സ്തന സൗന്ദര്യത്തിനായി സ്ത്രീകള്‍ക്ക് ഉപയോഗിക്കാവുന്ന വസ്ത്രമായിട്ടാണ് ബ്രാ കമ്പോളത്തിലെത്തുന്നത്. ഉറങ്ങാന്‍ നേരത്തും ബ്രാ ധരിക്കുന്നത് സൗന്ദര്യ സംരക്ഷണത്തിന് നല്ലതാണെന്നും അല്ലെന്നും രണ്ട് വാദഗതികള്‍ നിലവിലുണ്ട്. എന്നാല്‍ ആ വാദങ്ങള്‍ വലിയ ചര്‍ച്ച ആയിരിക്കുകയാണിപ്പോള്‍.
താന്‍ ബ്രാ സഹിതമാണ് ഉറങ്ങാന്‍ കിടക്കാറെന്ന് ഗുഡ് മോണിങ് ബ്രിട്ടന്‍ അവതാരികയായ ലോറെയ്‌നെ കെല്ലി(59) തന്റെ ഷോയില്‍ വെളിപ്പെടുത്തിയിരുന്നു. ഇതിലൂടെ തന്റെ സ്തനങ്ങളെ ഷേയ്പ്പുള്ളതാക്കി നിലനിര്‍ത്താന്‍ സാധിക്കുന്നുവെന്നും അവര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ച് നിരവധി പേര്‍ രംഗത്തെത്തിയതോടെ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ കൊഴുത്തിരിക്കുകയാണ്. ദിവസം മുഴുവന്‍ ബ്രായ്ക്കുള്ളില്‍ ഞെങ്ങി ഞെരുങ്ങി രാത്രി കിടക്കാന്‍ നേരവും ഈ അസൗകര്യം കെല്ലി എങ്ങനെ സഹിക്കുന്നുവെന്ന ചോദ്യമാണ് നിരവധി പേര്‍ ഉന്നയിച്ചിരിക്കുന്നത്.
തന്റെ വെളിപ്പെടുത്തലിനോട് നിരവധി പേര്‍ രൂക്ഷമായി പ്രതികരിച്ചത് കണ്ട് കെല്ലി അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ്. ഇത് ആളുകളെ ഇത്രയധികം ക്രോധാകുലരാക്കുമെന്ന് താന്‍ കരുതിയിരുന്നില്ലെന്നാണ് കെല്ലി പറയുന്നത്. ഉറങ്ങാന്‍ കിടക്കുമ്പോള്‍ ബ്രാ അഴിച്ച് വയ്ക്കുന്നത് ശരിയായ കാര്യമല്ലെന്നാണ് താന്‍ കരുതുന്നതെന്നാണ് ബുധനാഴ്ചത്തെ ഷോയില്‍ കെല്ലി അഭിപ്രായപ്പെട്ടിരുന്നത്. താന്‍ ഉറങ്ങുന്നതിന് മുമ്പ് മെയ്ക്കപ്പ് അഴിച്ച് വയ്ക്കാറുണ്ടെന്നും തലമുടി അഴിച്ചിടാറുണ്ടെന്നും എന്നാല്‍ ബ്രാ അഴിക്കാറില്ലെന്നുമാണ് കെല്ലി വെളിപ്പെടുത്തിയിരുന്നത്.
ഇത്തരത്തില്‍ ബ്രാ ധരിച്ചുറങ്ങുന്ന കെല്ലിയുടെ നിലപാടിനെ പിന്തുണച്ചും നിരവധി പേരെത്തിയിരുന്നു. ക്ലോത്തിങ് കമ്പനികളായ ബ്രാവിസിമോ, ഫിഗ് ലീവ്‌സ്, ഇവാന്‍സ്, എന്നിവരടക്കമുള്ളവരാണ് മുന്നോട്ട് വന്നിരിക്കുന്നത്. ബ്രാ ധരിച്ച് ഉറങ്ങുന്നതുകൊണ്ട് അവയുടെ ഷേയ്പ്പ് മെച്ചപ്പെടുത്താനാവുമെന്നതിന് ശാസ്ത്രീയമായി തെളിവുകളൊന്നുമില്ലെന്നാണ് നൂറ് കണക്കിന് ബ്രെസ്റ്റ് റിഡക്ഷന്‍ സര്‍ജറികള്‍ നടത്തിയ പ്ലാസ്റ്റിക് സര്‍ജനായ മാര്‍ക് പസിഫികോ അഭിപ്രായപ്പെട്ടിരിക്കുന്നത്.
തങ്ങളുടെ സ്തനം നല്ല രീതിയില്‍ നിലനിര്‍ത്തുന്നതിനായി ഉറങ്ങുമ്പോള്‍ ബ്രാ ധരിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ സംശയം ചോദിക്കുന്നവരാണ് കെന്റിലെ ടേണ്‍ബ്രിഡ്ജിലെ തന്റെ പ്യൂരിറ്റി ക്ലിനിക്കിലെത്തുന്ന മൂന്നില്‍ രണ്ട് രോഗികളുമെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. എന്നാല്‍ ഉറങ്ങുമ്പോള്‍ ബ്രാ ധരിക്കുന്നതിലൂടെ ചില സ്ത്രീകളുടെ സ്തനം ഇടിയുന്നത് കുറയ്ക്കാനാവുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
വീട്ടിലായിരിക്കുമ്പോള്‍ ബ്രാ ധരിക്കാതിരിക്കുന്നതാണ് തനിക്ക് സൗകര്യവും സന്തോഷവുമേകുന്നതെന്നാണ് ഡിസൈനറും റെയ്‌നെ ആന്‍ഡ് ബീ ലിന്‍ഗെറി കമ്പനിയുടെ ഉടമയുമായ ജെന്ന ബാര്‍നെസ് അഭിപ്രായപ്പെടുന്നത്.ഈ വിധത്തില്‍ വിവിധ തുറകളിലുള്ളവര്‍ ഇക്കാര്യത്തില്‍ വിരുദ്ധാഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയാണ് മുന്നോട്ട് വന്നിരിക്കുന്നത്.