പ്ലസ് വൺ സീറ്റ്: മന്ത്രിമാരെ ജനകീയ വിചാരണ നടത്തി പ്രതിഷേധം

പാലക്കാട്:മലബാർ മണ്ണിൽ പ്ലസ് വണ്ണിന് പ്രവേശനം ലഭിക്കാതെ സമ്പൂർണ എ പ്ലസുകാരടക്കമുള്ള വിദ്യാർത്ഥികൾ പുറത്തു നിൽക്കവേ സീറ്റ് പ്രതിസന്ധിയുണ്ടെന്ന് സമ്മതിക്കേണ്ടി വന്നിട്ടും ശാശ്വത പരിഹാരത്തിനൊരുങ്ങാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി,ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റികൾ സംയുക്തമായി കലക്ടറേറ്റ് പടിക്കൽ മുഖ്യന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും പ്രതീകാത്മകമായി ജനകീയ വിചാരണ നടത്തി.മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും രക്ഷിതാക്കളും വിദ്യാർത്ഥികളും പ്രതീകാത്മകമായി കെട്ടിവലിച്ച്  കോട്ടമൈതാനത്തിന് മുന്നിൽ നിന്ന് പ്രകടനമായാണ് പരിപാടി ആരംഭിച്ചത്. കലക്ടറേറ്റ് പടിക്കൽ നടന്ന പ്രതിഷേധ സംഗമം ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി അമീൻ റിയാസ് ഉദ്ഘാടനം ചെയ്തു.സർക്കാർ നടത്തുന്ന കേവലമായ ആനുപാതിക സീറ്റ് വർധന നിലവിലെ പ്രതിസന്ധി പരിഹരിക്കാനുതകുന്നതല്ലെന്നും അത് ക്ലാസ് മുറികളിൽ വിദ്യാർത്ഥികളെ കുത്തിനിറച്ചും അധ്യാപക-വിദ്യാർത്ഥി അനുപാതത്തെ അട്ടിമറിച്ചും വിദ്യാഭ്യാസത്തിന്റെ ക്വാളിറ്റിയെ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വെൽഫെയർ പാർട്ടി ജില്ല വൈസ് പ്രസിഡന്റ് പി. ലുഖ്മാൻ അധ്യക്ഷത വഹിച്ചു.പുതിയ സ്ഥിരം ബാച്ചുകളും സ്ക്കൂളുകളും അനുവദിക്കുകയും ഹൈസ്ക്കൂളുകളെ ഹയർസെക്കൻഡറികളായി അപ്ഗ്രേഡ് ചെയ്യുന്നതിലൂടെയും മാത്രമേ സീറ്റ് ക്ഷാമത്തിന് ശാശ്വത പരിഹാരം കാണാനാവുകയുള്ളൂവെന്ന് മുഖ്യപ്രഭാഷണം നിർവഹിച്ചു കൊണ്ട് വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് പി.എസ് അബൂ ഫൈസൽ പറഞ്ഞു. സൈദ് ഇബ്രാഹീം, ആസിയ റസാഖ്, ബാബു തരൂർ , കെ.എം സാബിർ അഹ്സൻ, റഫീഖ് പുതുപ്പള്ളി തെരുവ് എന്നിവർ സംസാരിച്ചു.
Top