പാലക്കാട് മമ്പുറത്ത് സഞ്ജിത്തിന്റെ കൊലപാതവുമായി ബന്ധപ്പെട്ട് സംഘ്പരിവാറിന് മുതലെടുപ്പിന് അവസരം നൽകാതെ കുറ്റക്കാരെ എത്രയും വേഗം അറസ്റ്റ് ചെയ്ത് നിയമ നടപടികൾക്ക് വിധേയമാക്കണമെന്ന് വെൽഫെയർ പാർട്ടി പാലക്കാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇത് രാഷ്ട്രീയ കൊലപാതകമാണോ അല്ലയോ എന്നതുപോലും ഇതുവരെ സ്ഥിരികരിക്കാതിരിക്കെ പ്രസ്തുത സംഭവത്തെ കരുവാക്കി വർഗീയ ധ്രൂവികരണ നീക്കങ്ങൾക്ക് ബി.ജെപി നേതാക്കൾ തന്നെ ശ്രമം ആരംഭിച്ചിരിക്കുന്നു. പ്രതികളെ അറസ്റ്റ് ചെയ്യാൻ വൈകും തോറും കൂടുതൽ ദുരൂഹത പ്രചരിപ്പിക്കാൻ അവർക്ക് അവസരമൊരുക്കും.
രാഷ്ട്രീയ പാർട്ടികളും സാമൂഹ്യ സംഘങ്ങളും കൊലപാതക സംസ്കാരത്തെ തള്ളിപ്പറയുകയും കൊലപാതകികളെ നിയമത്തിന് മുന്നിൽ ഹാജരാക്കുകയുമാണ് വേണ്ടത്. കേരളത്തിൽ ഇതിനു മുമ്പും റിയാസ് മൗലവി വധം, കൊടിഞ്ഞി ഫൈസൽ വധം അടക്കം നടന്ന നിരവധി കൊലപാതകങ്ങളിൽ യഥാർത്ഥ പ്രതികളെയോ ഗൂഢാലോചകരെയോ അറസ്റ്റ് ചെയ്യുന്നതിൽ വലിയ വീഴ്ച പോലീസ് സംവിധാനത്തിനുണ്ടായിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് നിയമ പാലക സംവിധാനങ്ങൾ നീതിപൂർവ്വം പ്രവർത്തിക്കാത്തതുകൊണ്ടാണ്. കൊലപാതകത്തെയും അക്രമത്തെയും തള്ളിക്കളയുന്ന ജനാധിപത്യ രാഷ്ട്രീയ സംസ്കാരം വളർത്തിയെടുക്കാൻ മുഴുവൻ ബഹുജനങ്ങളും രാഷ്ട്രീയ, മത-സാമുദായിക സംഘടനകളും തയ്യാറാകണമെന്നും വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തു. ജില്ലാ പ്രസിഡണ്ട് അബൂ ഫൈസൽ അദ്ധ്യക്ഷത വഹിച്ചു, സംസ്ഥാന കമ്മിറ്റി അംഗം എം.സുലൈമാൻ, ജില്ലാ ഭാരവാഹികളായ മോഹൻദാസ് പറളി, എ. ഉസ്‌മാൻ, ദിൽഷാദലി, ചന്ദ്രൻ പുതുക്കോട്, പി.ലുക്മാൻ, കെ.വി.അമീർ, മജീദ് തത്തമംഗലം, ആസിയ റസാഖ്, സെയ്ദ് ഇബ്രാഹിം തുടങ്ങിയവർ സംസാരിച്ചു.