കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസ് 1945ലെ വിമാനാപകടത്തില്‍ മരിച്ചില്ലെന്നും 1964 വരെ ജീവിച്ചിരുന്നതായും സൂചന.സുഭാഷ് ചന്ദ്രബോസിന്‍െറ തിരോധാനത്തെ പറ്റിയുള്ള 64 രഹസ്യഫയലുകള്‍ പശ്ചിമബംഗാള്‍ പൊലീസ് പുറത്തുവിട്ടു. വിമാനാപകടവുമായി ബന്ധപ്പെട്ടുള്ള സൂചന യു.കെ, യു.എസ് രേഖകളില്‍ ഇല്ല എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ രേഖകളിലെ വിവരങ്ങള്‍ തിങ്കളാഴ്ച മുതല്‍ മാത്രമേ ലഭ്യമാവുകയുള്ളൂ. കൊല്‍ക്കത്ത പോലീസ് ആസ്ഥാനത്ത് ബോസിന്‍െറ ബന്ധുക്കള്‍ക്ക് രേഖകള്‍ കൈമാറുകയായിരുന്നു. ഫയലുകള്‍ മുഴുവന്‍ ഡിജിറ്റല്‍ രൂപത്തില്‍ ഡി.വി.ഡിയിലാക്കിയാണ് കൈമാറിയത്. യഥാര്‍ഥ ഫയലുകള്‍ പൊലീസ് മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. നേതാജിയുടെ സഹോദരിയുടെ മകന്‍െറ ഭാര്യയും ചടങ്ങിനെത്തി.അമേരിക്കന്‍, ബ്രിട്ടീഷ് രഹസ്യരേഖകളില്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടെന്ന സൂചനകളില്ലാത്തത് ശ്രദ്ധേയമാണ്.
സര്‍ക്കാരിന്റെയും പൊലീസിന്റെയും ലോക്കറുകളില്‍ വര്‍ഷങ്ങളായി സൂക്ഷിച്ചിട്ടുള്ള ഫയലുകളാണ് പരസ്യപ്പെടുത്തിയത്. ഫയലുകള്‍ ബോസിന്റെ കുടുംബത്തിന് കൈമാറി. 12744 പേജുകളുള്ള 64 ഫയലുകളാണ് ഡിജിറ്റലൈസ് ചെയത് സൂക്ഷിച്ചിരിക്കുന്നത്. ബോസ് കൊല്ലപ്പെട്ടതായി താന്‍ വിശ്വസിക്കുന്നില്ലെന്ന് മഹാത്മാ ഗാന്ധി പറഞ്ഞതായി 1997ല്‍ പുറത്തുവിട്ട രേഖകളിലുണ്ട്. തായ്വാനില് നേതാജി കൊല്ലപ്പെട്ടു എന്ന് പറയപ്പെടുന്ന വിമാനാപകടത്തിന് എട്ട് മാസങ്ങള്‍ക്ക് ശേഷമായിരുന്നു ഈ സംഭവം. ഗാന്ധിജിക്ക് ഇത് സംബന്ധിച്ച് വിവരം ലഭിച്ചിരുന്നുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിശ്വസിച്ചിരുന്നതായി 1946 ഏപ്രില്‍ എട്ടിലെ ഇന്റലിജന്‍സ് രേഖകള്‍ പറയുന്നു. താന്‍ റഷ്യയിലുണ്ടെന്നും ഇന്ത്യയിലെത്താന്‍ താല്‍പര്യപ്പെടുന്നതായും സൂചിപ്പിച്ച് ബോസ് നെഹ്രുവിന് കത്തെഴുതിയിരുന്നതായും ഇന്റലിജന്‍സ് രേഖകള്‍ വ്യക്തമാക്കുന്നു. ഇതേ സമയത്ത് തന്നെയാവാം ഗാന്ധിജി ബോസിന്റെ തിരോധാനം സംബന്ധിച്ച് ഇങ്ങനെയൊരു പരാമര്‍ശം നടത്തിയതെന്ന വിലയിരുത്തലുണ്ട്.
ഗാന്ധിജിക്ക് സുഭാഷ് ചന്ദ്ര ബോസിന്റെ തിരോധാനം സംബന്ധിച്ച് ചില കാര്യങ്ങള്‍ അറിയാമായിരുന്നുവെന്നാണ് ബന്ധുവായ ചന്ദ്ര ബോസിന്റെ അഭിപ്രായം. ബോസിന്റെ ശ്രാര്‍ദ്ധ ചടങ്ങുകള്‍ നടത്തുന്നതില്‍ നിന്ന് കുടുംബാംഗങ്ങളെ ഗാന്ധിജി വിലക്കിയിരുന്നു. ബോസിന്റെ തിരോധാനം സംബന്ധിച്ച തന്റെ നിലപാട് 1946ലെ ഹരിജന്‍ പത്രത്തില്‍ ഗാന്ധിജി വ്യക്തമാക്കിയിട്ടുണ്ടെന്ന് നേതാജിയുടെ മരുമകനായ ശിശിര്‍ ബോസിന്റെ ഭാര്യ കൃഷ്ണ ബോസ് പറയുന്നു.
കൊല്‍ക്കത്തയിലെ പൊലീസ് മ്യൂസിയത്തില്‍ തിങ്കളാഴ്ച മുതല്‍ ഫയലുകള്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കും. ഫയലുകള്‍ പുറത്തുവിട്ട ഈ ദിവസം ചരിത്ര ദിനമാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. ഇതിനിടെ നേതാജിയുടെ തിരോധാനം സംബന്ധിച്ച കൂടുതല്‍ രേഖകള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.