ഭുവനേശ്വര്‍: വിവാഹസമ്മാനമായി പാഴ്‌സല്‍ ബോംബ് നല്‍കിയ സംഭവത്തില്‍ വരന്റ അമ്മയുടെ സഹപ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹസമ്മാനം തുറന്ന് നോക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ച് വരനും മുത്തശ്ശിയും കൊല്ലപ്പെട്ടിരുന്നു. തൊഴില്‍ രംഗത്തെ അസൂയയാണ് പ്രതിയെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് വിവരം. അധ്യാപകനായ പഞ്ചിലാല്‍ മെഹറാണ് അറസ്റ്റിലായത്.
ഫെബ്രുവരി 18നായിരുന്നു സൗമ്യശേഖര്‍ സാഹുവും റീമയും തമ്മിലുള്ള വിവവാഹം. അഞ്ച് ദിവസത്തിന് ശേഷം 23-ന് ഇവര്‍ക്ക് സമ്മാനമായി ഒരു പാഴ്‌സല്‍ ലഭിച്ചു. ഇത് തുറന്ന് നോക്കിയപ്പോഴായിരുന്നു സ്‌ഫോടനമുണ്ടായത്. അപകടത്തില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ വരന്‍ സൗമ്യശേഖറും മുത്തശ്ശി ജെമാമനിയും കൊല്ലപ്പെട്ടു. വധുവായ റീമയ്ക്ക് സാരമായ പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നൂറിലധികം പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. പിന്നീട് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പഞ്ചിലാല്‍ മെഹറിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ക്ക് പകരം വരന്റെ അമ്മയായ സഞ്ജുക്തയെ ഭായ്ന്‍സയിലെ ജ്യോതി ബികാസ് കോളേജിന്റെ പ്രിന്‍സിപ്പാളായി നിയമിച്ചിരുന്നു. ഇതില്‍ അസൂയയുണ്ടായ പ്രതി കുടുംബത്തെ മൊത്തം നശിപ്പിക്കുന്നതിനായി സ്‌ഫോടനം നടത്തുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.
പഞ്ചിലാലിന്റെ പക്കല്‍ നിന്നും പടക്കങ്ങള്‍, വെടിമരുന്ന്, ലാപ്‌ടോപ്പ്, പെന്‍ഡ്രൈവ് തുടങ്ങിയവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ബോംബുണ്ടാക്കുന്നതിനായി ഇയാള്‍ ഏഴു മാസത്തോളം ഇന്റര്‍നെറ്റിന്റെ സഹായത്തോടെ പഠനം നടത്തുകയും ചെറു പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തു. ഇതിന് ശേഷമായിരുന്നു വിവാഹ സമ്മാനമായി പാഴ്‌സല്‍ ബോംബ് നിര്‍മ്മിച്ചതെന്നും പോലീസ് അറിയിച്ചു.
പാഴ്‌സലില്‍ ആരാണ് അയച്ചതെന്നോ എവിടെ നിന്നാണെന്നോ തുടങ്ങിയ വിവരങ്ങള്‍ ഉണ്ടായിരുന്നില്ല. തിരിച്ചറിയാതിരിക്കാന്‍ ഇയാളുടെ താമസ സ്ഥലത്ത് നിന്നും 230 കിലോമീറ്ററോളം സഞ്ചരിച്ച് അവിടെ നിന്നായിരുന്നു പാഴ്‌സല്‍ അയച്ചത്.