വ്യത്യസ്തമായ വിവാഹഫോട്ടോയാണിത്. വധുവും വരനും സ്നേഹചുംബനം കൈമാറുന്നു. വിവാഹമോതിരമണിഞ്ഞ വധുവിന്‍റെ മനോഹരമായ കൈകൾ ആ ചുംബനത്തെ മറയ്ക്കുന്നു. ഇതാണ് ഫോട്ടോയിൽ. ഒറ്റനോട്ടത്തിൽ ഒരു പ്രത്യേകതയുമില്ലെന്നു തോന്നാമെങ്കിലും ഒന്നാന്തരമൊരു സർപ്രൈസുണ്ട് ഈ ചിത്രത്തിൽ. സംഗതി മറ്റൊന്നുമല്ല, ചിത്രത്തിലെ കൈ വധുവിന്‍റേതല്ല. വധുവിന്‍റെ സഹോദരിയുടേതാണ്. മെൽബണിലെ ഒരു വിവാഹനിശ്ചയ ചടങ്ങിൽ നിന്നാണ് ഈ ചിത്രം.
ജോസും ഡയാനയുമാണ് ദമ്പതികൾ. ഡയാന ചടങ്ങിനു മുമ്പ് നഖങ്ങളിൽ മാനിക്യൂർ ചെയ്യാൻ മറന്നുപോയിരുന്നു. വരൻ മോതിരമണിയിക്കാൻ നേരമാണ് അക്കാര്യം ശ്രദ്ധിച്ചത്. മാനിക്യൂർ ചെയ്യാതെ വിരലുകൾ ഫോട്ടോയിൽ വന്നാൽ അഭംഗിയാകുമെന്ന് ഡയാനയ്ക്കു തോന്നി. മാനിക്യുർ ചെയ്ത മനോഹര വിരലുകൾ ചിത്രത്തിലുണ്ടായിരുന്നെങ്കിൽ ഗംഭീരമായേനെ എന്ന് ഇരുവർക്കും തോന്നി.
അങ്ങനെയൊരു മനോഹരവിരലുകൾക്കു വേണ്ടിയുള്ള അന്വേഷണത്തിലാണ് ഡയാന തന്‍റെ കസിന്‍റെ ചുവന്ന നെയിൽപോളിഷ് ഇട്ട വിരലുകൾ ശ്രദ്ധിച്ചത്. പിന്നെ മറ്റൊന്നും ചിന്തിച്ചില്ല, സഹോദരിയുടെ കൈയിൽ മോതിരമണിയിച്ച് ഫോട്ടോഷൂട്ട് നടത്തി. വിരൽ ആരുടേതാണെങ്കിലും സംഗതി കളർഫുൾ ആയെന്ന സന്തോഷത്തിലാണ് ഇരുവരും. ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. ഒറ്റ ദിവസം കൊണ്ട് എട്ടുലക്ഷത്തോളം ലൈക്കുകളും രണ്ടുലക്ഷത്തോളം റീട്വീറ്റുകളും ചിത്രം വാരിക്കൂട്ടി. അതേസമയം, വിഷയത്തിൽ രണ്ടുതരത്തിലുള്ള അഭിപ്രായങ്ങളാണ് ഉയർന്നുവന്നത്. ഡയാന ഒരു നഴ്സ് ആണെന്നും അതിനാൽ നെയിൽ പോളിഷ് ഇടാനാകില്ലെന്നും ഇത് ജോസിനും അറിയാവുന്നതാണെന്നും സഹോദരി ട്വിറ്ററിൽ വിശദീകരണം നല്കി. എന്നാൽ, വിരലുകൾ എന്തിനാണ് കാര്യമാക്കുന്നതെന്നും സോഷ്യൽ മീഡിയയ്ക്കു വേണ്ടിയുള്ള കാട്ടിക്കൂട്ടലാണിതെന്നുമാണ് മറുവാദം.