്തിറങ്ങാന്‍ മദര്‍ സുപ്പീരിയറുടെയും മേല്‍നോട്ടം വഹിക്കുന്ന പുരോഹിതന്റെയും അനുമതി ആവശ്യമാണ്. അതുകൊണ്ടുതന്നെ സിസ്റ്റര്‍ അനീറ്റയും സിസ്റ്റര്‍ ലിസ് മരിയയും നവജാത ശിശുവുമായി വൈത്തിരി ഹോളി ഇന്‍ഫന്റ് മേരി ദത്തെടുക്കല്‍ കേന്ദ്രത്തിലേക്ക് പോയത് പലരും അറിഞ്ഞിരുന്നു. എന്നിട്ടും തടയാതിരുന്നത് മേലധികാരികളുടെ സമ്മര്‍ദ്ദം മൂലമാണെന്ന സംശയവും പൊലീസിനുണ്ട്. കുഞ്ഞിനെ കടത്തിക്കൊണ്ടുപോയ കാര്‍ കസ്റ്റഡിയിലെടുത്തു. ഇരിട്ടി ക്രിസ്തുദാസി കോണ്‍വെന്റിലെ സിസ്റ്റര്‍ അനീറ്റയുടെ കാറാണ് പേരാവൂര്‍ സി.ഐ: എന്‍.സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്. തമിഴ്നാട് രജിസ്‌ട്രേഷനുള്ള ടി.എന്‍. 40-0983 എന്ന കാറാണ് കസ്റ്റഡിയിലെടുത്തത്.
ഫെബ്രുവരി ഏഴിന് രാവിലെയാണ് പെണ്‍കുട്ടി പ്രസവിച്ചത്. വൈകിട്ട് ഏഴുമണിയോടെ ക്രിസ്തുരാജ ആശുപത്രിയിലെ കന്യാസ്ത്രീകള്‍ ആശുപത്രിയുടെ വാഹനത്തിലാണ് ശിശുവിനെയും കൊണ്ട് വയനാട്ടിലേക്കു പുറപ്പെട്ടത്. വാഹനം ഓടിച്ചത് സിസ്റ്റര്‍ അനീറ്റയായിരുന്നു. പാതിരാത്രിക്കാണ് കന്യാസ്ത്രീകള്‍ വൈത്തിരിയിലെ ദത്തെടുക്കല്‍ കേന്ദ്രത്തില്‍ എത്തിയത്. എട്ടിന് രാവിലെ കുട്ടിയെ പ്രവേശിപ്പിച്ചതായാണ് ദത്തെടുക്കല്‍ കേന്ദ്രത്തിലെ രേഖകളിലുള്ളത്. എട്ടിനു തന്നെ ശിശുക്ഷേമസമിതി അംഗമായ ഡോ. സിസ്റ്റര്‍ ബെറ്റിയെ ഫോണിലൂടെ സംഭവം വിളിച്ചറിയിച്ചതായാണ് ദത്തെടുക്കല്‍ കേന്ദ്രം നടത്തുന്ന കന്യാസ്ത്രീകള്‍ പറയുന്നത്. പ്രസവ സംബന്ധമായ ചികിത്സ ആവശ്യമുള്ളതിനാല്‍ പിന്നീട് മാതാവിനെ ഹാജരാക്കാമെന്ന് പറഞ്ഞാണ് കൊട്ടിയൂരില്‍ നിന്നുള്ള കന്യാസ്ത്രീകള്‍ മടങ്ങിയത്.
വിവരം അറിയിച്ചെന്നും ഇല്ലെന്നും പറഞ്ഞ് ദത്തെടുക്കല്‍ കേന്ദ്രവും ശിശുക്ഷേമസമിതിയും പരസ്പരം പഴിചാരുകയാണിപ്പോള്‍. പിന്നീട് ഫെബ്രുവരി 20ന് പെണ്‍കുട്ടിയും മാതാവും കല്‍പ്പറ്റയിലെത്തി ശിശു ക്ഷേമസമിതി അംഗം ഡോ. സിസ്റ്റര്‍ ബെറ്റിക്കു മുമ്പില്‍ ശിശുവിനെ ഹാജരാക്കി. കുട്ടിയെ ഹാജരാക്കിയതായുള്ള രേഖയില്‍ (സറണ്ടര്‍ ഡീഡ്) സിസ്റ്റര്‍ ബെറ്റി ഒപ്പിട്ടു. അന്നുതന്നെ കുട്ടിയെ ദത്തെടുക്കല്‍ കേന്ദ്രത്തിലേക്ക് മാറ്റിക്കൊണ്ടുള്ള രേഖയില്‍ (പ്ലെയ്‌സ്‌മെന്റ് ഡീഡ്) ഒപ്പിട്ടത് ശിശുക്ഷേമസമിതി ചെയര്‍മാന്‍ ഫാ. തോമസ് ജോസഫ് തേരകമാണ്. ഈ രേഖകളില്‍നിന്ന് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നു വ്യക്തമായിരുന്നു. എന്നിട്ടും വിവരം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തില്ല. ഇതാണ് ശിശുക്ഷേമ സമിതിക്ക് വിനയായത്.
സംഭവത്തില്‍ പ്രതികളായ മൂന്നു ഡോക്ടര്‍മാരുള്‍പ്പെടെ നാലുപേര്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കി. വിദ്യാര്‍ത്ഥിനി പ്രസവിച്ച കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോക്ടര്‍മാരായ ടെസി ജോസ്, ഡോ: ആന്‍സി മാത്യു, ഡോ: ഹൈദരലി എന്നിവര്‍ അഡ്വ: വി. ജയകൃഷ്ണന്‍ മുഖേന തലശേരി അഡീഷണല്‍ സെഷന്‍സ് കോടതിയിലും െവെത്തിരി ദത്തെടുക്കല്‍ കേന്ദ്രത്തിലെ സിസ്റ്റര്‍ ഒഫീലിയ കല്‍പ്പറ്റ ജില്ലാ കോടതിയിലുമാണ് മുന്‍കൂര്‍ ജാമ്യത്തിനുള്ള അപേക്ഷ നല്‍കിയത്.
പീഡനക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത വടക്കുംചേരി ഇപ്പോള്‍ കണ്ണൂര്‍ സ്‌പെഷ്യല്‍ സബ്ജയിലിലാണ്. കോടതിയില്‍ ഹാജരാക്കിയ സമയത്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടോ എന്ന മജിസ്‌ട്രേറ്റിന്റെ ചോദ്യത്തിന് ഉണ്ട് എന്ന് വൈദികന്‍ മറുപടി നല്‍കിയിരുന്നു.