ചെകുത്താന്മാരാണ് ഈ കുറ്റവാളികള്‍; റേപ്പ് കേസുകളിലെ 100 പ്രതികളോട് ഉത്തരം തേടിയപ്പോൾ

ബലാത്സംഗക്കേസുകളില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ച 100 പേരോട് സംസാരിച്ചാല്‍ എന്ത് സംഭവിക്കും? സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതിന് പിന്നിലുള്ള പുരുഷന്മാരുടെ മനോഭാവത്തെ പറ്റി അറിയാന്‍ സാധിക്കുമോ എന്ന പരീക്ഷമാണ് ബലാത്സംഗ കേസുകളിലെ പ്രതികളെ അഭിമുഖം നടത്തുന്നതിന് മധുമിത പാണ്ഡ്യേയെ പ്രേരിപ്പിച്ചത്. യുകെ എഞ്ച്ലിയ റസ്കിന്‍ സര്‍വകലാശാലയിലെ ക്രിമിനോളജി വിഭാഗത്തിലെ വിദ്യാര്‍ത്ഥിയായ മധുമിത തന്റെ ഗവേഷണം പൂര്‍ത്തീകരിക്കാനാണ് തീഹാര്‍ ജയിലിലെത്തി പ്രതികളെ കാണുന്നത്. ഗവേഷണത്തിന് ഒടുവിലെ തന്റെ അനുഭവങ്ങള്‍ വാഷിങ്ടണ്‍ പോസ്റ്റിനോട് മധുമിത പങ്ക് വെച്ചു.

അതിക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിര്‍ഭയയുടെ ദുരനുഭവം മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുമ്പോഴാണ് ഇങ്ങനെ ഒരു ആശയം മധുമിതയ്ക്ക് തോന്നിയത്. നിര്‍ഭയയുടെ മരണത്തിന് പിന്നാലെ രാജ്യത്തെ ലക്ഷക്കണക്കിന് പേര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. സ്ത്രീകള്‍ക്ക് ജീവിക്കാന്‍ ഏറ്റവും അനുയോജ്യമല്ലാത്ത രാജ്യമായി ജി20 രാജ്യങ്ങളുടെ ഇടയില്‍ ഇന്ത്യ മാറി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2013ല്‍ ഗവേഷണത്തിനുള്ള ഒരുക്കങ്ങളിലായിരുന്നു മധുമിത. രാജ്യമെമ്പാടും പ്രക്ഷോഭം കത്തിപടരുമ്പോഴും ലോകത്തിന്റെ മറ്റൊരു ഭാഗത്തിരുന്ന് എല്ലാ സ്ത്രീകളും ചിന്തിക്കുന്നത് പോലെ തന്നെ മധുമിതയും ചിന്തിച്ചു. മനുഷ്യര്‍ക്ക് സാധിക്കാത്തത് എന്ന് പോലും തോന്നുന്ന ഹീനമായ പ്രവര്‍ത്തി ചെയ്യാന്‍ ഈ കുറ്റവാളികള്‍ക്ക് എങ്ങനെ പറ്റുന്നു എന്നായിരുന്നു മധുമതിയുടെ ചോദ്യം.

22 വയസിലാണ് മധുമിത പാണ്ഡ്യേ ആദ്യമായി തീഹാര്‍ ജയിലിലേക്ക് പോകുന്നത്. ബലാത്സംഗ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരെ അഭിമുഖം ചെയ്യുകയായിരുന്നു ലക്ഷ്യം. മൂന്ന് വര്‍ഷം കൊണ്ട് നൂറിലധികം പ്രതികളെ അഭിമുഖം ചെയ്തിട്ടുണ്ട്. ലോകത്തെ ഏറ്റവും മികച്ച സര്‍വകലാശാലകളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയവര്‍ മുതല്‍ തീരെ വിദ്യാഭ്യാസമില്ലാത്തവരെ വരെ മധുമിത അഭിമുഖം ചെയ്തു.

അസാധാരണക്കാരല്ല ഈ കുറ്റവാളികള്‍ എന്ന് മധുമിത പറയുന്നു. സാധാരണക്കാര്‍ തന്നെയാണ്. പക്ഷെ ചെകുത്താന്മാരാണ് ഈ കുറ്റവാളികള്‍. എന്താണോ അവര്‍ ചെയ്ത്കൂട്ടിയത്, അതൊക്കെ ഒരുപാട് ചിന്തിക്കാനുള്ള വകയ്ക്കുണ്ടെന്നും മധുമിത പറയുന്നു. സാധാരണ വീടുകളില്‍ കേട്ട് വരുന്ന സ്ത്രീവിരുദ്ധ കാര്യങ്ങള്‍ തന്നെയാണ് അഭിമുഖം ചെയ്ത് ബലാത്സംഗികളില്‍ ചിലര്‍ ആവര്‍ത്തിക്കുന്നതെന്നും മധുമിത ചൂണ്ടിക്കാണിക്കുന്നു.

സ്ത്രീയെ പീഡിപ്പിച്ച കുറ്റത്തിനാണ് ഇവര്‍ ശിക്ഷിക്കപ്പെട്ടത് എന്ന് പോലും മറന്നു പോകുന്ന തരത്തില്‍ തന്റെ ഭാഗം വിശദീകരിക്കാനുള്ള സാമര്‍ത്ഥ്യം പുരുഷന്മാര്‍ക്കുണ്ട്. ഇവരെ കുറ്റക്കാരായി കാണുന്നതില്‍ നമുക്ക് തന്നെ സങ്കടം തോന്നുന്ന രീതിയിലാണ് ഇവര്‍ സംസാരിക്കുന്നത്. എന്തിനാണ് ബലാത്സംഗം ചെയ്തത് എന്ന് പോലും ഇവര്‍ക്ക് അറിയില്ല. എന്താണ് ‘സമ്മതം, അനുമതി’ ഇതൊന്നും അവര്‍ക്ക് അറിയില്ല. കുറ്റക്കാരായി ജയിലില്‍ കഴിയുന്ന പുരുഷന്മാര്‍ മാത്രമാണോ ഇങ്ങനെ എന്ന് തോന്നി പോകും. – മധുമിത വ്യക്തമാക്കുന്നു.

ബലാത്സംഗം ചെയ്തെന്ന് പോലും സമ്മതിക്കാന്‍ ഇവര്‍ തയാറാല്ല. മൂന്നോ നാലോ മണിക്കൂര്‍ നേരത്തേക്ക് മാത്രമാണ് പശ്ചാത്താപം. പിന്നെ സ്വയം ന്യായീകരിക്കാനോ, തെറ്റല്ലെന്ന് വരുത്തി തീര്‍ക്കാനോ, കുറ്റം ഇരയുടെ തലയില്‍ കെട്ടി വെയ്ക്കാനുള്ള മാര്‍ഗമോ തേടും. അഞ്ച് വയസുള്ള കുട്ടിയെ പീഡിപ്പിച്ചയാളുമായുള്ള അഭിമുഖം മധുമതി ഇത് ഉദാഹരിക്കാനായി ചൂണ്ടിക്കാണിക്കുന്നു.

തെറ്റ് മനസിലായെന്നും അതില്‍ പശ്ചാത്തപമുണ്ടെന്നും അയാള്‍ പറയുന്നു. താന്‍ അവളുടെ ജീവിതെ നശിപ്പിച്ചു. അവളെ ആരും വിവാഹം കഴിക്കില്ല, അത് കൊണ്ട് ജയിലില്‍ നിന്നും പുറത്ത് എത്തുമ്പോള്‍ ആ കുട്ടിയെ താന്‍ വിവാഹം കഴിക്കാമെന്നാണ് അയാള്‍ പറയുന്നത്. തന്നെ ഞെട്ടിച്ച ഈ പ്രതികരണത്തിന് ശേഷം, ആ അഞ്ച് വയസുകാരിയെ കാണാന്‍ മധുമിത പോയി. പീഡിപ്പിച്ചയാള്‍ ജയിലിലാണെന്ന് പോലും ഇത് വരെയും മാതാപിതാക്കള്‍ കുട്ടിയെ അറിയിച്ചിട്ടില്ല.

ഇന്ത്യയിലെ ഭൂരിപക്ഷം വീടുകളിലും ഇന്നും സ്ത്രീകള്‍ അവരുടെ ഭര്‍ത്താക്കന്മാരുടെ പേര് പോലും പറയാന്‍ മടിക്കുന്നു. ഇത് ശരിയാണോ എന്ന് ഉറപ്പിക്കാനായി ഞാന്‍ എന്റെ സുഹൃത്തുക്കളെ വിളിച്ച് അവരുടെ അമ്മ, ഭര്‍ത്താവിനെ അഭിസംബോധന ചെയ്യുന്നത് എങ്ങനെയാണെന്ന് അന്വേഷിച്ചു. ‘കുട്ടികളുടെ അച്ഛനെന്നോ’, ‘കേള്‍ക്കൂ’ എന്നെക്കൊയാണ് ഭര്‍ത്താവിനെ അഭിസംബോധന ചെയ്യുന്നത്. മധുമിത പാണ്ഡ്യ

പുരുഷത്വത്തെ പറ്റിയുള്ള തെറ്റായ ധാരണ പുരുഷന്മാര്‍ വെച്ച് പുലര്‍ത്തുമ്പോള്‍, ഒതുങ്ങി നില്‍ക്കാനാണ് സ്ത്രീകളെ പഠിപ്പിക്കുന്നത്. എല്ലാ കുടുംബങ്ങളുടെയും അവസ്ഥ ഇത് തന്നെ. എന്തോ തകരാറുള്ളത് പോലെയാണ് എല്ലാവരും ബലാത്സംഗികളെ കാണുന്നത്. പക്ഷെ അവരും ഈ സമൂഹത്തിന്റെ ഭാഗമാണ്, അന്യഗ്രഹ ജീവികളല്ല- മധുമിത പറയുന്നു. ചെറുപ്പക്കാരെ വഴി തെറ്റിക്കുമെന്ന് ആരോപിച്ച് ലൈംഗിക പഠനം സിലബസിന്റെ ഭാഗമാക്കാന്‍ പോലും ഭരണാധികള്‍ തയാറാല്ല. ലൈംഗികാവയവങ്ങളുടെ പേരോ, ലൈംഗികത, എന്നോ ബലാത്സംഗം എന്ന് പോലും പറയാന്‍ മാതാപിതാക്കള്‍ മടിക്കും. ഇത് മറികടക്കാനായില്ലെങ്കില്‍ പിന്നെ എങ്ങനെ ആണ്‍കുട്ടികളെ പഠിപ്പിക്കും.

തന്റെ ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാനുള്ള ഒരുക്കത്തിലാണ് മധുമിത. പക്ഷെ അതും അത്ര എളുപ്പമല്ല. പുരുഷന്മാരുടെ ചിന്തകളെ തെറ്റായി വ്യാഖ്യാനിക്കാന്‍ മറ്റൊരു സ്‌ത്രീസ്വാതന്ത്ര്യവാദിയെന്നാണ് ആളുകള്‍ കാണുന്നതെന്നും മധുമിത പറയുന്നു. അങ്ങനെയുള്ള സമൂഹത്തില്‍ എവിടെ നിന്ന് തുടങ്ങുമെന്നതാണ് മധുമിതയ്ക്ക് ഉത്തരം കിട്ടാത്ത ചോദ്യം.

Top