കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നടത്തിയ പ്രസംഗം പച്ചക്കള്ളമാണെന്ന് തെളിയിച്ച് പോലീസ് രേഖകള്‍. മഹാരാജാസ് കോളജ് ഹോസ്റ്റലില്‍നിന്ന് പിടിച്ചെടുത്ത മാരകായുധങ്ങളെ നിയമസഭയില്‍ വാര്‍ക്കപ്പണിക്കുള്ള ഉപകരണങ്ങളാണെന്നാണ് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്.
എന്നാല്‍ കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറിലും സേര്‍ച്ച് ലിസ്റ്റിലുമാണ് മഹാരാജാസിലെ ഹോസ്റ്റലില്‍നിന്ന് കണ്ടെടുത്തത് മാരകായുധങ്ങള്‍ തന്നെയെന്ന് പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഗാര്‍ഹികമോ, കാര്‍ഷികമോ അല്ലാത്തതായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വെട്ടുകത്തിയും അറ്റത്ത് തുണി ചുറ്റിയ ഇരുമ്പുപൈപ്പുകളും പിടിച്ചെടുത്തവയില്‍ ഉണ്ടെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ആയുധ നിയമ പ്രകാരമാണ് കേസെടുത്തതെന്നും പൊലീസ് പറയുന്നു. എന്നാല്‍ മുഖ്യമന്ത്രി ഇതില്‍നിന്നും വ്യത്യസ്തമായ പരാമര്‍ശമാണ് ഇന്നലെ സഭയില്‍ നടത്തിയത്. മുഖ്യമന്ത്രി സഭയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ സത്യവിരുദ്ധമാണെന്നും അതിനാല്‍ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കുമെന്നും പിടി തോമസ് എംഎല്‍എ വ്യക്തമാക്കി. മുഖ്യമന്ത്രി സഭയെയും സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മുന്മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതികരിച്ചു.
മഹാരാജാസ് ഹോസ്റ്റലില്‍നിന്ന് വടിവാളോ ബോംബോ കണ്ടെത്തിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാര്‍ക്കകമ്പി, പലക, വെട്ടുകത്തി, ഏണി എന്നിവയാണു കണ്ടെത്തിയത്. മഹാരാജാസ് കോളജിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍നിന്നാണ് ഇവ കണ്ടെത്തിയത്. വിദ്യാര്‍ത്ഥികള്‍ വേനലവധിക്കു പോയതിനുശേഷം മറ്റാരോ കൊണ്ടുവച്ചതാകാമെന്നും മുഖ്യമന്ത്രി പറയുന്നു.
അതിനപ്പുറം ഒരു മാനവും ഇതിനില്ല. കുട്ടികള്‍ മറ്റ് സംഘടനകളിലേക്ക് തിരിഞ്ഞു നോക്കാത്തതിന് എസ്എഫ്‌ഐയെ ഭള്ള് പറഞ്ഞിട്ട് കാര്യമില്ല. എസ്എഫ്‌ഐ നല്ല ശക്തിയുള്ള സംഘടനയാണെന്നുമായിരുന്നു പിണറായിയുടെ സഭയിലെ പരാമര്‍ശം.
ഭൂമി കൈയേറ്റത്തില്‍ അന്വേഷണം നേരിടുന്ന ഇടുക്കി എംപി ജോയിസ് ജോര്‍ജിനെ ഇന്നലെ വിശുദ്ധനാക്കിയതിന് പിന്നാലെയായിരുന്നു ഇന്നലെ നിയമസഭയില്‍ മാരകായുധങ്ങളെ വാര്‍ക്കപ്പണിക്കുള്ള ഉപരണങ്ങളായി മുഖ്യമന്ത്രി ന്യായീകരിച്ചത്.
മഹാരാജാസ് കോളജിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ വിദ്യാര്‍ത്ഥികള്‍ക്കു താമസിക്കാന്‍ നല്‍കിയ മുറിയില്‍നിന്നു കഴിഞ്ഞ ദിവസം വന്‍ ആയുധശേഖരം കണ്ടെത്തിയ സംഭവത്തെ തുടര്‍ന്ന് കലാലയങ്ങളെ ആയുധകേന്ദ്രമാക്കുന്നതു ചര്‍ച്ച ചെയ്യണമെന്നു പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ അടിയന്തരപ്രമേയം അവതരിപ്പിക്കാന്‍ പി.ടി. തോമസ് എംഎല്‍എ ഇന്നലെ നോട്ടിസ് നല്‍കുകയും ചെയ്തു. എന്നാല്‍, അടിയന്തര പ്രമേയമായി പരിഗണിക്കേണ്ട പ്രാധാന്യം വിഷയത്തിനില്ലാത്തതിനാല്‍ അനുവദിക്കുന്നില്ലെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു. ഇതിനിടെ നടത്തിയ പ്രസംഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ ന്യായീകരണം.