ലോകാവസനത്തിന് സമയമായോ? പാസ്റ്റര്‍മാരായ മാര്‍ക്ക് ബ്ലിറ്റ്‌സും ജോണ്‍ ഹാഗിയും ലോകവസാനം പ്രവചിക്കുകയാണ്. അതിനുള്ള തെളിവായി അവര്‍ കണ്ടെത്തിയത് 2014 ഏപ്രില്‍ 14ന്റെ പൂര്‍ണ ചന്ദ്രഗ്രഹണമാണ്. രക്തചന്ദ്രന്‍ (ബ്ബ്ലൂദ് മൂന്) എന്ന വാക്കാണ് അവര്‍ ഈ ചന്ദ്രഗ്രഹണത്തെ വിളിക്കാനുപയോഗിച്ചത്. 2015 സെപ്തംബര്‍ 28ന് തുടര്‍ച്ചയായ നാല് പൂര്‍ണ ചന്ദ്രഗ്രഹണങ്ങളുടെ പരമ്പരയിലെ അവസാന ഗ്രഹണമാണ്. ഇംഗ്ലീഷ് ബൈബിളില്‍ ജോയല്‍ പ്രവാചകന്റെ പുസ്തകത്തിലെ രണ്ടാമത്തെ അധ്യായത്തിലെ 31ാമത്തെ വാക്യമാണ് ചന്ദ്രഗ്രഹണത്തെ ലോകാവസാനവുമായി ബന്ധപ്പെടുത്തുന്നതിനായി പാസ്റ്റര്‍മാര്‍ തെരഞ്ഞെടുത്തത്. അതിങ്ങനെയാണ്. ‘സൂര്യന്‍ ഇരുണ്ടുപോകും. ചന്ദ്രന്‍ രക്തവര്‍ണമാകും. അത് ദൈവപുത്രത്തിന്റെ രണ്ടാമത്തെ ആഗമനത്തിന്റെ അടയാളമാണ്(ജോയല്‍ 2:31)’…
ബ്ലഡ്മൂണ്‍ ദൃശ്യമാകുന്ന സമയങ്ങളില്‍ ലോകത്തിന്റെ ചില ഭാഗങ്ങളില്‍ നേരിയ ഭൂചലനത്തിനു സാധ്യതയുണ്ടെന്ന് ശാസ്ത്രനിരീക്ഷകരുടെ മുന്നറിയിപ്പ്. പൂര്‍ണചന്ദ്രന്‍ പ്രത്യക്ഷപ്പെടുന്ന ദിവസങ്ങളില്‍ കടലിനെ സൂക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ട്. കടല്‍ ഉള്‍വലിയാനും തിരിച്ചു കരയിലേക്ക് അടിച്ചുകയറാനും സാധ്യതയുണ്ട്. 28ന് വെളുത്ത വാവിനോടനുബന്ധിച്ച് പൂര്‍ണചന്ദ്രന്‍ പ്രത്യക്ഷപ്പെടുന്നതിനാലാണിത്. ചന്ദ്രന്‍ ഭൂമിക്ക് ഏറ്റവും അരികില്‍ വരുന്ന സൂപ്പര്‍ മൂണ്‍ സമയത്ത് അസാധാരണ വേലിയേറ്റം സാധാരണയാണ്. എന്നാല്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഗവേഷകര്‍ അറിയിച്ചു.
ഈ സമയത്ത് പ്രകൃതിയില്‍ ചില ചലനങ്ങള്‍ കണ്ടെക്കാമെന്നും മുന്നറിയിപ്പുണ്ട്. ഭൂമിയില്‍ നിന്നു ചന്ദ്രനിലേക്കുള്ള ദൂരം 3.5 ലക്ഷം കിലോമീറ്ററായി കുറയുന്നതിനാല്‍ ഇത്തരം മാറ്റങ്ങള്‍ സാധാരണയാണെന്നും ശാസ്ത്രനിരീക്ഷകര്‍ പറയുന്നു.ഈ സമയത്ത് ഭൂമി ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ വലയത്തിലാകും. ഇതിനാല്‍ തന്നെ പൂര്‍ണചന്ദ്രദിനങ്ങളില്‍ ഭൂകമ്പങ്ങള്‍ വര്‍ധിക്കാറുണ്ടെന്നും കോഴിക്കോട്ടെ ശാസ്ത്രനിരീക്ഷകനായ ഡോ. രാജഗോപാല്‍ കമ്മത്ത് പറഞ്ഞു.
ഭൗമപാളികള്‍ തമ്മില്‍ യോജിക്കുന്ന പസഫിക് മേഖലയിലും ഇന്തോനീഷ്യയിലെ ജാവാ കടലിടുക്കുപോലുള്ള ഭ്രംശമേഖലകളിലുമായിരിക്കും ചലനം അനുഭവപ്പെടാന്‍ സാധ്യത. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും സൂപ്പര്‍മൂണിന്റെ ഫലമായി ചെറു ചലനങ്ങള്‍ക്കു സാധ്യതയൂണ്ട്. ഇന്തോനേഷ്യയോടു ചേര്‍ന്നു കിടക്കുന്ന ആന്‍ഡമാന്‍ ദ്വീപസമൂഹങ്ങളും സാധ്യതാമേഖലകളുടെ പട്ടികയിലുണ്ട്.ആകര്‍ഷണഫലമായി ഭൂമിയിലെ പാറക്കെട്ടുകളിലും ഭൗമപാളികളിലും വലിച്ചില്‍ അനുഭവപ്പെടാന്‍ ഇടയുണ്ട്. ഇത്തരം പ്രതിഭാസങ്ങളുടെ ഫലമായുള്ള ചെറു ഭൂചലനങ്ങള്‍ പിന്നീട് വന്‍ ഭൂകമ്പങ്ങളിലേക്കു നയിക്കുന്നതായി അടുത്ത കാലത്ത് ചില പഠനങ്ങളില്‍ തെളിഞ്ഞിരുന്നുവെന്ന് നേച്ചര്‍ കമ്മ്യൂണിക്കേഷനില്‍ പ്രസിദ്ധീകരിച്ച ഗവേഷണഫലങ്ങളില്‍ കാണുന്നു.
ചന്ദ്രന്റെയും സൂര്യന്റെയും ആകര്‍ഷണം ഒരുമിച്ച് അനുഭവപ്പെടുമ്പോള്‍ ഭൂചലനസാധ്യത ഏറുന്നതായി ഗ്രീസിലെ ഹെലനിക് ആര്‍ക്കില്‍ നടത്തിയ പഠനത്തിലും തെളിഞ്ഞു. ചന്ദ്രന്‍ ഭൂമിയോട് അടുത്തുവരുന്ന സൂപ്പര്‍മൂണ്‍ സമയത്ത് ആകര്‍ഷണ ശക്തിമൂലം ഭൗമപാളികള്‍ ഒന്നിനടിയില്‍ മറ്റൊന്നായി തെന്നിക്കയറുന്നതായി അടുത്ത കാലത്തുണ്ടായ ജപ്പാന്‍ ഭൂചലനത്തില്‍ തെളിഞ്ഞു. വടക്കെ അമേരിക്കന്‍ പാളികളിലുണ്ടായ നിരക്കവും തെന്നലുമാണ് ഈ ഭൂകമ്പത്തിനു പെട്ടെന്നു പ്രേരകമായത്.ചന്ദ്രഗ്രഹണവും സൂപ്പര്‍മൂണും ഒരേ സമയം അനുഭവപ്പെടുന്ന സമയത്ത് സൂര്യനിലെ ചെറിയ കളങ്കങ്ങള്‍ പൊട്ടിത്തെറിക്കകൂടി ചെയ്താല്‍ (സോളാര്‍ ഫ്ലെയര്‍) ഭൂമിയില്‍ പലതും സംഭവിക്കും. സൂര്യനില്‍ നിന്നുള്ള കാന്തികക്കാറ്റുകള്‍ അന്തരീക്ഷത്തിലെ പ്ലാസ്മയെ ദശലക്ഷക്കണക്കിനു കെല്‍വിന്‍ ഡ്രിഗ്രിയിലേക്കു അത്യന്തം ചൂടുപിടിപ്പിച്ച് ഇലക്ട്രോണുകളെയും പ്രോട്ടോണുകളെയും ഘന അയോണുകളെയും പ്രകാശ വേഗത്തിലേക്ക് പ്രചോദിപ്പിക്കുന്നതിന് ഇടയാക്കും. ഈ സാഹചര്യത്തില്‍ ഭൂകമ്പ സാധ്യതയും വര്‍ധിച്ചിരിക്കും. 2004 ഡിസംബര്‍ 26 ലെ സുമാട്രാ ഭൂചലനവും അടുത്ത കാലത്തുണ്ടായ ജപ്പാന്‍ ഭൂചലനവും സൂര്യനിലെ സൗരകളങ്കങ്ങളില്‍ നിന്നുള്ള പൊട്ടിത്തെറിയെ തുടര്‍ന്നുണ്ടായതാണെന്നു തെളിഞ്ഞിട്ടുണ്ട്.
ഭൂമിയുടെ അന്തര്‍ഭാഗം തിളച്ചു മറിഞ്ഞ് ദ്രാവകാവസ്ഥയിലായതിനാല്‍ ചന്ദ്രന്‍ അടുത്തുവരുന്നത് ഭൗമോപരിതലത്തെയും ഭൗമപാളികളെയും ബാധിക്കും. ഇതു ഭൂചലനത്തിനു പുറമെ തിരമാലകളുടെ ശക്തി വര്‍ധിക്കുന്നതിനും ഇടയാക്കും. 2011 മാര്‍ച്ചിലെ സൂപ്പര്‍മൂണ്‍ സമയത്ത് പസഫിക്കിലെ ഭൗമപാളികള്‍ അസ്ഥിരമായതിനെ തുടര്‍ന്നു ഫിലിപ്പീന്‍സില്‍ ഭൂചലനമുണ്ടായി. ലോകത്തുണ്ടായ ശക്തിയേറിയ ആറ് പ്രധാന ഭൂകമ്പങ്ങള്‍ക്ക് പൂര്‍ണചന്ദ്രനുമായി ബന്ധമുണ്ടെന്നു തെളിഞ്ഞിട്ടുണ്ട്.
പാക്കിസ്ഥാന്‍ (2011), ചിലി (2010), സുമാട്രാ (2004), ലത്തൂര്‍ (1993), ഉത്തരകാശി (1991), അലാസ്കാ (1964), സുമാട്രാ (1833)– ഇവയെല്ലാം പൂര്‍ണചന്ദ്രദിനത്തിലോ അതിന് ഒന്നോ രണ്ടോ ദിവസം മുമ്പോ പിന്നീടോ ആണ് ഉണ്ടായത്. കണ്ണൂരില്‍ 2003 ല്‍ അനുഭവപ്പെട്ട ഭൂചലനവും പൂര്‍ണചന്ദ്രദിനത്തോടനുബന്ധിച്ചായിരുന്നു. 2000 ഡിസംബര്‍ 12 ന് റിക്ടര്‍ സ്കെയിലില്‍ 4.7 രേഖപ്പെടുത്തിയ ഈരാറ്റുപേട്ട ഭൂചലനം അനുഭവപ്പെട്ടതും പൂര്‍ണചന്ദ്ര ദിനത്തോടനുബന്ധിച്ചായിരുന്നു.