വിവാഹസാരി ഉടുക്കില്ലെന്ന് വധുവിന്റെ പിടിവാശി; ഒടുവില്‍ പോലിസെത്തി പ്രശനം പരിഹരിച്ചപ്പോള്‍ വധുവിനെ വേണ്ടെന്ന് വരനും !

നെടുമങ്ങാട്: വിവാഹ മണ്ഡപത്തിലെത്തിയ വധു മുഹൂര്‍ത്തമായിട്ടും സാരി ഉടുക്കാന്‍ തയ്യാറാകാത്തതിനാല്‍ കല്യാണം മുടങ്ങി. ഇന്നലെ ചുള്ളിമാനൂര്‍ സാഫ് ഓഡിറ്റോറിയത്തില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ആട്ടുകാല്‍ കഴക്കുന്ന് സ്വദേശിനിയുടേയും വെള്ളയമ്പലം സ്വദേശിയായ യുവാവിന്റേയും വിവാഹമാണ് മുടങ്ങിയത്.

നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിന് രാവിലെ തന്നെ വധുവുമായി വീട്ടുകാര്‍ മണ്ഡപത്തിലെത്തി. മുഹൂര്‍ത്തം പന്ത്രണ്ടിനായിരുന്നതിനാല്‍ വധുവിനെ അണിയിച്ചൊരുക്കാനായി എത്തിയവരോട് താന്‍ വിവാഹ സാരി ധരിക്കില്ലെന്ന വാശിയുമായി യുവതി നിലയുറപ്പിച്ചുവത്രേ. രാവിലെ വീട്ടില്‍ നിന്നും തിരിച്ചപ്പോള്‍ ധരിച്ച ചുരിദാറായിരുന്നു യുവതിയുടെ വേഷം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ യുവതിയെ അടുത്ത ബന്ധുക്കള്‍ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നതിനിടെ ചെറുക്കന്റെ വീട്ടുകാരും മണ്ഡപത്തിലെത്തി. ആചാരപൂര്‍വം ഇവരെ വധുവിന്റെ സഹോദരന്‍ മാലചാര്‍ത്തി സ്വീകരിക്കുകയും ചെയ്തു.
തുടര്‍ന്ന് കല്യാണത്തിനെത്തിയവര്‍ക്കായി രണ്ടു പന്തിയായി ഭക്ഷണവും വിളമ്പി. മുഹൂര്‍ത്തമായതോടെ കതിര്‍മണ്ഡപത്തിലേക്ക് കയറാനായി വരനും കൂട്ടരും വേദിയിലെത്തി. സമയം ഏറെകഴിഞ്ഞിട്ടും വധു പുറത്തേക്ക് വന്നില്ല. കാരണവന്മാര്‍ ബഹളം വച്ചതോടെയാണ് വധു വിവാഹസാരി ധരിക്കാതെ പിണങ്ങി ഇരിക്കുന്ന വിവരം പുറത്തറിഞ്ഞത്.

തുടര്‍ന്ന് ബന്ധുക്കള്‍ പലരും ഇടപെട്ടിട്ടും യുവതി നിലപാട് മയപ്പെടുത്തിയില്ല. ഒന്നരയോടെ വലിയമല പൊലീസെത്തി വീട്ടുകാരുമായും പെണ്‍കുട്ടിയുമായും സംസാരിച്ചു. ശേഷം വിവാഹത്തിന് പെണ്‍കുട്ടി സമ്മതം പ്രകടിപ്പിക്കുകയും ചെയ്തു.
എന്നാല്‍ ഇനി കല്യാണവുമായി തുടര്‍ന്ന് പോകാന്‍ താല്‍പര്യമില്ലെന്ന് വരനും ബന്ധുക്കളും അറിയിക്കുകയായിരുന്നു. പിന്നീട് ഇരുകൂട്ടരുമായും വലിയമല എസ്ഐ സംസാരിക്കുകയും പ്രശ്ന പരിഹാരമുണ്ടാക്കുകയും ചെയ്തു. ഇരുഭാഗത്തുമുണ്ടായ നഷ്ടങ്ങള്‍ പരസ്പരം സഹിക്കാമെന്ന് സമ്മതിച്ച് ഇരുകൂട്ടരും ബന്ധത്തില്‍ നിന്നും പിന്മാറി.

Top