മുക്കം: വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ജനവിരുദ്ധ നയങ്ങളില്‍ മനംമടുത്ത് വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നവര്‍ക്ക് മുക്കത്ത് സ്വീകരണം നല്‍കി. വിവിധ പ്രദേശങ്ങളില്‍നിന്നും ജനപക്ഷ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന അഞ്ചു പേരെ വെല്‍ഫെയര്‍പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഹാരാര്‍പ്പണം ചെയ്ത് സ്വീകരിച്ചു. ബാബു തടപ്പറമ്പ്, ഷക്കീബ്, അനീഷ്, യൂസഫ് മണ്ണില്‍, അന്‍വര്‍ എന്നിവര്‍ മുക്കം എസ്.കെ പാര്‍ക്കില്‍ നടന്ന സ്വീകരണ ചടങ്ങില്‍ ഹമീദ് വാണിയമ്പലത്തില്‍ നിന്നും മെമ്പര്‍ഷിപ്പ് ഏറ്റുവാങ്ങി. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ നിന്നും മുന്നൂറ്റിഅമ്പതോളം പേര്‍ പുതുതായി വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. പാര്‍ട്ടി മണ്ഡലം വൈസ് പ്രസിഡന്റ് ശംസുദ്ദീന്‍ ചെറുവാടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുക്കം നഗരസഭാ കൗണ്‍സിലര്‍മാരായ ഗഫൂര്‍ മാസ്റ്റര്‍, സാറ കൂടാരം, ഫാത്തിമ, കാരശ്ശേരി ഗ്രാമ പഞ്ചായത്ത് അംഗം ഷാഹിന ടീച്ചര്‍, ടി.കെ അബൂബക്കര്‍, പാര്‍ട്ടി കാരശ്ശേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശംസുദ്ദീന്‍ ആനയാംകുന്ന്, കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജ്യോതി ബസു സംബന്ധിച്ചു. മണ്ഡലം സെക്രട്ടറി ഇ.കെ.കെ ബാവ സ്വാഗതവും സാലിഹ് കൊടപ്പന നന്ദിയും പറഞ്ഞു.
പുതുതായി വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം നല്‍കി
Tags: welfareparty