വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തിനോട് ആവശ്യപ്പെടുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തിനോട് ആവശ്യപ്പെടുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.ഗവര്‍ണര്‍മാരുടെ യോഗത്തിലാണ് ആരിഫ് മുഹമ്മദ് ഖാന്‍ ഈ ആവശ്യം ഉന്നയിച്ചത്. നേരത്തെ മുഖ്യമന്ത്രിയും രാഹുല്‍ ഗാന്ധിയുമെല്ലാം വയനാട്ടിലുണ്ടായത് ദേശീയ ദുരന്തമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതിനെ പിന്തുണയ്ക്കുന്ന തരത്തിലാണ് ഗവര്‍ണറും അഭിപ്രായപ്രകടനം നടത്തിയത്.

വയനാട് ദുരന്തം കേരളത്തിന്റെ മാത്രം പ്രശ്‌നമല്ല. അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വിഷയം ചര്‍ച്ച ചെയ്യുമെന്നും ഗവര്‍ണര്‍ര്‍മാര്‍ യോഗത്തില്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. വയനാടിന്റെ വിഷയം രാജ്യത്തിന്റേതായി കണ്ട് നടപടി ഉണ്ടാകണം. ഇന്നത്തെ യോഗത്തില്‍ എല്ലാ ഗവര്‍ണര്‍മാരും അവരവരുടെ മുഖ്യമന്ത്രിമാരോട് സംസാരിക്കാം എന്ന് അറിയിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം ഉരുള്‍പ്പൊട്ടലിന്റെ ആദ്യ വാര്‍ത്ത പുറത്ത് വന്നപ്പോള്‍ തന്നെ പ്രധാനമന്ത്രി പ്രതികരിച്ചതാണ്. അപ്പോള്‍ എന്തുകൊണ്ട് കൂടുതല്‍ നടപടികള്‍ നമ്മള്‍ പ്രതീക്ഷിക്കാതിരിക്കണം. ഈ സമയത്ത് വയനാടിന് ഒപ്പം രാജ്യമുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും ഗവര്‍ണര്‍ പറഞ്ഞു.

അതേസമയം മുണ്ടക്കൈയില്‍ ഉരുള്‍പ്പൊട്ടലില്‍ കാണാതായവര്‍ക്കായി നാളെ വ്യാപക പരിശോധന. ചാലിയാര്‍ പുഴയുടെ 40 കിലോമീറ്റര്‍ പരിധിയിലും പരിശോധന നടത്തും. ചാലിയാർ പുഴയുടെ 40 കിലോമീറ്ററിലെ 8 പൊലീസ് സ്റ്റേഷൻ അതിർത്തികളിൽ ഇന്ന് പരിശോധന നടത്തുമെന്നാണ് മന്ത്രിതല ഉപസമിതി അറിയിച്ചിട്ടുള്ളത്. രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മന്ത്രിമാരായ കെ രാജൻ, മുഹമ്മദ്‌ റിയാസ്, എ കെ ശശീന്ദ്രൻ, ഒ കെ കേളു എന്നിവരാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൊലീസും സന്നദ്ധ പ്രവർത്തകരും ചേർന്നാകും ചാലിയാറിന്റെ തീരങ്ങളിൽ തെരച്ചിൽ നടത്തുക. കോസ്റ്റ് ഗാർഡ്,ഫോറസ്ററ്, നേവി ടീമും ഇവിടെ തെരച്ചിൽ നടത്തും.

മുണ്ടക്കൈ, ചൂരൽമല മേഖലയിൽ ഇന്നുമുതൽ 6 സോണുകളായി തിരിച്ച് 40 ടീമുകളാകും തിരച്ചിലിന് രംഗത്തുണ്ടാകുക. അട്ടമലയും ആറൻമലയും ചേർന്നതാണ് ആദ്യത്തെ സോൺ. മുണ്ടക്കൈ രണ്ടാമത്തെ സോണും പുഞ്ചിരിമട്ടം മൂന്നാമത്തേതും വെള്ളാർമല വില്ലേജ് റോഡ് നാലാമത്തേതും ജിവിഎച്ച്എസ്എസ് വെള്ളാർമല അഞ്ചാമത്തെ സോണും പുഴയുടെ അടിവാരം ആറാമത്തെ സോണുമാണെന്ന് മന്ത്രിതല സമിതി വ്യക്തമാക്കിയിട്ടുണ്ട്. സൈന്യം, എൻഡിആർഎഫ്, ഡി എസ്ജി, കോസ്റ്റ് ഗാർഡ്, നേവി, എംഇജി ഉൾപ്പെടെയുള്ള സംയുക്ത സംഘമാണ് തെരച്ചിൽ നടത്തുക. ഓരോ ടീമിലും മൂന്നു നാട്ടുകാരും ഒരു വനംവകുപ്പ് ജീവനക്കാരനും ഉണ്ടാവും.

ഇതിന് പുറമെ ഇന്നുമുതൽ ചാലിയാർ കേന്ദ്രീകരിച്ച് ഒരേസമയം മൂന്ന് രീതിയിലും തെരച്ചിൽ നടത്തും. 40 കിലോമീറ്ററിൽ ചാലിയാറിന്റെ പരിധിയിൽ വരുന്ന എട്ട് പൊലീസ് സ്റ്റേഷന്റെ പുഴ ഭാഗങ്ങളിൽ പൊലീസും നീന്തൽ വിദഗ്ധമായ നാട്ടുകാരും ചേർന്നാകും തിരച്ചിൽ നടത്തുക. പൊലീസ് ഹെലികോപ്റ്റർ ഉപയോഗിച്ച് സമാന്തരമായും തെരച്ചിൽ നടത്തും. ഇതോടൊപ്പം കോസ്റ്റ്ഗാർഡും നേവിയും വനം വകുപ്പും ചേർന്ന് പുഴയുടെ അരികുകളും മൃതദേഹങ്ങൾ തങ്ങാൻ സാധ്യതയുള്ള ഇടങ്ങൾ കേന്ദ്രീകരിച്ചും തെരച്ചിൽ നടത്തും. 25 ആംബുലൻസ് ആണ് ബെയ്ലി പാലം കടന്നു മുണ്ടക്കൈയിലേക്ക് ഒരു ദിവസം കടത്തിവിടുക. 25 ആംബുലൻസുകൾ മേപ്പാടി പോളിടെക്നിക് ക്യാംപസിൽ പാർക്ക് ചെയ്യും. ഓരോ ആംബുലൻസിനും ജില്ലാ കളക്ടർ പ്രത്യേക പാസ് നൽകും.

Top